ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിൽ ഭേദഗതി; ലഫ്. ഗവർണർക്ക് കൂടുതൽ അധികാരം
text_fieldsന്യൂഡൽഹി: ലഫ്റ്റനന്‍റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ട്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019ലെ ജമ്മുകശ്മീർ പുനഃസംഘടനാ നിയമം ഭേദഗതി ചെയ്തു. 55-ാം വകുപ്പ് പ്രകാരം നൽകിയിട്ടുള്ള അധികാര വിനിയോഗ ചട്ടത്തിലാണ് ഭേദഗതി വരുത്തിയത്. രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയ ഭേദഗതി നിയമം വെള്ളിയാഴ്ച ഗസറ്റിൽ പ്രസിദ്ധീകരിച്ചു. കശ്മീരിൽ പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് നടപടി.
ഭേദഗതി പ്രകാരം പൊലീസ്, ക്രമസമാധാനം, അഖിലേന്ത്യാ സർവീസുകൾ, അഴിമതി വിരുദ്ധ സെൽ തുടങ്ങി ധനവകുപ്പിന്‍റെ അനുമതി ആവശ്യമില്ലാത്ത വിഷയങ്ങളിൽ ലഫ്റ്റനന്‍റ് ഗവർണറുടെ അനുമതിയോടെ മാത്രമേ തീരുമാനം സ്വീകരിക്കാനാവൂ. അഡ്വക്കേറ്റ് ജനറൽ, നിയമകാര്യ ഉദ്യോഗസ്ഥർ എന്നിവരുടെ നിയമനവും ഗവർണറുടെ അനുമതിയോടെ മാത്രമേ നടത്താവൂ. ജയിൽ, ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഗവർണറെ അറിയിക്കണം.
അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറിമാരുടെ നിയമനം, സ്ഥലംമാറ്റം, അഖിലേന്ത്യാ സർവീസിലുള്ളവരുടെ കേഡർ നിയമനം എന്നിവയും ഗവർണറുടെ അനുമതിയോടെ മാത്രമേ നടത്താവൂ എന്നും ഭേദഗതി നിയമത്തിൽ വ്യക്തമാക്കുന്നു. 2020 ഓഗസ്റ്റ് 27നാണ് ജമ്മു കശ്മീർ പുനഃസംഘടനാ നിയമം ആദ്യമായി ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ് ഭേദഗതി കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.