ഭീമ-കൊരെഗാവ് സംഘര്‍ഷം: അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ വീട്ടുതടങ്കലില്‍ വെക്കും- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിയോജിപ്പ് ജനാധിപത്യത്തിെൻറ സുരക്ഷയുടെ സുഷിരമാണെന്ന് സുപ്രീംകോടതി. സുരക്ഷാ വാൽവ് അടച്ചുകളഞ്ഞാൽ പ്രഷർ കുക്കർ പൊട്ടിത്തെറിക്കുമെന്ന് സുപ്രീംകോടതി സർക്കാറിനെ ഒാർമിപ്പിച്ചു. ഭീകരപ്രവർത്തന നിരോധന നിയമമായ യു.എ.പി.എ ചുമത്തി അഞ്ചു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിേൻറതാണ് ഇൗ പരാമർശം.
പുണെ പൊലീസ് അറസ്റ്റു ചെയ്ത അഭിഭാഷക സുധ ഭരദ്വാജും മറ്റു നാലു പേരും അടുത്തമാസം ആറു വരെ വീട്ടുതടങ്കലിൽ കഴിയെട്ടയെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇവരുടെ അറസ്റ്റ് ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിൽ മറുപടി നൽകാൻ മഹാരാഷ്ട്ര സർക്കാറിനോടും കേന്ദ്രത്തോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യാൻ പുണെയിലേക്ക് കൊണ്ടുപോയ മൂന്നു സാമൂഹിക പ്രവർത്തകരെ ഇതോടെ വീടുകളിൽ പൊലീസ് തിരിച്ചെത്തിക്കേണ്ടി വരും. പ്രമുഖ ചരിത്രകാരി റൊമീല ഥാപ്പർ, സാമൂഹിക പ്രവർത്തകരായ പ്രഭാത് പട്നായിക്, സതീഷ് ദേശ്പാണ്ഡെ, മാജാ ദാരുവാല, ദേവകി ജെയിൻ എന്നിവരാണ് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേന അറസ്റ്റ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.
മാവോവാദി ചിന്തകൻ വരവരറാവു, മനുഷ്യാവകാശ പ്രവർത്തകരായ സുധ ഭരദ്വാജ്, അരുൺ ഫെരേര, ഗൗതം നവ്ലഖ, വെർണൻ ഗൊൺസാൽവസ് എന്നിവരുടെ അറസ്റ്റ് എതിർപ്പുകൾ അടിച്ചമർത്തുന്നതിന് ഉദ്ദേശിച്ചാണെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി. അറസ്റ്റും തുടർനടപടികളും മരവിപ്പിച്ച് വിഷയത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണം.
അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ ചിന്താധാരയോട് വിയോജിക്കുന്നവരെ തെളിവൊന്നുമില്ലാതെ അടിച്ചമർത്താൻ പൊലീസിനെ ദുരുപയോഗം ചെയ്യുകയും എതിർപ്പിെൻറ ശബ്ദങ്ങൾ ഇല്ലാതാക്കുകയും ജനങ്ങളിൽ ഭയപ്പാട് ഉണ്ടാക്കുകയുമാണ് ചെയ്യുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
മാവോവാദി ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വാദിച്ചു. നിലവിലെ രാഷ്ട്രീയ സംവിധാനത്തോട് അവർക്ക് അസഹിഷ്ണുതയാണ്. മറ്റു നിയമവിരുദ്ധ സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവുണ്ട്. 35 കോളജുകളിൽനിന്ന് വിദ്യാർഥികളെ സ്വാധീനിച്ച് ആക്രമണങ്ങൾക്ക് ഇവർ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് ആരോപിച്ചു.
പുണെക്ക് സമീപം ഭീമ^കൊേറഗാവിൽ കഴിഞ്ഞ ജനുവരി ഒന്നിന് ദലിത് വിഭാഗക്കാരും മേൽജാതിക്കാരായ മാറാത്തകളും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നത്. എന്നാൽ, ഇപ്പോൾ അറസ്റ്റു ചെയ്തവർക്ക് ഇതുമായുള്ള ബന്ധം പൊലീസ് വിശദീകരിക്കുന്നുമില്ല. മാവോവാദി ബന്ധം ആരോപിച്ച് ജൂണിൽ അറസ്റ്റ് ചെയ്ത മലയാളി റോണ വിൽസൺ, സുധീർ ധവ്ലെ, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റാവത്ത്, ഷോമ സെൻ എന്നിവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ചൊവ്വാഴ്ച വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡും അറസ്റ്റും നടന്നത്. യു.എ.പി.എ ചുമത്തിയാൽ സംശയിക്കുന്നയാളെ വാറൻറില്ലാതെ അറസ്റ്റു ചെയ്യാൻ പൊലീസിന് അധികാരം ലഭിക്കും. ജാമ്യംപോലും ലഭിക്കില്ല.
പൊലീസ് നീക്കം പൊളിഞ്ഞു
വരവര റാവു, സുധ ഭരദ്വാജ് എന്നിവരടക്കം അഞ്ചു പേരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിെൻറ ശ്രമമാണ് സുപ്രീംകോടതി നിർദേശം വഴി നടക്കാതെ പോയത്. മഹാരാഷ്ട്രയിലേക്ക് റിമാൻഡിൽ കൊണ്ടുപോകാനുള്ള ശ്രമവും തടയപ്പെട്ടു. എല്ലാവർക്കും അവരവരുടെ വീടുകളിൽതന്നെ പൊലീസ് നിരീക്ഷണത്തോടെ കഴിയാം. കേസ് സെപ്റ്റംബർ ആറിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നതുവരെയാണ് വീട്ടുതടങ്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.