കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾ പിന്നിടും മുമ്പ് 26കാരനായ ഡോക്ടർ മരിച്ചു
text_fieldsന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾ പിന്നിടുന്നതിന് മുേമ്പ യുവ ഡോക്ടർ മരണത്തിന് കീഴടങ്ങി. ജി.ടി.ബി ആശുപത്രിയിൽ ജൂനിയർ റസിഡന്‍റ് ഡോക്ടർ ആയിരുന്ന അനസ് മുജാഹിദ് ആണ് മരിച്ചത്. 26 വയസായിരുന്നു.
ഡൽഹി യൂനിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. അനസ് ശനിയാഴ്ച ഉച്ച വരെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. രാത്രി എട്ടുമണിയോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. തലച്ചോറിലെ രക്താസ്രവത്തെ തുടർന്നായിരുന്നു മരണം. മറ്റ് രോഗങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
'ചുറുചുറുക്കാർന്ന ഒരു മിടുക്കനായ ഡോക്ടറെ നഷ്ടപ്പെടുന്നത് ഹൃദയഭേദകമാണ്. ക്ലാസുകളിൽ അധികം സംസാരിക്കാത്ത ഒരു വിദ്യാർഥിയായിരുന്നുവെങ്കിലും ഇടനാഴിയിൽ എന്നെ അവൻ എപ്പോഴും അഭിവാദ്യം ചെയ്യുമായിരുന്നു. അവന്‍റെ പുഞ്ചിരി എനിക്ക് മിസ്സ് ചെയ്യും. കഴിഞ്ഞ മൂന്ന് മാസമായി അവൻ ജോലി ചെയ്യുന്ന ഗൈനക്കോളജി വിഭാഗത്തിലെ സീനിയേഴ്സിനോട് ഞാൻ സംസാരിച്ചിരുന്നു. അവന്‍റെ പ്രകടനത്തെ കുറിച്ച് അവർക്കെല്ലാം നല്ല മതിപ്പാണ്. ഞാൻ അവനെ കുറിച്ചോർത്ത് അഭിമാനിക്കുന്നു. ഇന്നലെ നിരവധി കോവിഡ് രോഗികൾക്ക് അവന്‍റെ സേവനം ലഭിച്ചു. അവനൊരു രക്തസാക്ഷിയാണ്' -യു.സി.എം.എസിലെ ഫിസിയോളജി വിഭാഗത്തിലെ പ്രഫസറായ ഡോ. സത്യേന്ദ്ര സിങ് പറഞ്ഞു.
കുടുംബം ഡൽഹിയിലുണ്ടെങ്കിലും കോവിഡ് ഡ്യൂട്ടിയുള്ളതിനാൽ തന്നെ ആശുപത്രി അധികൃതർ ഒരുക്കിയ ലീല പാലസ് ഹോട്ടലിലെ റൂമിലായിരുന്നു അനസിന്‍റെ താമസം. മാതാപിതാക്കളെ കൂടാതെ അനസിന് നാല് സഹോദരങ്ങളുണ്ട്. എൻജിനിയറായ പിതാവ് മുമ്പ് ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്.
ശനിയാഴ്ച വൈകീട്ട് കുടുംബത്തോടൊപ്പമാണ് നോമ്പ് തുറന്നത്. സുഖമില്ലാത്തതായി തോന്നിയതോടെ ഹോട്ടലിലേക്ക് മടങ്ങുന്നതിന് മുമ്പ് കോവിഡ് പരിശോധനക്ക് വിധേയനാവുകയായിരുന്നു.
'ശരീരവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനാൽ രാത്രി എട്ടുമണിയോടെ പരിശോധന നടത്തി. ആന്‍റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കടുത്ത തലവേദനയാണെന്ന് അനസ് പറഞ്ഞപ്പോൾ ഡോക്ടർ കുറിപ്പടി എഴുതുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം കുഴഞ്ഞു വീണു. ഡോക്ടർ മാസ്ക് നീക്കിയപ്പോൾ മുഖത്തിന്‍റെ ഒരു വശം തളർന്നു പോയിരുന്നു' -അനസിന്‍റെ സുഹൃത്തും സഹപാഠിയുമായ ഡോ. ഷാസ് ബേഗ് പറഞ്ഞു.
സി.ടി സ്കാനിൽ തല്ലച്ചേറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. പുലർച്ചെ 2.30 ഓടെ വെന്‍റിലേറ്റർ ഘടിപ്പിച്ചെങ്കിലും അരമണിക്കൂറിന് ശേഷം അനസ് മരിച്ചു. ഞായറാഴ്ച ഉച്ചക്ക് ശേഷം മൃതദേഹം ശാസ്ത്രി പാർക്കിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.