‘ആദ്യം ആളുകളെ ഒഴിപ്പിച്ചു, പൊലീസ് വണ്ടിയില്‍ എത്തിയവരാണ് വെടിവെച്ചത്’; യു.പി വെടിവെപ്പില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍ -വിഡിയോ
text_fieldsലക്‌നൗ: അഞ്ച് തവണ എം.എൽ.എയും എം.പിയും ആയിരുന്ന അതീഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി പൊലീസിനെതിരെ ആരോപണങ്ങളുമായി പ്രദേശ വാസികള്‍. കൊലപാതകം പൊലീസ് ആസൂത്രണം ചെയ്തതാകാമെന്ന സംശയമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്. അക്രമികളെ പൊലീസാണ് സംഭവസ്ഥലത്തെത്തിച്ചതെന്നും ഇവർ പറയുന്നു. പ്രദേശവാസികളെ ഉദ്ധരിച്ച് ‘യു.പി തക്’ എന്ന പ്രാദേശിക ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വെടിവെപ്പുണ്ടാകുന്നതിന് മുമ്പ് തന്നെ പൊലീസ് സ്ഥലത്തെത്തി ആളുകളെയും വാഹനങ്ങളെയും വഴിയില്‍ നിന്ന് മാറ്റിയിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. കൃത്യം നടത്തിയതിന് ശേഷം പ്രതികളെ പൊലീസ് വേഗം തന്നെ സംഭവ സ്ഥലത്ത് നിന്ന് മാറ്റിയെന്നും അവര്‍ പറഞ്ഞു.
‘പൊലീസാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. അവര്‍ വന്ന് ഇവിടെയുള്ള ജനങ്ങളെയെല്ലാം സംഭവ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. വണ്ടിയൊക്കെ എടുത്ത് മാറ്റാന്‍ പറഞ്ഞ് റോഡും ക്ലിയര്‍ ചെയ്തു. പിന്നെ ഇരുവശത്ത് നിന്നും രണ്ട് വണ്ടികളെത്തി. അതിലൊന്നില്‍ അതീഖും അഷ്‌റഫുമായിരുന്നു. മറ്റേ വണ്ടിയിലുണ്ടായിരുന്ന നാല് ചെറുപ്പക്കാരെ അവര്‍ ഗെയ്റ്റിനുള്ളിലേക്ക് കൊണ്ട് പോയി. അവര്‍ എസ്.ടി.എഫിന്റെ ആളുകളാണെന്നാണ് എനിക്ക് തോന്നുന്നത്. പൊലീസിന്റെ വണ്ടിയില്‍ നിന്ന് ഇറങ്ങിയ അവരുടെ കഴുത്തില്‍ പത്രപ്രവര്‍ത്തകരുടെ ഐ.ഡി കാര്‍ഡാണ് ഉണ്ടായിരുന്നത്.
അവര്‍ നേരെ ചെന്ന് പൊലീസ് നോക്കി നില്‍ക്കെ അതീഖിനെയും അഷ്‌റഫിനെയും വെടിവെച്ച് വീഴ്ത്തി. വെടിവെപ്പ് ഉണ്ടായതും പൊലീസ് സംഭവ സ്ഥലത്തുനിന്നും ഓടിപ്പോയി. പൊലീസിനൊപ്പം വന്നിറങ്ങിയവര്‍ ജയ് ശ്രീ റാം വിളിച്ചാണ് വെടിവെച്ചത്. ഉടനെ തന്നെ വെടിവെച്ച നാല് പേരെയും പൊലീസ് വണ്ടിയില്‍ കയറ്റി വേഗം കൊണ്ടുപോയി.
പൊലീസും എസ്.ടി.എഫും ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഇനി ഇവിടെയുള്ള പാവപ്പെട്ട ജനങ്ങളെയും പൊലീസ് പിടിച്ച് കൊണ്ട് പോകും. ഇത് നേരത്തെ മുന്‍കൂട്ടി നിശ്ചയിച്ച ഏറ്റുമുട്ടല്‍ കൊലയാണ്,’ പ്രദേശ വാസികളിലൊരാള്‍ യു.പി തക് ചാനലിനോട് പറഞ്ഞു. നാട്ടുകാരുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.