നിസാമുദ്ദീൻ മർകസ് കേസ്: ലോക്ഡൗണിൽ പള്ളിയിൽ താമസിക്കുന്നത് എങ്ങനെ നിയമലംഘനമാവും? -ഹൈകോടതി
text_fieldsന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിനെത്തിയവർ നിസാമുദ്ദീൻ മർകസിൽ താമസിച്ചതുവഴി ഏത് ഉത്തരവാണ് ലംഘിച്ചതെന്ന് വ്യക്തമാക്കാൻ ഡൽഹി പൊലീസിനോട് ഹൈകോടതി. ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ ആർക്കും പുറത്തിറങ്ങാൻ പറ്റാതായി. ആ സമയത്ത് താമസം മാറുന്നത് അസാധ്യമായിരുന്നു. പിന്നെ എങ്ങനെ നിയമലംഘനമാകുമെന്നും ഹൈകോടതി ജസ്റ്റിസ് മുക്ത ഗുപ്ത ചോദിച്ചു.
ലോക്ഡൗണിൽ ആളുകൾ അമ്പലങ്ങളിലും ഗുരുദ്വാരകളിലും പള്ളികളിലും തങ്ങാൻ പാടില്ലെന്ന നിയമമുണ്ടായിരുന്നോ എന്നും പൊലീസിനോട് കോടതി ആരാഞ്ഞു.
നിസാമുദ്ദീൻ മർകസിൽ താമസിച്ചുവെന്നു മാത്രമാണ് എഫ്.ഐ.ആറിൽ പറയുന്നത്. അവിടെ താമസിക്കുക എന്നതിന് അർഥം കോവിഡ് പരത്തി എന്നാകുമോ എന്ന് ഹരജിക്കാർ ചോദിച്ചു.
തബ്ലീഗ് ജമാഅത്ത് രീതി അനുസരിച്ച് വനിതകൾക്ക് മർകസിൽ താമസിക്കാൻ സാധിക്കില്ല. വിദേശത്തുനിന്നുവരുന്ന സ്ത്രീകൾ സ്വകാര്യവീടുകളിലും മറ്റും താമസിക്കുകയാണ് പതിവ്. എന്നാൽ, അത്തരം സ്വകാര്യ വീടുകളുടെ ഉടമകൾക്കെതിരെ പോലും കേസ് എടുത്തിട്ടുണ്ടെന്നും ഹരജിക്കാർക്കുവേണ്ടി അഭിഭാഷക അഷിമ മണ്ട്ല കോടതിയിൽ ചൂണ്ടിക്കാട്ടി.
കേസിെൻറ തൽസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ചുമാസം മുമ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് ഇതുവരെ നൽകിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പൊലീസിന് കോടതി അന്ത്യശാസനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.