കോൺഗ്രസ് വിട്ട മുൻ കർണാടക മന്ത്രി മണിക്കൂറുകൾക്കകം ബി.ജെ.പിയിൽ ചേർന്നു
text_fieldsബംഗളൂരു: കോൺഗ്രസ് അംഗത്വം രാജിവെച്ച മുൻ കർണാടക മന്ത്രി മണിക്കൂറുകൾക്കകം ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് വൈസ് പ്രസിഡന്റും ഉഡുപ്പി മുൻ ഫിഷറീസ്-കായിക മന്ത്രിയുമായ പ്രമോദ് മദ്വരാജാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നത്.
ശനിയാഴ്ച രാവിലെയാണ് രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് കൈമാറിയത്. വൈകീട്ട് ഏതാനും പ്രവർത്തകർക്കൊപ്പമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. അടുത്തിടെയാണ് മദ്വരാജിനെ കെ.പി.സി.സി ഉപാധ്യക്ഷനായി നിയമിച്ചത്. കോൺഗ്രസുമായി സഹകരിച്ചുപോവാനും തന്റെ പദവിയോട് നീതിപുലർത്താനും കഴിയില്ല എന്ന സാഹചര്യത്തിലാണ് രാജിയെന്ന് അദ്ദേഹം കത്തിൽ വിശദീകരിച്ചു. ഉഡുപ്പി ജില്ല കോൺഗ്രസ് കമ്മിറ്റിയിൽ താൻ ഉന്നയിച്ച പരാതികൾക്ക് ഒരു പരിഹാരവുമുണ്ടായില്ല. തന്റെ മണ്ഡലത്തിലും ജില്ലയിലും സംസ്ഥാനത്തും തനിക്കാവുംവിധം കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചു.
2018ൽ ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാൻ ഹെറാൾഡ്, പ്രജാവാണി പത്രങ്ങൾക്കുവേണ്ടി ദക്ഷ് നടത്തിയ സർവേയിൽ സംസ്ഥാനത്തെ മികച്ച എം.എൽ.എയായി താൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നുവർഷമായി ഉഡുപ്പി കോൺഗ്രസിൽ നടക്കുന്ന പ്രവർത്തനങ്ങൾ രാഷ്ട്രീയമായി തന്നെ ഏറെ ശ്വാസംമുട്ടിച്ചതായും വിഷയം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽകൊണ്ടുവന്നിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഉഡുപ്പി മേഖലയിൽ ഏറെ സ്വാധീനമുള്ള മൊഗവീര സമുദായ അംഗമാണ് പ്രമോദ് മദ്വരാജ്. അദ്ദേഹത്തോടൊപ്പം ഉഡുപ്പി കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് മുനിയലു ഉദയകുമാർ ഷെട്ടിയും ബി.ജെ.പിയിലേക്കെത്തുമെന്നാണ് സൂചന. ദക്ഷിണ കർണാടകയിൽനിന്ന് മറ്റു പാർട്ടികളിലെ കൂടുതൽ നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.