ആൾക്കൂട്ടക്കൊലകൾ തടയണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലെ കുട്ടിക്കടത്ത് കിംവദന്തികളെ തുടർന്നുള്ള ആൾക്കൂട്ടക്കൊലകൾ തടയാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കുട്ടികളെ കടത്തുന്നുവെന്ന സംശയത്തിൽ രണ്ട് മാസത്തിനിടെ 20ലധികം പേരാണ് ആൾക്കൂട്ട ആക്രമണത്തിൽ രാജ്യത്ത് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ദുലെ ജില്ലയിൽ അഞ്ചുപേർ കൊല്ലപ്പെട്ടതാണ് ഒടുവിലെ സംഭവം. കുട്ടികളെ കടത്തുന്നതായുള്ള കിംവദന്തികൾ നേരത്തേ കണ്ടെത്താൻ നിരീക്ഷണം ഏർപ്പെടുത്തണമെന്നും ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ ഫലപ്രദ നടപടിക്ക് തുടക്കമിടണമെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
പ്രശ്നസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനും, ജനങ്ങളെ ബോധവത്കരിക്കാനും അവരിൽ ആത്മവിശ്വാസമുണ്ടാക്കാനും പദ്ധതി ആവിഷ്കരിക്കാൻ ജില്ല ഭരണകൂടങ്ങൾക്ക് നിർദേശം നൽകാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കാൻ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ പോലുള്ള പരാതികളിൽ ശരിയായി അന്വേഷണം നടത്തണം. ത്രിപുരയിലും അസമിലും അടുത്തിടെ കുട്ടിക്കടത്തുകാരെന്ന് സംശയിച്ച് രണ്ടുപേരെ വീതം ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. തിരക്കുള്ള റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച കുട്ടിയെ തടഞ്ഞ രണ്ട് മെട്രോ റെയിൽ തൊഴിലാളികളെ ചെന്നൈയിൽ ജനക്കൂട്ടം കഴിഞ്ഞയാഴ്ച അക്രമിച്ചിരുന്നു. പൊലീസാണ് ഇവരെ രക്ഷപ്പെടുത്തിയത്.
വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ നടപടി എടുക്കാൻ വാട്സ്ആപ് അധികൃതരോടും കഴിഞ്ഞദിവസം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.
സൈബർ കുറ്റം നിരീക്ഷിക്കാൻ ആഭ്യന്തരമന്ത്രാലയ സമിതി
ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ, സമൂഹമാധ്യമ ദുരുപയോഗം എന്നിവ നിരീക്ഷിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ജോയൻറ് സെക്രട്ടറിക്കു കീഴിൽ പ്രത്യേക സമിതി രൂപവത്കരിക്കുന്നു.ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമായേക്കാവുന്ന സൈബർ ഉള്ളടക്കങ്ങൾ ഇൗ സമിതി പരിശോധിക്കും. അവ തടയുന്നതിന് ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസുമായുള്ള ഏകോപനത്തിന് നടപടി സ്വീകരിക്കും. ഇത്തരം ഉള്ളടക്കങ്ങൾ നീക്കുന്നുവെന്ന് ഉറപ്പാക്കുകയും നിയമപരമായ നടപടി സ്വീകരിക്കുകയും സമിതിയുടെ ചുമതലയാണ്. സൈബർ ഉള്ളടക്കം സംബന്ധിച്ച സമിതിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി നേരിട്ടു പരിേശാധിക്കണമെന്നും വ്യവസ്ഥ വെച്ചിട്ടുണ്ട്.
ആൾക്കൂട്ട കൊലയും മർദന സംഭവങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. സമൂഹമാധ്യമങ്ങൾ വഴി നടക്കുന്ന പ്രചാരണങ്ങൾ ഇത്തരം സംഭവങ്ങൾക്ക് ആളെക്കൂട്ടുന്നുവെന്ന് കണ്ടിട്ടുണ്ട്. തെറ്റായ ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയവയോട് ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.