യു.പിയിലെ ഫറൂഖാബാദിലും ശിശു മരണം; 49 കുട്ടികൾ മരിച്ചു
text_fieldsലക്നോ: ഉത്തർപ്രദേശിലെ ഗോരഖ്പുരിന് പിന്നാലെ ഫറൂഖാബാദിലും ഒാക്സിജൻ കിട്ടാതെ ശിശുകൾ മരിച്ചു. ഫറൂഖാബാദിലെ സർക്കാർ ആശുപത്രിയിലാണ് ഓക്സിജൻ കിട്ടാത്തതിനെ തുടർന്നു 49 കുട്ടികൾ മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് സംഭവം. കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
അതേസമയം, നവജാതശിശുക്കളുടെ തൂക്കക്കുറവും ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നതുമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിയിലെ നവജാതശിശുക്കളുടെ ഇന്‍റൻസീവ് കെയർ യൂണിറ്റിൽ (എസ്.എൻ.സി.യു) 30 കുട്ടികള്‍ മരിച്ചു. മറ്റു 19 പേർ പ്രസവത്തോടെയോ പ്രസവിച്ചയുടനെയോ ആണ് മരിച്ചത്. അമ്മമാരുടെ അറിവില്ലായ്മയും കുട്ടികളുടെ മരണത്തിനു പിന്നിലുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതാണെങ്കിലും തീരുമാനമെടുക്കാതെ കുടുംബാംഗങ്ങൾ അതു വൈകിപ്പിക്കാറുണ്ട്. പലപ്പോഴും അതീവ ഗുരുതാവസ്ഥയിലായ ശേഷമേ കുട്ടികളെ ആശുപത്രിയിലെത്തിക്കാറുള്ളെന്നും ഡോക്ടർമാർ അറിയിച്ചു.
ഗോരഖ്പുരിലെ ബാബ രാഘവ് ദാസ് ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുറിലധികം കുട്ടികളാണ് മരിച്ചത്. ഇതിൽ ഭൂരിപക്ഷം കുട്ടികളും ഓക്സിജൻ കിട്ടാത്തതിനെ തുടർന്നാണ് മരിച്ചത്. 2017ൽ ഇതുവരെ 1,300 കുട്ടികളാണ് ബി.ആർ.ഡി ആശുപത്രിയിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.