രാജ്യനന്മക്കായി മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രി അനുസരിക്കുമെന്നാണ് പ്രതീക്ഷ -രാഹുൽ
text_fieldsന്യൂഡൽഹി: ചൈനയുമായുള്ള സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് മൻമോഹൻ സിങ് പറഞ്ഞ വാക്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസരിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വളരെ നിർണായകമായ നിർദേശങ്ങളാണ് അദ്ദേഹം നൽകിയിട്ടുള്ളത്. രാജ്യത്തിെൻറ നന്മക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, മൻമോഹൻ സിങ്ങിെൻറ വാക്കുകൾ ആദരപൂർവം അനുസരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
ലഡാക്ക് സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നിലപാടുകളെ രൂക്ഷമായാണ് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ് വിമർശിച്ചത്. തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നത് നയതന്ത്രത്തിനും നിർണായക നേതൃത്വത്തിനും പകരമാവില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ചൈന ഉയർത്തുന്ന ഭീഷണിയെ നേരിടാൻ ഒരു രാജ്യമെന്ന നിലയിൽ നാം ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്.
ചരിത്രപരമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നമ്മെ നയിക്കുന്നവർക്ക് ധാർമികമായ ചുമതലയാണുള്ളത്. ജനാധിപത്യ രാജ്യത്ത് പ്രധാനമന്ത്രിയിലാണ് ഉത്തരവാദിത്തം വന്നുചേരുന്നത്. രാജ്യസുരക്ഷയെയും രാജ്യതാൽപര്യത്തെയും സ്വന്തം വാക്കുകൾ എത്രത്തോളം ബാധിക്കുമെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ടാകണം.
ഗൽവാനിലും പാങ്ഗോങ്ങ് ടോയിലും ഉൾപ്പടെ ഇന്ത്യൻ ഭൂപ്രദേശങ്ങൾക്ക് മേൽ ചൈന യാതൊരു അടിസ്ഥാനവുമില്ലാതെ അവകാശവാദം ഉന്നയിക്കുകയാണ്. നിരവധി കടന്നുകയറ്റങ്ങൾ അവർ നടത്തി. പ്രധാനമന്ത്രി തെൻറ വാക്കുകളിലൂടെ ചൈനക്ക് സ്വയം ന്യായീകരിക്കാനുള്ള അവസരം നൽകരുത്.
തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നത് നയതന്ത്രത്തിനും നിർണായ നേതൃത്വത്തിനും പകരമാവില്ലെന്ന് സർക്കാറിനെ ഓർമിപ്പിക്കുകയാണ്. ആശ്വാസകരമായ കള്ളങ്ങൾ പറഞ്ഞ് സത്യത്തെ ഇല്ലാതാക്കാനാകില്ല.
രാജ്യത്തിന്‍റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ജീവത്യാഗം ചെയ്ത കേണൽ ബി. സന്തോഷ് ബാബുവിനും ജവാന്മാർക്കും നീതി ഉറപ്പാക്കണം. അതിൽ കുറഞ്ഞതെന്തും ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിൻമേലുള്ള ചരിത്രപരമായ വഞ്ചനയാകും -മൻമോഹൻ സിങ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.