മണിപ്പൂർ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവെക്കണം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: മണിപ്പൂർ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ്. ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെട്ടെന്നും ഇതിന് ആഭ്യന്തരമന്ത്രി നേരിട്ട് ഉത്തരവാദിയാണെന്നും രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഈ മാസം നടക്കുന്ന പാർലമെന്‍റ് സമ്മേളനത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
“2023 മെയ് മൂന്ന് മുതൽ മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ പ്രധാനമന്ത്രി മോദി ലോകത്തിലെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു. പ്രസംഗങ്ങൾ നടത്തി, പക്ഷേ മണിപ്പൂർ സന്ദർശിക്കാൻ സമയം കണ്ടെത്തിയില്ല. അതിനാൽ, പാർലമെന്‍റ് സമ്മേളനത്തിന് മുമ്പ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാനും രാഷ്ട്രീയ പാർട്ടികൾ, രാഷ്ട്രീയക്കാർ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ എന്നിവരെ കാണാനും സമയം കണ്ടെത്തണമെന്നാണ് ഞങ്ങളുടെ ആദ്യത്തെ ആവശ്യം” -ജയറാം രമേശ് പറഞ്ഞു.
പ്രധാനമന്ത്രി മണിപ്പൂരിൽ നിന്നുള്ള സർവകക്ഷി സംഘത്തെ കാണണമെന്നും ദേശീയ തലത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൺ സിങ്ങിന്‍റെ പരാജയങ്ങൾ ആഭ്യന്തരമന്ത്രി മനസ്സിലാക്കാത്തതെന്നും എന്തുകൊണ്ടാണ് അദ്ദേഹം അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
2022ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 60ൽ 32 സീറ്റും ലഭിച്ചു. 15 മാസത്തിനുള്ളിൽ മണിപ്പൂർ കത്തിയെരിയാൻ തുടങ്ങി. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാനവും കേന്ദ്രസർക്കാറും നിയന്ത്രണം വിട്ട് അക്രമത്തിന് വഴങ്ങുകയാണെന്ന് ജയറാം രമേശ് പറഞ്ഞു.
മണിപ്പൂരിന്‍റെ വേദന രാജ്യത്തിന്‍റെ വേദനയാണ്. 300ലധികം ആളുകൾ മരിക്കുകയും 60000-ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തു. ഇരട്ട എൻജിൻ സർക്കാറിന്‍റെ സമ്പൂർണ പരാജയത്തിന്‍റെ കഥയാണ് മണിരപ്പൂരെന്നും അദ്ദേഹം ആരോപിച്ചു.
സമ്പൂർണ അരാജകത്വമാണ് നിലനിൽക്കുന്നതെന്നും മണിപ്പൂർ മുഖ്യമന്ത്രിയായി തുടരാൻ ബിരേൻ സിങ്ങിന് അവകാശമില്ലെന്നും മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെ. മേഘചന്ദ്ര സിങ് ആരോപിച്ചു. മണിപ്പൂരിൽ സമാധാനം ഉറപ്പാക്കാൻ കഴിയാത്തവർക്ക് സംസ്ഥാനം ഭരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.