ഡാറ്റ സംരക്ഷണ ബിൽ ശരിവെച്ച് സഭാ സമിതി
text_fieldsന്യൂഡൽഹി: വ്യക്തിവിവര സംരക്ഷണ ബിൽ പാർലെമൻറിെൻറ സംയുക്ത സമിതി ശരിവെച്ചു. സ്വകാര്യത ആവശ്യമായ വ്യക്തിഗത ഡാറ്റ സംരക്ഷണത്തിെൻറ കാര്യത്തിൽ സർക്കാറിനും സർക്കാർ ഏജൻസികൾക്കും ഇളവു നൽകുന്നതിലുള്ള പ്രതിപക്ഷ എം.പിമാരുടെ എതിർപ്പ് അവഗണിച്ചാണ് അംഗീകാരം. 29ന് തുടങ്ങുന്ന ശീതകാല പാർലമെൻറ് സമ്മേളനത്തിൽ ബിൽ പാസാക്കാനാണ് സർക്കാർ ഒരുക്കം.
വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്ന വിധം ഡാറ്റ ഉപയോഗം നിയന്ത്രിക്കുന്നതിനാണ് ബിൽ ലക്ഷ്യമിടുന്നത്. സർക്കാറും സ്വകാര്യ കമ്പനികളും വ്യക്തികളും ഇത്തരം വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നതിന് ചട്ടക്കൂട് വരും. ഡാറ്റ സംരക്ഷണ അതോറിട്ടി രൂപവത്കരിക്കുന്നതടക്കം വിവിധ നിർദേശങ്ങൾ ബില്ലിലുണ്ട്. അതേസമയം, ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ കാര്യത്തിൽ സർക്കാറിനെ ഡാറ്റ സംരക്ഷണ ബില്ലിെൻറ പരിധിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
മൗലികാവകാശമായ സ്വകാര്യതയുടെ സംരക്ഷണത്തിന് സംവിധാനം രൂപപ്പെടുത്തണമെന്ന് സുപ്രീംകോടതി 2017ൽ വിധിച്ചതിെൻറ അടിസ്ഥാനത്തിലാണ് ബിൽ തയാറാക്കിയത്.
2017 ജൂലൈയിൽ ഡാറ്റ സംരക്ഷണത്തെക്കുറിച്ച് പഠിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി ബി.എൻ. ശ്രീകൃഷ്ണയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപവത്കരിച്ചു. സമിതിയുടെ ശിപാർശകൾക്ക് അനുസൃതമായി 2019 ഡിസംബറിലാണ് പേഴ്സനൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. തുടർന്ന് പാർലമെൻറ് സംയുക്ത സമിതിയുടെ പഠനത്തിന് വിട്ടു. അഞ്ചു വട്ടം കാലാവധി നീട്ടി നൽകിയതിനൊടുവിൽ രണ്ടു വർഷത്തിനു േശഷമാണ് റിപ്പോർട്ട് നൽകുന്നത്.
സമിതി അംഗങ്ങളായ ജയ്റാം രമേശ്, മനീഷ് തിവാരി, ഗൗരവ് െഗാഗോയ്, വിവേക് തൻഖ (കോൺഗ്രസ്), ഡറിക് ഒബ്രിയൻ, മഹുവ മൊയ്ത്ര (തൃണമൂൽ കോൺഗ്രസ്), അമർ പട്നായിക് (ബി.ജെ.ഡി) എന്നിവരാണ് ബില്ലിലെ നിർണായകമായ 35,12 വകുപ്പുകളോട് വിേയാജിച്ചത്. ജയ്റാം രമേശ് നൽകിയ നിർദേശങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ അദ്ദേഹം വിശദമായ വിയോജന കുറിപ്പ് നൽകി.
ഡാറ്റ സ്വകാര്യതക്ക് മതിയായ സംരക്ഷണം ബിൽ നൽകുന്നില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. നിയമത്തിെൻറ പരിധിയിൽനിന്ന് ഏത് ഏജൻസിയേയും ഒഴിവാക്കാൻ 35ാം വകുപ്പ് കേന്ദ്രസർക്കാറിന് അധികാരം നൽകുന്നു.
ഏതു കേന്ദ്ര ഏജൻസിയേയും നിയമപരിധിയിൽനിന്ന് ഒഴിവാക്കാൻ പാർലമെൻറിെൻറ അനുമതി വേണമെന്ന ഭേദഗതിയാണ് ജയ്റാം രമേശ് മുന്നോട്ടു വെച്ചത്.
പുതിയ ഡാറ്റ സംരക്ഷണ സംവിധാനത്തിലേക്ക് മാറാൻ സ്വകാര്യ കമ്പനികൾക്ക് രണ്ടു വർഷത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, സർക്കാറിനോ സർക്കാർ ഏജൻസികൾക്കോ ഇങ്ങനെ സമയ പരിധിവെച്ചിട്ടില്ല. പൊതു താൽപര്യം മുൻനിർത്തി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങൾക്ക് ഇത്തരത്തിലൊരു പ്രത്യേക അവകാശം നൽകാനാവില്ലെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.