എം.വി.ജയരാജന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതർ
text_fieldsപയ്യന്നൂർ : കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍റെ ആരോഗ്യനിലയിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉണ്ടായ നേരിയ പുരോഗതി തുടരുന്നതായി പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. ഗുരുതരാവസ്ഥ കണക്കാക്കി ചികിത്സയും കനത്ത ജാഗ്രതയും തുടരുകയാണെന്നും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കി.
പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞതിനാൽ സി -പാപ്പ് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ അത് സാധാരണ നിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. അടുത്ത രണ്ടുദിവസത്തെ ആരോഗ്യപുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നെത്തിയ ക്രിട്ടിക്കൽ കെയർ വിദഗ്ദരായ ഡോ. എസ്.എസ്.സന്തോഷ് കുമാർ, ഡോ. അനിൽ സത്യദാസ് എന്നിവർ പരിയാരത്തെ മെഡിക്കൽ സംഘത്തിനൊപ്പം ഇന്നും ജയരാജനെ പരിശോധിച്ചു. തുടർന്ന് നടന്ന മെഡിക്കൽ ബോർഡ് യോഗത്തിലും അവർ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചെന്നൈയിലെ പ്രമുഖ ഇൻഫെക്‌ഷൻ കൺട്രോൾ സ്പെഷലിസ്റ്റ് ഡോ. റാം സുബ്രഹ്‌മണ്യവുമായി കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും മെഡിക്കൽ ബോർഡ് ചെയർമാനുമായ ഡോ. കെ. എം. കുര്യാക്കോസ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ്, ക്രിട്ടിക്കൽ കെയർ വിദഗ്ദരായ ഡോ സന്തോഷ്, ഡോ അനിൽ സത്യദാസ് എന്നിവർ ജയരാജന്‍റെ ആരോഗ്യസ്ഥിതി ചർച്ച നടത്തുകയും നിലവിലെ ചികിത്സ തുടരുന്നതിനൊപ്പം പുതിയ മരുന്നുൾപ്പടെ ചികിത്സയിൽ ക്രമീകരണങ്ങൾ വരുത്തുകയുമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ എന്നിവർ ആശുപത്രി അധികൃതരെ വിളിച്ച് ജയരാജന്‍റെ ആരോഗ്യസ്ഥിതി വിശദമായി അന്വേഷിച്ചു. തിരുവനന്തപുരത്തുനിന്നെത്തിയ മെഡിക്കൽ സംഘം രണ്ട് ദിവസം കൂടി ആശുപത്രിയിൽ തങ്ങുമെന്നും മെഡിക്കൽ ബോർഡ് ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.