'ഞാൻ ഒരു തീപ്പെട്ടി കൈയിൽ കരുതും'; സേനയിലേക്ക് വഴി തുറന്നതിനെ കുറിച്ച് ബിപിൻ റാവത്ത് പറഞ്ഞത് ഇങ്ങനെ
text_fieldsഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് 43 വർഷം നീണ്ട തന്‍റെ രാഷ്ട്രസേവനത്തെ കുറിച്ച് പല ഘട്ടങ്ങളിലും വിവരിച്ചിട്ടുണ്ട്. 1978ൽ തന്‍റെ 20ാം വയസ്സിലാണ് റാവത്ത് സൈന്യത്തിന്‍റെ ഭാഗമാകുന്നത്. ഒരിക്കൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെ താൻ സൈന്യത്തിൽ ചേരുമ്പോഴുണ്ടായ അനുഭവം അദ്ദേഹം പങ്കുവെച്ചിരുന്നു.
'യു.പി.എസ്.സിയുടെ പ്രതിരോധ അക്കാദമി പരീക്ഷ പാസ്സായ ശേഷം എനിക്ക് സർവിസ് സെലക്ഷൻ ബോർഡിലേക്ക് സെലക്ഷന് വേണ്ടി പോകേണ്ടിവന്നു. അലഹബാദിലായിരുന്നു സെലക്ഷൻ. അവിടെ അഞ്ച് ദിവസത്തെ കഠിനമായ പരിശീലനത്തിനും ക്ലാസുകൾക്കും ശേഷമാണ് അന്തിമ അഭിമുഖം.
അഭിമുഖത്തിന്‍റെ ദിവസം എല്ലാവരും സൈനിക ഓഫിസിന് മുന്നിൽ വരിയായി നിൽക്കുകയാണ്. ഓരോരുത്തരെയായി മുറിയിലേക്ക് വിളിപ്പിച്ച് ചോദ്യങ്ങൾ ചോദിച്ചാണ് തിരഞ്ഞെടുപ്പ്. സൈന്യത്തിന് അകത്തേക്കോ പുറത്തേക്കോ എന്ന് നിശ്ചയിക്കപ്പെടുന്ന നിമിഷങ്ങളായിരുന്നു അവ.
എന്‍റെ ഊഴമെത്തി. ബ്രിഗേഡിയർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അഭിമുഖത്തിനുള്ളത്. ഒരു വിദ്യാർഥിയെന്ന നിലയിൽ അൽപ്പം പരിഭ്രമമുണ്ടായിരുന്നു. ഏതാനും ലളിതമായ ചോദ്യങ്ങൾക്ക് ശേഷം ഓഫിസർ എന്‍റെ ഹോബി എന്താണെന്ന് ചോദിച്ചു. ട്രക്കിങ് വളരെ ഇഷ്ടമാണെന്ന് ഞാൻ മറുപടിയും നൽകി.
ഉടൻ ഓഫിസർ ഒരു ചോദ്യം കൂടി ചോദിച്ചു. 'അഞ്ച് ദിവസം നീളുന്ന ഒരു ട്രെക്കിങ്ങിന് പുറപ്പെടുകയാണെങ്കിൽ നിങ്ങൾ നിർബന്ധമായും കൈയിൽ കരുതുന്ന ഒരു വസ്തു എന്തായിരിക്കും?'. ഒരു തീപ്പെട്ടി മറക്കാതെ കൈയിൽ കരുതും എന്ന മറുപടിയാണ് ഞാൻ നൽകിയത്. എന്തുകൊണ്ടാണ് തീപ്പെട്ടി ഇത്രയും പ്രധാനപ്പെട്ടതാകുന്നതെന്ന് ഓഫിസർ ചോദിച്ചു. ഒരു തീപ്പെട്ടി കൈയിലുണ്ടെങ്കിൽ നമുക്ക് ട്രക്കിങ്ങിനിടെ പ്രതിസന്ധിഘട്ടങ്ങളിൽ പല കാര്യങ്ങളും ചെയ്യാനാകുമെന്ന് ഞാൻ വിശദീകരിച്ചു. എന്‍റെ മറുപടിയിൽ ഓഫിസർ തൃപ്തി പ്രകടിപ്പിച്ചു. അത് അഭിമുഖത്തിൽ നിർണായകമായി' -ബിപിൻ റാവത്ത് പറഞ്ഞു.
നമ്മുടെ വഴികളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തായിരിക്കണമെന്ന് ചെറുപ്പത്തിൽ തന്നെ നമ്മൾ കണ്ടെത്തേണ്ടതുണ്ട്. അതാണ് മുന്നോട്ട് നയിക്കുന്നതെന്നും ജനറൽ ബിപിൻ റാവത്ത് വിദ്യാർഥികളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.