ലിംഗഭേദമില്ലാതെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇഷ്ടമുള്ള ജീവിത പങ്കാളിയെ ലിംഗഭേദമില്ലാതെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹാദിയ കേസിൽ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് മൗലികാവകാശമാക്കിയ സുപ്രീംകോടതി വിധി സ്വവർഗരതിയുടെ കേസിലും ബാധകമാണെന്നും പങ്കാളിയെന്നാൽ എതിർലിംഗമാകണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു. സ്വവർഗരതി നിയമവിധേയമാക്കുന്നതിനുള്ള ഹരജി കേൾക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റണമെന്ന കേന്ദ്ര സർക്കാറിെൻറ ആവശ്യം തള്ളിയാണ് സുപ്രീംകോടതി വാദംകേൾക്കാൻ തുടങ്ങിയത്.
ഹാദിയ കേസിൽ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണെന്ന് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഒരേ ലിംഗത്തിൽപെട്ട ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം കൂടിയാണിത്. ജീവിത പങ്കാളിയെന്നാൽ അതേ ലിംഗത്തിൽപെട്ട വ്യക്തിയും ആകാമെന്നും എതിർലിംഗത്തിൽപെട്ടത് ആകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് ചന്ദ്രചൂഡിനും പിന്നാലെ ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാൻ, എ.എം. ഖാൻവിൽകർ, ഇന്ദു മൽേഹാത്ര എന്നിവർകൂടി അടങ്ങുന്നതാണ് അഞ്ചംഗ ഭരണഘടന ബെഞ്ച്.
സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമം 377ാം വകുപ്പ് റദ്ദാക്കണമെന്നും ഒരേ ലിംഗത്തിൽപെട്ടവർക്ക് വിവാഹം കഴിക്കാനുള്ള അവകാശം അനുവദിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഹരജിക്കാർക്ക് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട സർക്കാർ അതിനായി വാദം കേൾക്കൽ നാലാഴ്ചത്തേക്ക് മാറ്റണമെന്ന് തിങ്കഴാഴ്ച ആവശ്യപ്പെെട്ടങ്കിലും അത് തള്ളിയാണ് കേസ് പരിഗണിച്ചത്. പ്രകൃതി വിരുദ്ധമായി പുരുഷന്മാർ തമ്മിലും സ്ത്രീകൾ തമ്മിലും മൃഗങ്ങളുമായും ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ 10 വർഷം തടവും പിഴയും വിധിക്കുന്നതാണ് ഇന്ത്യൻ ശിക്ഷ നിയമത്തിെല 377ാം വകുപ്പ്. അത് റദ്ദാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. സ്വകാര്യത മൗലികാവകാശമാണെന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിെൻറ വിധിയോടെ സ്വവർഗരതി കുറ്റകരമല്ലാതായെന്ന് ഹരജിക്കാർ വാദിച്ചു.
2009ൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കായി പ്രവർത്തിക്കുന്ന നാസ് ഫൗണ്ടേഷൻ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി സ്വവർഗരതി കുറ്റകരമല്ലാതാക്കിയിരുന്നെങ്കിലും 2012ൽ സുപ്രീംകോടതി വിധി റദ്ദാക്കി. പാർലമെൻറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ സുപ്രീംകോടതി തുടർന്ന് നാസ് ഫൗണ്ടേഷൻ സമർപ്പിച്ച പുനഃപരിശോധന ഹരജിയും 2014ൽ തള്ളി. അതിനുശേഷം ഇൗ വർഷം ജനുവരിയിൽ പ്രസ്തുത വിധി വിപുലമായ ബെഞ്ച് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം, മോദി സർക്കാർ ഇക്കാര്യത്തിൽ ഇതുവരെയും നിലപാടെടുത്തിട്ടില്ല. കേസിൽ ബുധനാഴ്ച വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.