ടിൻഡറിലൂടെ 'കോടീശ്വരനെ' പരിചയപ്പെട്ടു; പത്ത് ലക്ഷത്തിന് വേണ്ടി കഴുത്തറുത്ത് കൊലപാതകം
text_fieldsജയ്പൂർ: ടിൻഡറിലൂടെ പരിചയപ്പെട്ട 28കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതിക്കും കൂട്ടാളികൾക്കും ശിക്ഷ വിധിച്ച് കോടതി. പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് ജയ്പൂർ കോടതി വിധിച്ചത്. പ്രിയ സേത്ത്, സുഹൃത്തുക്കളായ ദീക്ഷന്ത് കമ്ര, ലക്ഷ്യ വാലിയ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2018ലാണ് 28 കാരനായ ദുഷ്യന്ത് ശർമ കൊല്ലപ്പെട്ടത്. മുഖ്യപ്രതിയായ പ്രിയ സേത്ത് ഡേറ്റിങ് ആപ്പായ ടിൻഡറിലൂടെയാണ് ദുഷ്യന്തിനെ പരിചയപ്പെട്ടത്. വിവാഹിതനായ ദുഷ്യന്ത്, വിവാൻ കോലി എന്നാണ് തന്റെ പേരെന്നും ദൽഹിയിലെ കോടീശ്വരനായ ബിസിനസുകാരനാണെന്നും പ്രിയയോട് കള്ളം പറഞ്ഞിരുന്നു. ദുഷ്യന്ത് കോടീശ്വരനെന്ന് കരുതി പ്രിയ ഇയാളെ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ പദ്ധതിയിടുകയായിരുന്നു. ഇതിനായി സുഹൃത്തുക്കളായ ദീക്ഷന്ത് കമ്രയേയും ലക്ഷ്യ വാലിയയേയും കൂടെ കൂട്ടി. വീട്ടിലേക്ക് പോകുംവഴിയാണ് ദുഷ്യന്തിനെ മൂവരും ചേർന്ന് തട്ടിക്കൊണ്ടുപോയത്.
മോചനദ്രവ്യത്തിനായി വിളിച്ചപ്പോഴാണ് ദുഷ്യന്ത് കോടീശ്വരനല്ലെന്ന് മനസിലായത്. ദുഷ്യന്തിനെ വിട്ടയക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, അത്രയും കാശില്ലെന്നും വൈകുന്നേരത്തിനുള്ളിൽ മൂന്ന് ലക്ഷം രൂപ തരാമെന്നും ദുഷ്യന്തിന്റെ പിതാവ് രാമേശ്വർ പ്രസാദ് സമ്മതിച്ചു. ദുഷ്യന്തിന്റെ ഡെബിറ്റ് കാർഡ് വാങ്ങി 20,000 രൂപ പ്രിയ പിൻവലിക്കുകയും ചെയ്തു. കൂടുതൽ പണം കിട്ടാതായതോടെ പ്രതികൾ ദുഷ്യന്തിനെ കുത്തിയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
2018 മെയ് 4 ന് ജയ്പൂരിനടുത്തുള്ള ഗ്രാമത്തിൽ സ്യൂട്ട്കേസിൽ നിറച്ച നിലയിലാണ് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്തു. പിന്നാലെ പ്രിയ സേത്ത് കുറ്റം സമ്മതിച്ചു. പ്രിയയും രണ്ടാം പ്രതി ദീക്ഷന്തുമായി ലിവ്-ഇൻ റിലേഷനിലായിരുന്നു. ദീക്ഷന്തിന് 21 ലക്ഷം രൂപ കടമുണ്ടായിരുന്നു. ആ പണത്തിനായാണ് ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയത്. പണം കിട്ടുന്നതിന് മുമ്പേ ദുഷ്യന്തിനെ ഇവർ കൊലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.