13 കി.മീ അകലെയുള്ള വീട്ടിലേക്ക് കോവിഡ് ആശുപത്രിയിലെ ഡോക്ടർ മടങ്ങിയത് അഞ്ച് മാസത്തിന് ശേഷം
text_fieldsന്യൂഡൽഹി: 'പപ്പ എപ്പോഴാണ് വീട്ടിലേക്ക് വരുന്നത്?' പാതിരാത്രിയിൽ അൽപസമയം സംസാരിക്കാൻ സമയം കിട്ടുമ്പോൾ ഡോ. അജിത് ജെയിനോട് മകൾ ചോദിക്കും. ഉടൻ തന്നെ വീട്ടിലെത്താമെന്ന് പറഞ്ഞ് അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കും. വെറും 13 കിലോമീറ്റർ കാർ ഓടിച്ചാൽ അദ്ദേഹത്തിന് വീട്ടിലെത്താവുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാൽ, ഡൽഹിയിലെ രാജീവ് ഗാന്ധി സൂപർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് നോഡൽ ഓഫിസറായ ഡോ. അജിത് ജെയിൻ കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയത് നീണ്ട അഞ്ച് മാസത്തിന് ശേഷമാണ്.
മാർച്ച് 17നാണ് ഡോക്ടർ വീട്ടിൽ നിന്ന് അവസാനമായി പുറപ്പെട്ടത്. കോവിഡ് മഹാമാരി അതിന്‍റെ പ്രാരംഭഘട്ടത്തിലായിരുന്നു രാജ്യത്ത്. പിന്നീട്, വീട്ടിലേക്ക് തിരികെ പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കോവിഡ് ബാധിതർക്ക് സേവനം നൽകുന്നത് മാത്രമായിരുന്നില്ല, കുടുംബാംഗങ്ങളുടെ സുരക്ഷകൂടി പരിഗണിച്ചാണ് താൻ വീട്ടിലേക്ക് മടങ്ങേണ്ടതില്ലെന്ന തീരുമാനമെടുത്തതെന്ന് ഡോക്ടർ പറയുന്നു.
വീട്ടിലെത്തിയ ഡോ. ജെയിനെ ആരതിയുഴിഞ്ഞാണ് ഭാര്യ സ്വീകരിച്ചത്. അദ്ദേഹത്തിന്‍റെ രണ്ട് പെൺമക്കളും ഓടിയെത്തി കെട്ടിപ്പുണർന്നു. കേക്ക് മുറിക്കുകയും കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് മാസങ്ങൾക്ക് ശേഷം ഭക്ഷണം കഴിക്കുകയും ചെയ്തു.
കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ അതിന്‍റെ അപകടാവസ്ഥ മനസിലാക്കിയിരുന്നുവെന്ന് ഡോ. അജിത് ജെയിൻ പറഞ്ഞു. തുടക്കത്തിൽ, വീട്ടുകാരുടെ സുരക്ഷ മുൻനിർത്തിയാണ് തിരികെ വരാതിരുന്നത്. അച്ഛനും അമ്മക്കും 75 വയസിലേറെയാണ് പ്രായം. അവരുടെ ജീവനെ പ്രതിസന്ധിയിലാക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു.
രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചതോടെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കാൻ പോലും സമയം കിട്ടാതായെന്ന് 52കാരനായ ഡോക്ടർ പറയുന്നു. ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനായിരുന്നു മുഖ്യ പരിഗണന. വീട്ടുകാരോട് സംസാരിക്കാൻ രാത്രി രണ്ട് മണി ആകുമായിരുന്നു. അവരും ഉറങ്ങാതെ കാത്തിരുന്നു.
പിതാവിന്‍റെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടായിരുന്നതായി മകൾ ആരുഷി ജെയിൻ പറഞ്ഞു. ഇറ്റലിയിലും യു.എസിലും സംഭവിക്കുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്ക് ആശങ്കയായിരുന്നു. ഒരുപാട് ഡോക്ടർമാർ മരണമടഞ്ഞതായ വാർത്തകൾ ഞങ്ങൾ കേട്ടു. അഞ്ച് മിനിറ്റ് നേരം പപ്പയോട് സംസാരിക്കാൻ രണ്ട് മണി വരെ ഞങ്ങൾ ഉറങ്ങാതിരുന്നു -അവർ പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്ക് താമസിക്കാൻ ലീല ഹോട്ടലിൽ സൗകര്യം ഒരുക്കിയിരുന്നെങ്കിലും എത്രയോ രാത്രികൾ ഡോ. അജിത് ജെയിൻ ഉറങ്ങിയത് ആശുപത്രിയിൽ തന്നെയാണ്. ഏതുസമയത്തും സന്നദ്ധനായിരിക്കേണ്ടി വന്നതിനാൽ ആദ്യത്തെ മൂന്ന് മാസം തുടർച്ചയായ 15 മിനിറ്റ് പോലും ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്ന് ഡോക്ടർ പറയുന്നു. എല്ലാ രോഗികൾക്കും ഡോക്ടർ സ്വന്തം മൊബൈൽ നമ്പർ നൽകിയിരുന്നു. എല്ലാവരും നിരന്തരം അദ്ദേഹത്തെ വിളിച്ചുകൊണ്ടിരുന്നു. രോഗികളുമായി സംസാരിച്ച് അവരുടെ സമ്മർദം കുറക്കാൻ കഴിഞ്ഞു. ഇതിനായി പ്രത്യേക സംഘത്തെ തന്നെ അദ്ദേഹം രൂപീകരിച്ചിരുന്നു. 1500ലേറെ രോഗികളുള്ള വാട്സാപ്പ് ഗ്രൂപ്പും ഡോക്ടർക്കുണ്ട്.
എല്ലാവർക്കും തന്നെ വിളിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിരുന്നെന്ന് ഡോ. ജെയിൻ പറയുന്നു. ആളുകൾ ചിലപ്പോൾ നമ്മളെ അനുഗ്രഹിക്കും. ചിലപ്പോൾ മോശം വാക്കുകൾ പറയും. ഞാൻ എന്‍റെ ജോലി കൃത്യമായി ചെയ്യുന്നതിനാണ് ശ്രദ്ധ നൽകിയത് -അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ കനത്ത നാശമുണ്ടായത് ഡൽഹിയിലായിരുന്നു. 1,88,193 പേർക്കാണ് ഡൽഹിയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചത്. 1,63,785 പേർ രോഗമുക്തി നേടിയപ്പോൾ നിലവിൽ ചികിത്സയിലുള്ളത് 19,870 പേരാണ്. 4538 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.