മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ പ്രത്യേക അന്വേഷണമില്ല: സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപീംകോടതി ബെഞ്ച് 2-1 ഭൂരിപക്ഷത്തിൽ തള്ളി. അഞ്ചു പേരുടെ വീട്ടുതടങ്കൽ നാലാഴ്ച കൂടി നീട്ടിയ ബെഞ്ച് അതിനകം ബന്ധപ്പെട്ട കോടതികളെ സമീപിക്കാമെന്നും വിധിച്ചു. എന്നാൽ, ചീഫ് ജസ്റ്റിസിനോടും ജസ്റ്റിസ് എ.എം. ഖാൻവിൽകറോടും വിയോജിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു.
മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെടുത്തി മനുഷ്യാവകാശ പ്രവർത്തകരായ വരവര റാവു, സുധ ഭരദ്വാജ്, അരുൺ ഫെറേറിയ, ശവർണോൺ ഗോൺസാൽവസ്, ഗൗതം നവ്ലാഖ എന്നിവരെ ആഗസ്റ്റ് 28ന് അറസ്റ്റ് ചെയ്തതിനെതിരെ റൊമീല ഥാപ്പർ അടക്കമുള്ള പ്രമുഖർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംേകാടതി വിധി. തെളിവില്ലെന്ന് കണ്ടാൽ മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കുമെന്ന് നേരേത്ത പറഞ്ഞ ചീഫ് ജസ്റ്റിസ് വിധിപ്രഖ്യാപനത്തിൽ നിലപാട് മാറ്റി.
കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ബി.ജെ.പി സർക്കാറുകൾക്ക് ആശ്വാസമായ വിധിയിൽ വിയോജിപ്പിെന നിശ്ശബ്ദമാക്കാനുള്ള നീക്കമാണ് അറസ്റ്റ് എന്ന വാദം രണ്ട് ജഡ്ജിമാർ തള്ളി. അതിനാൽ, സുപ്രീംകോടതി മേൽ നോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിെൻറ അന്വേഷണം ആവശ്യമില്ലെന്ന് ഇരുവരും വിധിച്ചു. പ്രതികൾ ആവശ്യപ്പെടുന്നത് പ്രകാരം അന്വേഷണ ഏജൻസിയെ വെക്കാനാവില്ല. പൊലീസ് ഹാജരാക്കിയ തെളിവുകളിൽ ഇപ്പോൾ ഒന്നു പറയാനാവില്ലെന്നും ഇരുവരും വ്യക്തമാക്കി.
ഇതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എഴുതിയ ന്യൂനപക്ഷ വിധിയിൽ മഹാരാഷ്ട്ര പൊലീസിനെതിെര ആഞ്ഞടിച്ചു. അഞ്ച് പേരുടെയും യശസ്സ് ഇടിക്കുന്ന തരത്തിലുള്ള വ്യാജപ്രചാരണമാണ് മഹാരാഷ്ട്ര പൊലീസ് നടത്തിയതെന്ന് ചന്ദ്രചൂഡ് കുറ്റപ്പെടുത്തി. അറസ്റ്റിലായവർക്ക് നിരോധിത മാവോവാദികളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വാർത്തസമ്മേളനത്തിൽ ചില കത്തുകൾ വിതരണം ചെയ്യുകയും ഏതാനും ചാനലുകൾ അത് കാണിക്കുകയും ചെയ്തു. എങ്ങനെയാണിത് ചെയ്യുക? പിന്നീട് ആ കത്തുകളൊന്നും കോടതിയിൽ സമർപ്പിച്ചതുമില്ല. അതിനാൽ, നിഷ്പക്ഷ അന്വേഷണം മഹാരാഷ്ട്ര പൊലീസ് നടത്തുമെന്ന് തോന്നുന്നില്ല. -ജസ്റ്റിസ് ചന്ദ്രചൂഡ് വിധിയെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.