അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ അപകടം -വിഡിയോ
text_fieldsപട്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. ബീഹാറിലെ ബെഗുസാരയിൽ തിങ്കളാഴ്ചയാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു അമിത് ഷാ.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പറന്നുയരാൻ ശ്രമിച്ച ഹെലികോപ്റ്റർ വലതുവശത്തേക്ക് തിരിഞ്ഞ് ആടി ഉലയുന്നതും ഉയരാൻ കഴിയാതെ അൽപനേരം ആശങ്ക സൃഷ്ടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ പെട്ടെന്ന് തന്നെ നിയന്ത്രണം വീണ്ടെടുത്ത ഹെലികോപ്റ്റർ പറന്നുയർന്ന് പോകുന്നുമുണ്ട് ദൃശ്യങ്ങളിൽ.
അതേസമയം, ബെഗുസരായിലെ പൊതുയോഗത്തിൽ കശ്മീർ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷമായ പ്രതികരണവും അമിത് ഷാ നടത്തി.
"കോൺഗ്രസും ലാലുവും 70 വർഷമായി തങ്ങളുടെ അവിഹിത സന്തതിയെ പോലെയാണ് ആർട്ടിക്കിൾ 370 നെ പരിപാലിക്കുന്നത്. പ്രധാനമന്ത്രി മോദി രണ്ടാം തവണ വന്നപ്പോൾ ഈ ആർട്ടിക്കിൾ റദ്ദാക്കി . ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞാൽ കശ്മീരിൽ ചോരപ്പുഴയൊഴുകുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞു. പക്ഷേ, അഞ്ച് വർഷമായി ഒരു കല്ല് പോലും ആരും എറിഞ്ഞിട്ടില്ല. ”അമിത് ഷാ പറഞ്ഞു.
ഏഴ് ഘട്ടമായാണ് ബിഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി ചേർന്ന് 17 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.