കർണാടകയിൽ ഹുക്കക്ക് നിരോധനം
text_fieldsബംഗളൂരു: കർണാടകയിൽ പുകവലി ഉപകരണം ഹുക്ക നിർമിക്കുന്നതും വിൽക്കുന്നതും ഉപയോഗവും ഉടൻ പ്രാബല്യത്തോടെ വിലക്കി സർക്കാർ ഉത്തരവ്.
ഏതുതരം ഹുക്കകൾ സൂക്ഷിക്കുന്നതും പരസ്യം നൽകുന്നതുമുൾപ്പെടെ ശിക്ഷാർഹമാണ്. പുകയില ഉൽപന്ന ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള വിവിധ വകുപ്പുകൾ അവലംബിച്ചാണ് ഉത്തരവ്. പുകയിലജന്യ രോഗങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് നിരോധനം കൊണ്ടുവന്നതെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകളാണ് സർക്കാറിന്റെ പ്രചോദനം.
2016-17ലെ ആഗോളതലത്തിൽ മുതിർന്ന പുകയില ഉപഭോക്താക്കളുടെ സർവേ (ജി.എ.ടി.എസ്-2) റിപ്പോർട്ട് പ്രകാരം കർണാടകയിലെ 22.8 ശതമാനം പേർ ഈ ലഹരിക്കടിമകളാണ്. സംസ്ഥാനത്ത് 13നും 15 നും ഇടയിൽ പ്രായക്കാരായ വിദ്യാർഥികൾ അഞ്ചിൽ ഒന്നുപേർ ലഹരി ഗുണഭോക്താക്കൾ ആണെന്നാണ്, യുവജനങ്ങൾക്കിടയിലെ ഉപയോഗം കണ്ടെത്താൻ 2019ൽ നടത്തിയ സർവേയിൽ പറയുന്നത്. പലതരം ഹുക്കകൾ ഉപയോഗിച്ചുള്ള പുകവലി നടക്കുകയാണ്.
2011ൽ കർണാടക സർക്കാർ 983 കോടി രൂപയാണ് 35-65 പ്രായക്കാരിലെ പുകയിലയുമായി ബന്ധപ്പെട്ട രോഗികൾക്കായി ചെലവിട്ടത്. മാരക മയക്കുമരുന്ന് ഉപയോഗത്തിലേക്കുള്ള കവാടമാണ് പുകയില ഉൽപന്നങ്ങളുടെ ഉപയോഗം എന്ന 2022ലെ ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ടും സർക്കാർ ഗൗരവമായാണ് കാണുന്നത്.
മുക്കാൽ മണിക്കൂർ ഹുക്ക വലിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് കണ്ടെത്തിയ പഠനങ്ങൾ പുറത്തുവന്നിരുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങൾ നേരത്തെ ഹുക്ക നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരെ 2003ലെ സി.ഒ.ടി.പി.എ (സിഗരറ്റ്- പുകയില ഉൽപന്നങ്ങൾ നിയമം), 2015ലെ ചൈൽഡ് കെയർ ആൻഡ് പ്രൊട്ടക്ഷൻ ആക്ട്, 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി ആക്ട്, 2015ലെ കർണാടക വിഷം (കൈവശം വെക്കുകയും വിൽപനയും) ചട്ടങ്ങൾ എന്നിവ അനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും കുറ്റം ചുമത്തും.
കഴിഞ്ഞ വർഷം ബംഗളൂരുവിലെ ഹുക്ക ബാറിലുണ്ടായ തീപിടിത്തം കണക്കിലെടുത്ത് സർക്കാർ ഈ നടപടിയിൽ അഗ്നിസുരക്ഷ നിയമങ്ങൾക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹുക്ക ബാർ അഗ്നിസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. 2023 സെപ്റ്റംബറിൽ ഹുക്ക നിരോധിക്കാനും പുകയില ഉൽപന്നങ്ങൾ വാങ്ങാനുമുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയർത്താനും കർണാടക സർക്കാർ തീരുമാനിച്ചിരുന്നു.
സിഗരറ്റ് പോലുള്ള പുകയില ഉൽപന്നങ്ങളോടുള്ള ആസക്തി പലപ്പോഴും മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ദുരുപയോഗത്തിലേക്ക് നയിക്കുന്നുവെന്ന സാഹചര്യത്തിൽ കർണാടക സർക്കാർ ഏറെ കരുതലോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തത്. ഹുക്കയിൽ ഉപയോഗിക്കുന്ന ചില ചേരുവകൾ ആസക്തിയിലേക്ക് നയിക്കുന്നതായി നേരത്തെതന്നെ ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.