പ്രതിയായതിന്റെ പേരിൽ ഒരു വീട് എങ്ങനെ പൊളിച്ചുകളയും?
text_fieldsന്യൂഡൽഹി: ഒരു കുറ്റവാളിയുടെയോ ക്രിമിനൽ കേസിലെ പ്രതിയുടെയോ വീട് എന്നതിന്റെ പേരിൽ എങ്ങനെ അത് പൊളിച്ചുകളയാനാവുമെന്ന സുപ്രധാന ചോദ്യമെറിഞ്ഞ് സുപ്രീംകോടതി. ഭരണകൂടത്തിന്റെ ‘ബുൾഡോസർ നീതി’യെ രൂക്ഷമായി വിമർശിച്ചാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.
ഡൽഹിയിലെ ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിയിൽ ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ രാജ്യത്തുടനീളം ‘ബുൾഡോസർ നീതി’ നടപ്പാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉത്തരവിറക്കണമെന്ന് കോടതിയോടഭ്യർഥിച്ചു.
പ്രതി ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെട്ടു എന്നതിനാൽ സ്ഥാവര വസ്തുക്കളൊന്നും പൊളിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിനെ അഭിസംബോധന ചെയ്ത് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ തുഷാർ മേത്ത അറിയിച്ചു. നിർമാണം നിയമവിരുദ്ധമാണെങ്കിൽ മാത്രമേ അത്തരം പൊളിക്കൽ നടക്കൂവെന്നും എന്നാൽ വിഷയം കോടതിക്ക് മുന്നിൽ തെറ്റായി അവതരിപ്പിക്കുകയാണെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.
‘നിങ്ങൾ ഇത് അംഗീകരിക്കുകയാണെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. അവൻ ഒരു ശല്യക്കാരനോ കുറ്റവാളിയോ ആയതുകൊണ്ട് മാത്രം എങ്ങനെ വീട് പൊളിക്കാൻ കഴിയും - ജസ്റ്റിസ് ഗവായ് ചോദിച്ചു. നിർമാണം അനധികൃതമാണെങ്കിൽ പിഴ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഞങ്ങളതിന് ഒരു നടപടിക്രമം തയാറാക്കും. മുനിസിപ്പൽ നിയമങ്ങൾ ലംഘിച്ചാൽ മാത്രമേ പൊളിക്കുകയുള്ളൂവെന്ന് നിങ്ങൾ പറയുന്നു. അതിനാൽ മാർഗനിർദേശങ്ങൾ ആവശ്യമാണെന്നും അത് രേഖപ്പെടുത്തേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
എന്തുകൊണ്ടാണ് ഇത്തരം കേസുകളിൽ പൊളിക്കാൻ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു. ആദ്യം നോട്ടീസ് നൽകുക, ഉത്തരം നൽകാൻ സമയം നൽകുക, നിയമപരമായ പരിഹാരങ്ങൾ തേടാൻ സമയം നൽകുക, തുടർന്ന് പൊളിക്കുക എന്നിങ്ങനെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ അനധികൃത നിർമാണത്തെ പ്രതിരോധിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ക്ഷേത്രം ഉൾപ്പടെ പൊതു റോഡുകളെ തടസ്സപ്പെടുത്തുന്ന ഒരു നിയമവിരുദ്ധ ഘടനയും തങ്ങൾ സംരക്ഷിക്കില്ല. പക്ഷേ പൊളിക്കുന്നതിന് മാർഗനിർദേശങ്ങൾ ഉണ്ടായിരിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും സി.യു സിങ്ങും ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടി ചൂണ്ടിക്കാട്ടി. ചില കേസുകളിൽ വാടകക്ക് നൽകിയ വസ്തു പൊളിച്ചുമാറ്റിയതായും അഭിഭാഷകർ പറഞ്ഞു. ഉടമയുടെ മകനോ വാടകക്കാരനോ ഉൾപ്പെട്ടതിനാൽ 50-60 വർഷം പഴക്കമുള്ള വീടുകൾ വരെ അവർ തകർത്തുവെന്നും സിങ് പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ ഒരു വിദ്യാർഥി തന്റെ സഹപാഠിയെ കുത്തിക്കൊലപ്പെടുത്തിയതിനെത്തുടർന്ന് വീട് പൊളിച്ചതായിരുന്നു മറ്റൊരു വിഷയം. ഒരാളുടെ മകൻ ശല്യക്കാരനാണെങ്കിൽ അയാളുടെ വീട് പൊളിക്കുന്നത് ശരിയായ വഴിയല്ലെന്നും ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു. സെപ്തംബർ 17ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് പറഞ്ഞ കോടതി ഈ പ്രശ്നം പരിഹരിക്കാനുള്ള നിർദേശങ്ങളും ക്ഷണിച്ചു.
ക്രിമിനൽ കേസുകളിലെ പ്രതികളുടെ വീടുകൾ പൊളിച്ചതിനെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ‘ബുൾഡോസർ നീതി’ എന്ന പ്രയോഗം വളരെ സാധാരണമായിരുന്നു. ഒരു വ്യക്തിക്കെതിരായ ആരോപണം തെളിയിക്കപ്പെടുന്നതിന് മുമ്പുതന്നെ എങ്ങനെ നടപടിയെടുക്കുമെന്ന് പലരും ചോദ്യം ചെയ്തതോടെ ‘ബുൾഡോസർ നീതി’ ശക്തമായ വിമർശനത്തിന് വിധേയമായി. ഒരാൾ ചെയ്ത കുറ്റത്തിന് ഭരണകൂടം മുഴുവൻ കുടുംബത്തെയും ശിക്ഷിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദ്യമുയരുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.