ആ ഫലങ്ങൾ പാളിയതിങ്ങനെ; വിശദീകരണവുമായി ആക്സിസ് മൈ ഇന്ത്യ
text_fieldsന്യൂഡൽഹി: എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പാളിയതിന് പിന്നാലെ വിശദീകരണവുമായി ആക്സിസ് മൈ ഇന്ത്യ. ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും പ്രവചനങ്ങൾക്ക് കടകവിരുദ്ധമായ ഫലങ്ങളാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഏജൻസി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ഈ സംസ്ഥാനങ്ങളിൽ സർവേ പിഴച്ചതിന് പിന്നിലുള്ള കാരണങ്ങൾ വിശദീകരിക്കുന്നു.
ഉത്തർപ്രദേശിൽ കഴിഞ്ഞ തവണത്തേക്കാൾ പാർലമെന്ററി മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം കുറവായിരുന്നു. ഇതോടെ ഏത് മേഖലകളാണ് തെരഞ്ഞെടുപ്പിനോട് മുഖംതിരിച്ചതെന്ന് കൃത്യമായി കണക്കാക്കാൻ ബുദ്ധിമുട്ടായെന്ന് ഏജൻസി പറയുന്നു.
ബി.ജെ.പിയോടും ബി.എസ്.പിയോടും ചേർന്നുനിന്നിരുന്ന പിന്നാക്ക വിഭാഗങ്ങൾ ഇൻഡ്യ മുന്നണിയോട് അനുഭാവം പ്രകടിപ്പിക്കുന്നത് തിരിച്ചറിയുന്നതിലും പരാജയമുണ്ടായി. ഉത്തർപ്രദേശിൽ 80 സീറ്റുകളുള്ളതിൽ 25ലും ഈ മാറ്റം നിർണായക സ്വാധീനമായതോടെയാണത്രെ പ്രവചനത്തിൽ പിഴവുണ്ടായത്.
പശ്ചിമ ബംഗാളിൽ സർവേ ദുഷ്കരമായിരുന്നു. ഇവിടെ രാഷ്ട്രീയ കലാപങ്ങളടക്കം ചരിത്രത്തിലുള്ളതിനാൽ ആളുകൾ തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ തുറന്നുപറയാൻ താൽപര്യം കാണിക്കാത്തത് കണക്കുകൂട്ടലുകളെ പ്രതികൂലമായി ബാധിച്ചു. പശ്ചിമ ബംഗാളിൽ ഇക്കുറി നിശ്ശബ്ദ വോട്ടർമാർ വിധിനിർണയിക്കുന്നതിൽ നിർണായക ഘടകമായിരുന്നുവെന്നും ആക്സിസ് മൈ ഇന്ത്യ പറയുന്നു.
മഹാരാഷ്ട്രയിൽ ഇരുമുന്നണികൾക്കുമിടയിൽ കാര്യമായ വോട്ടുവ്യത്യാസമില്ലായിരുന്നു. എന്നാൽ, പ്രകാശ് അംബേദ്കറുടെ വാഞ്ചിത് ബഹുജൻ അഘാഢി പാർട്ടിയുടെ രണ്ടുശതമാനത്തോളം വരുന്ന വോട്ട് ഇൻഡ്യ സഖ്യത്തിലേക്ക് മാറിയത് സംസ്ഥാനത്തെ ഫലത്തെ ആകെ ബാധിച്ചതായും ആക്സിസ് മൈ ഇന്ത്യ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.