‘സീമാഞ്ചൽ ഗാന്ധി’യുടെ മക്കളുടെ മൂപ്പിളമ തർക്കത്തിനിടയിലും ‘ഇൻഡ്യ’ക്ക് പ്രതീക്ഷ
text_fieldsബിഹാർ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള മുസ്ലിം മുഖങ്ങളിലൊന്നായിരുന്നു മുൻ കേന്ദ്ര മന്ത്രി തസ്ലീമുദ്ദീൻ. സീമാഞ്ചലിന്റെ ഗാന്ധി എന്ന പേരിൽ മേഖലയിൽ മാത്രമല്ല, ബിഹാറിലുടനീളം സ്വാധീനമുണ്ടായിരുന്ന നേതാവ്. 2014ലെ മോദി തരംഗത്തെ അതിജീവിച്ച് ലോക്സഭയിലെത്തിയ രാഷ്ട്രീയ ജനതാദളിന്റെ (ആർ.ജെ.ഡി) നാല് എം.പി മാരിലൊരാൾ.
ആറുതവണ എം.എൽ.എയും അഞ്ചുതവണ എം.പിയുമായ തസ്ലീമുദ്ദീൻ 2017വരെ അറാരിയയുടെ ചോദ്യം ചെയ്യാനാകാത്ത നേതാവായി വിരാജിച്ചു. 1969ൽ കോൺഗ്രസ് ടിക്കറ്റിൽ അറാരിയ നിയമസഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്ത് തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ്. പിന്നീട് പല തവണ പാർട്ടി മാറിയ തസ്ലീമുദ്ദീൻ യു.പി.എ സർക്കാറിൽ കേന്ദ്ര കൃഷി സഹമന്ത്രിയായി.
2017ൽ തസ്ലീമുദ്ദീന്റെ മരണ ശേഷം തട്ടകം നിലനിർത്താൻ ഉപതെരഞ്ഞെടുപ്പിൽ മൂത്ത മകനായ സർഫറാസ് ആലത്തെയാണ് ആർ.ജെ.ഡി ഏൽപിച്ചത്. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും 2019ൽ ബി.ജെ.പിയുടെ പ്രദീപ് കുമാർ സിങ്ങിനോട് അദ്ദേഹം തോറ്റു.
അതുകൊണ്ട് ഇക്കുറി ആർ.ജെ.ഡി പരീക്ഷിക്കുന്നത് കുടുംബത്തിൽനിന്നുള്ള മറ്റൊരാളെയാണ്: സർഫറാസിന്റെ അനിയൻ ഷാനവാസ് ആലം. പാർട്ടി നേതാവ് തേജസ്വി യാദവിന്റെ ഈ തീരുമാനത്തിൽ സർഫറാസിന് കടുത്ത നിരാശ. പ്രവർത്തകരുടെ യോഗത്തിൽ പരസ്യമായി കരയുന്ന സർഫറാസിനെ ജനങ്ങൾക്ക് കാണേണ്ടിവന്നു. ആ വിഡിയോ ബിഹാറിൽ വൈറലാവുകയും ചെയ്തു.
ബിഹാറിന്റെ സമീപകകാല രാഷ്ട്രീയം ശ്രദ്ധിച്ചവർക്ക് ഈ കരച്ചിലിൽ വലിയ അത്ഭുതം കാണില്ല. പിതാവിന്റെ രാഷ്ട്രീയ താവഴി അവകാശപ്പെട്ട് തസ്ലീമുദ്ദീന്റെ മക്കൾ രണ്ട് പാർട്ടികളിൽനിന്ന് നേർക്കുനേർ പോരാടിയത് കണ്ടവരാണ് ബിഹാറികൾ. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോകീഹാട്ട് മണ്ഡലത്തിലെ സർഫറാസും ഷാനവാസും തമ്മിലായിരുന്നു മത്സരം.
ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ (മീം) ടിക്കറ്റിൽ മത്സരിച്ച ഷാനവാസ് വിജയിച്ചു. പിന്നീട് ഉവൈസിയെയും ഞെട്ടിച്ച് മറ്റു മൂന്ന് എം.എൽ എമാർക്കൊപ്പം ഷാനവാസ് ആർ.ജെ.ഡിയിലേക്ക് ഒരൊറ്റ ചാട്ടം! അതോടെ തേജസ്വിക്കും ആർ.ജെ.ഡിക്കും പ്രിയപ്പെട്ടവനായി ഷാനവാസ്. ഇപ്പോഴത്തെ സ്ഥാനാർഥിത്വത്തിന്റെ വഴിയും അതുതന്നെ.
ഈ കുടുംബ പോരിനിടെ, ഈസിയായി മണ്ഡലം പിടിക്കാനെത്തിയ ബി.ജെ.പിയിലും കാര്യങ്ങൾ അത്ര ശുഭകരമല്ല. പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പുണ്ടായിട്ടും സിറ്റിങ് എം.പി പ്രദീപ് കുമാർ സിങ്ങിനെ തന്നെ ഇറക്കിയത് തസ്ലീമുദ്ദീന്റെ തട്ടകം പിടിച്ചെടുത്ത നേതാവ് എന്ന നിലയിലാണ്.
എന്നാൽ, ഈ തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സ്വന്തം നേതാവ് ജനാർദൻ യാദവ് പ്രദീപിനെതിരെ രംഗത്തുവന്നത് ബി.ജെ.പിക്ക് അടിയായി. ബി.ജെ.പി സ്ഥാനാർഥിയെ തോൽപിക്കാൻ സ്വതന്ത്ര സ്ഥാനാർഥി ശത്രുഘ്നൻ കുമാർ സുമന് വേണ്ടി ജനാർദൻ യാദവ് പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ്.
സീമാഞ്ചലിന്റെ അതിർത്തി മണ്ഡലമാണ് 18 ലക്ഷം വോട്ടർമാരുള്ള വടക്കു കിഴക്കൻ ബിഹാറിലെ അറാരിയ. 42 ശതമാനം മുസ്ലിം വോട്ടർമാരാണിവിടെ. ആറ് നിയമസഭാ മണ്ഡലങ്ങളിലും മുസ്ലിം വോട്ടർമാർ നിർണായകം.
2019ൽ ബി.ജെ.പിയെ തുണച്ച മൂന്നുലക്ഷം വോട്ടുകളുള്ള ഇ.ബി.സി (അതിപിന്നാക്ക സമുദായങ്ങൾ) വിഭാഗത്തിൽപ്പെടുന്ന സ്ഥാനാർഥിയാണ് ശത്രുഘ്നൻ കുമാർ സുമൻ. തസ്ലീമുദ്ദീന്റെ കുടുംബ വഴക്കിനിടയിലും ‘ഇൻഡ്യ’ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നത് ഈ ഘടകമാണെന്ന് കോൺഗ്രസുകാരനായ അഫ്രീൻ ജമാൽ ‘മാധ്യമ‘ ത്തോട് പറഞ്ഞു.
മാത്രമല്ല, ജ്യേഷ്ഠനും അനിയനുമിടയിൽ പൊടുന്നനെ ഒരു വെടിനിർത്തൽ രൂപപ്പെട്ടിട്ടുണ്ടെന്നും എന്താണ് ധാരണയെന്ന് ആർക്കുമറിയില്ലെന്നും അഫ്റീൻ തുടർന്നു. പ്രദീപ് അറാരിയയിൽ ഇത് അഞ്ചാം തവണയാണ് ബി.ജെ.പി സ്ഥാനാർഥിയാകുന്നത്. ആ നിലക്കുള്ള മടുപ്പും ജനങ്ങൾക്കുണ്ട്. യാദവ - മുസ്ലിം വോട്ടുകളുടെ സമീകരണം മാത്രം മതി ഈ സീറ്റ് ഇൻഡ്യക്ക് ഉറപ്പിക്കാനെന്ന് അഫ്റീൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.