Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൻ സാമ്പത്തിക...

വൻ സാമ്പത്തിക തട്ടിപ്പുകളിൽ ആശുപത്രി മാലിന്യക്കടത്തും; ഡോ.സന്ദീപ് ഘോഷിനെതിരെ ഗുരുതര ആരോപണങ്ങൾ

text_fields
bookmark_border
വൻ സാമ്പത്തിക തട്ടിപ്പുകളിൽ ആശുപത്രി മാലിന്യക്കടത്തും; ഡോ.സന്ദീപ് ഘോഷിനെതിരെ ഗുരുതര ആരോപണങ്ങൾ
cancel

കൊൽക്കത്ത: അഴിമതിക്കേസിലടക്കം സി.ബി.ഐ അന്വേഷണം നേരിടുന്ന ആർ.ജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് നടത്തിയത് വൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്ന് റിപ്പോർട്ട്. കൊൽക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഘോഷിനെയും രണ്ട് കൂട്ടാളികളെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കഴിഞ്ഞ മാസം അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. കോളജിലെയും ആശുപത്രിയിലെയും അഴിമതിയും സാമ്പത്തിക ക്രമക്കേടും അടക്കം ആരോപണമുയർന്ന ഘോഷിനെതിരെ കൽക്കട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചി​ന്‍റെ നിർദേശത്തെ തുടർന്നാണ് സി.ബി.ഐ അന്വേഷണം. വഴിവിട്ട നേട്ടങ്ങൾക്കായി ഇയാൾ ക്രിമിനൽ ബന്ധം സ്ഥാപിച്ചുവെന്ന് സി.ബി.ഐ ആരോപിക്കുന്നു.

ഇയാളുടെ ‘അനധികൃത സാമ്പത്തിക ഇടപാടുകളി’ൽ ഒന്ന് ആശുപത്രി മാലിന്യക്കടത്ത് ഉൾപ്പെടുന്നുവെന്നാണ് സി.ബി.ഐ റിപ്പോർട്ട്. ത​ന്‍റെ അടുത്ത ആളുകൾക്ക് ഇയാൾ ആശുപത്രി മാലിന്യം വിൽപന നടത്തിയെന്നും അവ പിന്നീട് ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നുവെന്നും മെഡിക്കൽ കോളേജ് മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി വെളിപ്പെടുത്തിയിരുന്നു. അജ്ഞാത ശവശരീരങ്ങൾ വിൽപന നടത്തിയതിനു പുറമെയായിരുന്നു ഗുരുതരമായ ഈ കുറ്റകൃത്യം. 2023 വരെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന അക്തർ അലി, ഘോഷി​ന്‍റെ ഈ പ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന വിജിലൻസ് കമീഷനെ അറിയിക്കുകയും ഘോഷിനെതിരായ അന്വേഷണ സമിതി മുമ്പാകെ ഹാജരാവുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ ഘോഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ഇയാൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അലി പറഞ്ഞു.

2023 സെപ്തംബറിൽ ഒരു കൂട്ടം സാമൂഹിക പ്രവർത്തകർ കൽക്കട്ട ഹൈകോടതിയിൽ ഒരു പൊതു താൽപര്യ ഹരജി ഫയൽ ചെയ്തിരുന്നു. ബംഗാളിലെ ബയോമെഡിക്കൽ മാലിന്യക്കടത്ത് സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾ അതിലടങ്ങിയിരിക്കുന്നു. ചെലവും നിയമപരമായ ഉത്തരവാദിത്തവും ഒഴിവാക്കാൻ അപകടകരമായ ബയോമെഡിക്കൽ മാലിന്യങ്ങളുടെ സംസ്കരണം ഒരു സ്വകാര്യ കമ്പനിയെ ഏൽപിച്ചുവെന്നാണ് അതിലൊന്ന്. ഈ കമ്പനി മാലിന്യ സംസ്കരണത്തിനെന്ന പേരിൽ സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്ന് ഭീമമായ തുകയാണ് ഈടാക്കുന്നത്. എന്നാൽ, ശരിയായി സംസ്കരിക്കുന്നതിനു പകരം കോവിഡ് സമയത്ത് പോലും ബാരക്‌പൂരിലെയും മറ്റ് സ്ഥലങ്ങളിലെ മുനിസിപ്പൽ മാലിന്യശേഖരങ്ങളിലുമെല്ലാം ഇവർ അപകടകരമായ മാലിന്യങ്ങൾ തള്ളുകയായിരുന്നു. സർക്കാർ ആശുപത്രികളിൽ നിന്നാണ് ഈ കമ്പനി കൂടുതൽ പ്ലാസ്റ്റിക്/ചുവപ്പ് മാലിന്യങ്ങൾ സംഭരിച്ചതെന്നും കരാറിലെ എല്ലാ നിയമങ്ങളും ലംഘിച്ച് കോടികൾ സമ്പാദിക്കുന്നുവെന്നും ഹരജിക്കാർ ഉന്നയിച്ചു. അണുമുക്തമാക്കാത്ത മലിനമായ പാഴ് വസ്തുക്കൾ യാതൊരു സംസ്കരണവും കൂടാതെ പുനഃക്രമീകരിക്കുകയും പാക്ക് ചെയ്ത് വിപണയിൽ ഇറക്കുകയോ അല്ലെങ്കിൽ വീണ്ടും ഉപയോഗത്തിനായി നിയമവിരുദ്ധമായ ചാനൽ വഴി ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് തിരികെ വിൽക്കുകയോ ചെയ്യുന്നുവെന്നും അവർ ഹരജിയില ചൂണ്ടിക്കാട്ടുകയുണ്ടായി.

