മകന്റെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രി ജീവനക്കാർ 50,000 രൂപ കൈക്കൂലി ചോദിച്ചു; പണത്തിനായി യാചിച്ച് മാതാപിതാക്കൾ
text_fieldsസമസ്തിപൂർ: മകന്റെ മൃതദേഹം വിട്ടുകിട്ടാൻ ആശുപത്രിയിൽ കൈക്കൂലികൊടുക്കാൻ പണത്തിനായി യാചിക്കാനിറങ്ങി വൃദ്ധരായ മാതാപിതാക്കൾ. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. സർക്കാർ ആശുപത്രിയിൽ നിന്ന് മകന്റെ മൃതദേഹം വിട്ടു നൽകാൻ ജീവനക്കാർ രക്ഷിതാക്കളോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുക നൽകാനില്ലാത്തതിനാൽ മൃതദേഹം വിട്ടു നൽകാതായതോടെയാണ് മാതാപിതാക്കൾ സമസ്തിപൂർ തെരുവിൽ യാചിക്കാൻ ഇറങ്ങിയത്. ദമ്പതികൾ യാചിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മകനെ കുറച്ച് ദിവസമായി കാണാതായെന്ന് പിതാവ് മഹേഷ് താക്കൂർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സമസ്തിപൂരിലെ സദർ ആശുപത്രിയിൽ മൃതദേഹം ഉണ്ടെന്ന് പറഞ്ഞ് ഫോൺ കോൾ വന്നു. ആശുപത്രിയിൽ എത്തി അന്വേഷിച്ചപ്പോൾ മൃതദേഹം വിട്ടു കിട്ടണമെങ്കിൽ 50000 രൂപ നൽകണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടു. ഞങ്ങൾ പാവപ്പെട്ടവരാണ്. എങ്ങനെയാണ് ഇത്രയും തുക നൽകുകയെന്ന് പിതാവ് എ.എൻ.ഐയോട് ചോദിച്ചു.
ആശുപത്രി ജീവനക്കാരിൽ ഭൂരിഭാഗവും കോൺട്രാക്ട് ജീവനക്കാരാണ്. അവർക്ക് പലപ്പോഴും ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നും പലരും രോഗികളുടെ ബന്ധുക്കളിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്നുമുള്ള വാർത്തകൾ നേരത്തെയും പുറത്തു വന്നിരുന്നു.
സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. അവർ രക്ഷപ്പെടാൻ അനുവദിക്കില്ല. ഇത് മനുഷ്യത്വത്തിന് നാണക്കേടാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.