ബി.ജെ.പിയുടെ 'ഏകവത്കരണ' സ്വഭാവമാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ ശത്രു -പി. ചിദംബരം
text_fieldsന്യൂഡൽഹി: ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാറിന്റെ 'ഏകവത്കരണ' സ്വഭാവമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ഗോവയിൽ കോൺഗ്രസിന്‍റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏകീകൃത സംസ്കാരം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ കേന്ദ്രസർക്കാറിൻെയും ശ്രമമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യയെ ഏകീകരിക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ രാജ്യത്തുണ്ട്. ഒരു ഭാഷ, ഒരു ജാതി, സംസ്കാരം, ഒരു ഭക്ഷണരീതി- ഇതെങ്ങനെ നമുക്ക് അംഗീകരിക്കാൻ സാധിക്കും? ഞാൻ അത് എങ്ങനെ അംഗീകരിക്കണമെന്ന് മാത്രമല്ല, എന്തിന് സ്വീകരിക്കണം? നിങ്ങൾ എന്തിന് അവ അംഗീകരിക്കണം? ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയും സംസ്കാരവും ജീവിതരീതിയും വസ്ത്രധാരണ രീതിയും കുടുംബജീവിത രീതിയുമെല്ലാമുണ്ട്. പിന്നെ എന്തിന് ഈ ഏകീകൃത രീതി അംഗീകരിക്കണം' -ചിദംബരം ചോദിച്ചു.
'ഇന്ത്യ ഒരു രാജ്യമാണ്. അതിൽ യാതൊരു സംശയവുമില്ല. നിരവധി സംസ്ഥാനങ്ങളും സംസ്കാരങ്ങളും ജീവിതരീതിയും ഭാഷകളും ജാതികളും ഭക്ഷണരീതിയും ചേർന്ന ഒരു രാജ്യെമന്നതിൽ അഭിമാനിക്കാം. ഇതിൽ സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമാണ് ഏകവത്കരണം' -അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഏകീകൃതമാക്കണമെന്ന് ഒരു ചെറിയ വിഭാഗം വിശ്വസിക്കുന്നതിനാലാണ് ഇവയെല്ലാം. ഇവ നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? ഒരു പാർട്ടിയിൽ എത്തിച്ചേരും, ഒരു നേതാവിലും. ഇന്ത്യ ജനാധിപത്യ രാഷ്ട്രീയം അവസാനിപ്പിച്ച് തെരഞ്ഞെടുക്കെപ്പട്ട സ്വോച്ഛാധിപത്യമായി മാറുന്നതിലേക്ക് അവ നയിക്കും. ഇന്ത്യയിൽ ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യ രാജ്യമല്ല, മറിച്ച് ഏകാധിപത്യ രാജ്യമാണെന്ന് സൂചിപ്പിക്കുന്ന നിരവധി ചിന്തകരും നിരീക്ഷണ സംഘങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്വോച്ഛാധിപത്യ രാജ്യത്തിന് കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പൊലീസിനെ പേടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സർക്കാരിനെയും ഭയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാൻ സ്വതന്ത്രനായി ജനിച്ചു, എനിക്ക് സ്വതന്ത്രമായി ജീവിക്കണം, എനിക്ക് സ്വതന്ത്രനായി മരിക്കണം. ഏകോപനവത്കരണം ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണ്. ഇത് പ്രചരിപ്പിക്കുന്നത് ബി.ജെ.പിയെന്ന രാഷ്ട്രീയപാർട്ടിയും -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ചരിത്രത്തിൽനിന്ന് ആദ്യ പ്രധാനമന്ത്രി ജവഹൽലാൽ നെഹ്റുവിന്റെ പേര് എടുത്തുമാറ്റുന്നത് ഫുട്ബാളിൽനിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരും വ്യോമയാന ചരിത്രത്തിൽനിന്ന് റൈറ്റ് സഹോദരൻമാരുടെ പേരുകളും എടുത്തുമാറ്റുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽനിന്ന് ആദ്യ പ്രധാനമന്ത്രി ജവഹൽ ലാൽ നെഹ്റുവിന്റെ പേര് ഒഴിവാക്കാൻ ശ്രമിക്കുന്നതിനെതിരെയായിരുന്നു ചിദംബരത്തിന്‍റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.