രാജ്യസഭയിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭ തടസ്സപ്പെടുത്തിയതിനാൽ നിരവധി തവണ നിർത്തിവെച്ചു.
അതേസമയം ഭൂരിപക്ഷം എം.പിമാരും സസ്പെൻഷനിലായതോടെ ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുഖ്യകവാടത്തിൽ ശക്തമാക്കി. ഉച്ചയോടെ ലോക്സഭയിൽനിന്ന് പുതുതായി സസ്പെൻഡ് ചെയ്യപ്പെട്ട 49 പേർ കൂടി കവാടത്തിലെ പ്രതിപക്ഷ സമരത്തിൽ അണിചേർന്നു.
രാജ്യസഭയിൽ കോൺഗ്രസ് നേതാക്കളായ ദിഗ്വിജയ് സിങ്, ദീപേന്ദ്ര ഹൂഡ, ഡി.എം.കെ കക്ഷി നേതാവ് തിരുച്ചി ശിവ, സി.പി.എം കക്ഷി നേതാവ് എളമരം കരീം എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി നടപടികൾ സ്തംഭിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ ചിത്രമുള്ള പോസ്റ്ററുമായാണ് ദിഗ്വിജയ് സിങ് സഭയിലേക്ക് വന്നതെങ്കിലും തലേ ദിവസത്തേതുപോലെ ചെയർമാൻ സസ്പെൻഷൻ നടപടികളിലേക്ക് കടന്നില്ല.
രാവിലെ ഇരുസഭകളും ചേരുന്നതിനുമുമ്പേ, സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാർ പ്രവേശന കവാടത്തിൽ പ്രതിഷേധം തുടങ്ങിയിരുന്നു. പാർലമെന്റ് അതിക്രമത്തിൽ അന്വേഷണം മുന്നോട്ടുപോകുമ്പോൾ തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നതാണ് സർക്കാറിനും പ്രതിപക്ഷത്തിനുമിടയിൽ സമവായം അസാധ്യമാക്കിയത്.
പൊലീസ് അമിത് ഷായുടെ കീഴിലാണെന്നും അതുകൊണ്ട് അദ്ദേഹം പ്രസ്താവന നടത്താൻ ബാധ്യസ്ഥനാണെന്നും സസ്പെൻഡ് ചെയ്യപ്പെട്ട മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ഗൗരവമേറിയ വിഷയത്തിൽ ചർച്ച ചെയ്യാനാവശ്യപ്പെട്ടതാണോ സസ്പെൻഷനിലായവർ ചെയ്ത തെറ്റെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചോദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.