ഒമിക്രോൺ: വീട്ടുനിരീക്ഷണത്തിന് പുതിയ മാർഗനിർദേശം പുറത്തിറക്കി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനിടെ വീട്ടുനിരീക്ഷണത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. കോവിഡ് സ്ഥിരീകരിച്ചാൽ ഏഴ് ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണം. പോസ്റ്റീവായത് മുതൽ ഏഴ് ദിവസമാണ് വീട്ടിലെ ക്വാറന്‍റീൻ. പിന്നീട് തുടർച്ചയായ മൂന്ന് ദിവസം പനിയില്ലെങ്കിൽ വീട്ടുനിരീക്ഷണം അവസാനിപ്പിക്കാം. ഹോം ഐസോലേഷൻ അവസാനിപ്പിക്കുന്ന സമയത്ത് വീണ്ടും കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല.
കോവിഡ് ബാധിച്ച് ലക്ഷണങ്ങളൊന്നും ഇല്ലാത്തവർക്കാണ് വീട്ടുനിരീക്ഷണത്തിൽ കഴിയാൻ സാധിക്കുക. ഇവരുടെ രക്തിലെ ഓക്സിജന്‍റെ അളവ് 93 ശതമാനമോ അതിലധികമോ വേണമെന്നും നിബന്ധനയുണ്ട്. മറ്റ് അസുഖങ്ങളുള്ള വയോധികർക്ക് കർശന പരിശോധനകൾക്ക് ശേഷം മാത്രമേ വീട്ടുനിരീക്ഷണം അനുവദിക്കാവു.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നതോടെയാണ് വീട്ടുനിരീക്ഷണത്തിന് കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. 24 മണിക്കൂറിനിടെ 58,097 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ വർഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
കഴിഞ്ഞ ദിവസം 534 പേർ മഹാമാരി ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482,551 ആയി. ഇന്ത്യയിൽ ഇതുവരെ 3.502 കോടി പേർക്കാണ് കോവിഡ് ബാധിച്ചത്. പ്രതിദിന രോഗബാധ 4.18 ശതമാനമായി ഉയർന്നു.
രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 2135 ആയി ഉയർന്നു. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്. കഴിഞ്ഞ ദിവസം 15,389 പേർ രോഗമുക്തി നേടി. ഇതുവരെ 3,43,21,803 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായത്. മൂന്നാം തരംഗത്തെ തുടർന്ന് ഡൽഹിയും കർണാടകയും വാരാന്ത്യ കർഫ്യൂ ഏർപെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.