ഇന്ത്യ പ്രതിദിനം 700 ടൺ ബയോമെഡിക്കൽ മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡി​ന്‍റെ കണക്ക്. ബംഗാളിൽ പ്രതിദിനം 43 ടൺ മാലിന്യങ്ങൾ സംസ്കരിക്കുവെന്നും ബോർഡ് പറയുന്നു. എന്നാൽ, അനധികൃതമായ മാലിന്യക്കടത്തുവഴി ശാസ്ത്രീയമായി സംസ്കരിക്കാതെ ഇത് അപകടകരമാംവിധം പൊതു ഇടങ്ങളിലേക്കും ജനവാസമേഖലയിലേക്കും നിക്ഷേപിക്കപ്പെടുകയും വിപണികളിൽ പുനരുപയോഗത്തിന് എത്തുകയും ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന യഥാർഥ്യമാണ് ഇന്ത്യയിലാകമാനവും ​പ്രത്യേകിച്ച് ബംഗാളിലും നടക്കുന്നത്. സംസ്ഥാനത്തെ അതി​​ന്‍റെ പ്രധാന കണ്ണി ഡോ. ഘോഷ് ആയിരുന്നു​വെന്നാണ് ആരോപണം.

ആശുപത്രികളിൽ ഉൽപ്പാദിപ്പിക്കുന്ന ബയോമെഡിക്കൽ മാലിന്യത്തി​ന്‍റെ ഏകദേശം 60 ശതമാനവും സംസ്കരണ കേന്ദ്രങ്ങളിൽ എത്തിച്ചേരും. എന്നാൽ, വാഹനങ്ങളിലേക്ക് മാറ്റുന്ന മാലിന്യത്തി​ന്‍റെ അളവ് ആശുപത്രികളുടെ ഒക്യുപ്പൻസി നമ്പറുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല. മാലിന്യം ഉറവിടത്തിലോ സംസ്കരണ കേന്ദ്രത്തിലേക്കുള്ള ഗതാഗതത്തിലോ അപ്രത്യക്ഷമാകുന്നു. ഇൻട്രാവണസ് ട്യൂബുകൾ, സലൈൻ ബാഗുകൾ തുടങ്ങിയ മലിനമായ റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, പല ആരോഗ്യ സംരക്ഷണ യൂണിറ്റുകളിലും പ്രത്യേകിച്ച് സർക്കാർ ആശുപത്രികളിൽ കൃത്യമായി വേർതിരിച്ച് പാക്ക് ചെയ്തിട്ടില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. സർക്കാർ ആശുപത്രികളിലെ വാർഡുകളിൽനിന്ന് നേരിട്ട് മാലിന്യം ശേഖരിക്കുന്നത് ആശുപത്രി ജീവനക്കാരുമായി ഒത്തുകളിക്കുന്ന റാക്കറ്റുകളാണെന്നാണ് റിപ്പോർട്ട്. സംസ്കരണ കേ​ന്ദ്രത്തിലേക്ക് മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളെ റാക്കറ്റർമാർ തടയുന്ന ഹോട്ട് സ്പോട്ടുകളുണ്ട്.

ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്‍റ് റൂൾസ്, 2016 എന്ന പേരിൽ ആശുപത്രി മാലിന്യ നിർമാർജനത്തിന് ശക്തമായ നിയമം നിലനിൽക്കവെയാണിതൊക്കെ സംഭവിക്കുന്നത്. അപകടകരമായ മാലിന്യവും മുനിസിപ്പൽ മാലിന്യവുമെല്ലാം ഉറവിടത്തിൽ തന്നെ വേർതിരിക്കണമെന്നും ശാസ്ത്രീയമായ സംവിധാനങ്ങളിലൂടെ വെവ്വേറെ സംസ്കരിക്കണമെന്നും ഈ നിയമം നിഷ്കർശിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം വ്യാപകമായി ലംഘിക്കപ്പെടുന്നതി​ന്‍റെ ഉദാഹരണമാണ് ഡോ. ഘോഷിനെ പോലുള്ളവരുടെ കുറ്റകൃത്യങ്ങളെന്ന് ഈ മേഖലയിലുള്ളവർ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bio Medical WasteHospital Waste Managementbiomedical waste traffickingDr. Sandeep Ghosh
News Summary - Hospital waste in massive financial scams; Serious allegations against Dr. Sandeep Ghosh
Next Story