'മനസാക്ഷിക്ക് നിരക്കാത്തതാണ്; ഒരു ജാമ്യാപേക്ഷയെ കൈകാര്യം ചെയ്യുന്ന രീതി ഞെട്ടിക്കുന്നു'
text_fieldsന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെ.എൻ.യു വിദ്യാർഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡൽഹി ഹൈകോടതി മാറ്റിയതിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നവംബർ 25ലേക്കാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്. വിദ്യാർഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, യുനൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് സ്ഥാപകൻ ഖാലിദ് സൈഫി തുടങ്ങിയവരുടെ ജാമ്യാപേക്ഷയും പരിഗണിക്കുന്നത് ഹൈകോടതി മാറ്റിയിരിക്കുകയാണ്.
'മനസാക്ഷിക്ക് നിരക്കാത്തതാണ്; ഒരു ജാമ്യാപേക്ഷയെ ഇതുപോലെ കൈകാര്യം ചെയ്യാൻ അവർക്ക് എങ്ങിനെ കഴിയുന്നു. സിറ്റിങ് ഇല്ലാതെ ഏഴ് ആഴ്ചക്ക് അപ്പുറത്തേക്ക് ഹരജി പരിഗണിക്കുന്നത് മാറ്റുകയാണ്. ഞെട്ടിക്കുന്നതാണിത്' -പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ഹരജി പരിഗണിക്കുന്നത് നിരന്തരം മാറ്റുന്നതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി മാറ്റിയത്. നേരത്തെ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈകോടതിയിലെ ജസ്റ്റിസ് അമിത് ശര്‍മ പിന്മാറിയിരുന്നു.
2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരനാണെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. ഉമർ ഖാലിദ് വിചാരണയോ ജാമ്യമോ ഇല്ലാതെ രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് നാലു വർഷം പൂർത്തിയായി.
53 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2020 സെപ്റ്റംബർ 14നാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്. ജാമ്യം തേടി നിരവധി തവണ ഖാലിദ് കോടതികളെ സമീപിച്ചെങ്കിലും പുറത്തേക്കുള്ള വഴി തുറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.