തൃണമൂൽ കോൺഗ്രസുകാർ വാഹനം ആക്രമിച്ചെന്ന ആരോപണവുമായി ഹൂഗ്ലി ബി.ജെ.പി സ്ഥാനാർഥി ലോക്കറ്റ് ചാറ്റർജി
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആരോപണവുമായി പശ്ചിമ ബംഗാളിലെ ഹൂഗ്ലി ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ലോക്കറ്റ് ചാറ്റർജി. തന്റെ വാഹനം തൃണമൂൽ കോൺഗ്രസ് പിന്തുണയുള്ള ഗുണ്ടകൾ ആക്രമിച്ചു എന്നാണ് ലോക്കറ്റ് ചാറ്റർജിയുടെ ആരോപണം.
ഹൂഗ്ലിയിലെ മൊഗ്രയിൽ കാളീപൂജയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ബാൻസ്ബെരിയയിൽ വെച്ചായിരുന്നു ആക്രമണമെന്ന് ഇവർ പറയുന്നു. ബാൻസ്ബെരിയ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശിൽപി ചാറ്റർജിയുടെ നിർദ്ദേശപ്രകാരമാണ് തൻറെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ലോക്കറ്റ് ചാറ്റർജി പറഞ്ഞു.
ഹൂഗ്ലിയിലും പശ്ചിമ ബംഗാളിലാകെയും പാർട്ടിയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന വ്യാപകമായ ആക്രമണത്തിന്‍റെ ഭാഗമാണ് ലോക്കറ്റ് ചാറ്റർജിക്ക് നേരെ ഉണ്ടായ ആക്രമണമെന്ന് ബി.ജെ.പി ആരോപിച്ചു. നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിനായി അക്രമം അഴിച്ചുവിടുന്നവരെ ഉടനടി പിടികൂടണമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ തൃണമൂൽ കോൺഗ്രസിന് പങ്കില്ലെന്ന് തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം വ്യക്തമാക്കി. ബി.ജെ.പി സ്ഥാനാർഥി മണ്ഡലത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ രോഷം ജനങ്ങൾ തീർത്തതാണെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വം പറഞ്ഞു.
പശ്ചിമ ബംഗാളിൽ ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായാണ് വേട്ടെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.