പ്രതിക്ക് കിട്ടാത്ത കുറ്റപത്രം മാധ്യമങ്ങൾക്ക് കിട്ടുന്നതെങ്ങനെ? -ഉമർ ഖാലിദ്
text_fieldsന്യൂഡൽഹി: ഒരു പകർപ്പുപോലും തരാതെ തെൻറ പേരിലുള്ള കുറ്റപത്രങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് ആരാണെന്ന് യു.എ.പി.എ ചുമത്തപ്പെട്ട ഉമർ ഖാലിദ് വിചാരണ കോടതിയോട് ചോദിച്ചു. ഉമർ ഖാലിദിനെതിരെ ഒരു വിഭാഗം 'മാധ്യമ വിചാരണ' തുടങ്ങിയ പശ്ചാത്തലത്തിലാണ് ഉമർ ഖാലിദ് അഭിഭാഷകൻ മുഖേന ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ടേറ്റ് കോടതിയെ സമീപിച്ചത്.
ഡൽഹി വംശീയാതിക്രമ കേസിൽ തന്നെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് ഡിസംബർ 26ന് സമർപ്പിച്ച കുറ്റപത്രത്തിെൻറ പകർപ്പ് ഇതുവരെയും ലഭ്യമാക്കിയില്ലെന്ന് ഉമർ ഖാലിദ് ബോധിപ്പിച്ചു. എന്നാൽ, ഒരു വിഭാഗം മാധ്യമങ്ങൾ ഇൗ കുറ്റപത്രങ്ങളിലെ ഭാഗങ്ങളെന്ന് പറഞ്ഞ് തനിക്കെതിരെ അപവാദ കാമ്പയിൻ തുടങ്ങിയിരിക്കുന്നു. പ്രതിക്ക് ഒരു പകർപ്പ് കൊടുക്കുന്നതിനുമുമ്പ് കുറ്റപത്രം വെച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോടതിയുടെ വിചാരണക്ക് മുമ്പ് മുൻധാരണ സൃഷ്ടിക്കാനാണെന്ന് ഉമർ ഖാലിദ് കുറ്റപ്പെടുത്തി. കലാപത്തിൽ എെൻറ പങ്ക് ഞാൻ സമ്മതിച്ചു എന്നാണ് ഇൗ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
താൻ പൊലീസ് കസ്റ്റഡിയിലായിരിക്കേ ഒരു മൊഴിപോലും ഒപ്പിട്ട് നൽകിയിട്ടില്ലെന്നിരിക്കേ കലാപത്തിലെ പങ്ക് സമ്മതിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്ങനെയാണെന്ന് ഉമർ ഖാലിദ് ചോദിച്ചു. തെരഞ്ഞെടുത്ത ഭാഗങ്ങൾ ഇങ്ങനെ ചോർത്തുന്നതിൽ തീർച്ചയായും ഒരു പാറ്റേണുണ്ട്. അക്കാര്യം മനസ്സിൽവെച്ചാണ് കുറ്റപത്രം ആവർത്തിച്ച് ചോർത്തിക്കൊടുക്കുന്നതിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിക്കണമെന്ന് ആവശ്യപ്പെടുന്നത്. സ്വതന്ത്രവും നീതിപൂർവകവുമായ വിചാരണക്കുള്ള എെൻറ അവകാശത്തെയാണ് ചോർത്തൽ ഇത് ബാധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.