10 കോടി കൊണ്ട് 73,000 കുട്ടികളെ എങ്ങനെ പുനരധിവസിപ്പിക്കും? -കെജ്‌രിവാളിനെതിരെ ബാലാവകാശ സമിതി അധ്യക്ഷൻ
text_fieldsന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ഭവനരഹിതരായ കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ബാലാവകാശ സംരക്ഷണ സമിതി (എൻ.സി.പി.സി.ആർ) അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ.
2022-23 വർഷത്തെ ബജറ്റിൽ ഡൽഹിയിലെ തെരുവുകളിൽ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വേണ്ടി ബോർഡിങ് സ്കൂളുകൾ സ്ഥാപിക്കുന്നതിന് 10 കോടി രൂപ നീക്കി വെച്ചതായി കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. കുട്ടികൾക്ക് പാർപ്പിടം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുക നീക്കി വെച്ചത്.
എന്നാൽ 10 കോടി രൂപ കൊണ്ട് 73,000 കുട്ടികൾക്ക് എങ്ങനെയാണ് ഡൽഹി സർക്കാർ പുനരധിവാസമൊരുക്കുന്നതെന്ന് പ്രിയങ്ക് കനൂംഗോ ചോദിച്ചു.
ഡൽഹിയിലെ തെരുവുകളിൽ കഴിയുന്ന 73,000 കുട്ടികളുടെ വിവരങ്ങൾ കമ്മീഷൻ നൽകിയിട്ടുണ്ടെന്നും എന്നാൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ അതിൽ നടപടിയെടുത്തില്ലെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ കനൂംഗോ പറഞ്ഞു.
തെരുവിലെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള എൻ.സി.പി.സി.ആറിന്‍റെ യോഗങ്ങളിൽ നിന്നും സർക്കാറിന്‍റെ മുതിർന്ന ഉദ്യോഗസ്ഥർ വിട്ടുനിന്നെന്നും അദ്ദേഹം ആരോപിച്ചു.
2021 നവംബർ മുതൽ 1800 തെരുവ് കുട്ടികളുടെ ഡാറ്റ മാത്രമാണ് സർക്കാർ നൽകിയത്. ഈ കുട്ടികളെ പുനരധിവസിപ്പിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കനൂംഗോ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.