പ്രതിഷേധം കലാപമല്ല; ലഘുലേഖ ബോംബല്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രതിഷേധം കലാപത്തിനുള്ള ആഹ്വാനമാകുന്നത് എങ്ങനെ? സിദ്ദീഖ് കാപ്പൻ കലാപത്തിൽ ഉൾപ്പെട്ടതിന് വല്ല തെളിവുമുണ്ടെങ്കിൽ കാണിക്കൂ. കാപ്പന്റെ പക്കൽനിന്ന് തിരിച്ചറിയൽ കാർഡുകളും ചില ലഘുലേഖയുമല്ലാതെ, സ്ഫോടക വസ്തുക്കൾ എന്തെങ്കിലും കണ്ടെടുത്തിരുന്നോ? -സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ നിലപാടിനു മുന്നിൽ യു.പി സർക്കാർ അഭിഭാഷകൻ മഹേഷ് ജത്മലാനിക്ക് ഉത്തരംമുട്ടി.
അഭിപ്രായം പറയാൻ ഓരോരുത്തർക്കും അവകാശമുണ്ട്. ഇരക്ക് നീതി കിട്ടണമെന്ന് പറയാനും പൊതുശബ്ദം ഉയർത്താനുമാണ് പ്രതി ശ്രമിച്ചത്. നിയമത്തിനു മുന്നിൽ അതൊരു കുറ്റമാണോ? 2012ൽ ഇന്ത്യ ഗേറ്റിൽ പ്രതിഷേധം നടന്നിട്ടുണ്ടെന്ന് നിർഭയ സംഭവം ഓർമിപ്പിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമംതന്നെ പൊളിച്ചെഴുതുന്നതിനാണ് അത് വഴിയൊരുക്കിയതെന്ന് ഓർക്കണം.
ഒരു കാറിൽ യാത്രചെയ്യുകയായിരുന്നു, മറ്റു മൂന്നു പേർക്കൊപ്പമാണ് പിടി കൂടിയത്, കാറിൽ ചില ലഘുലേഖകൾ ഉണ്ടായിരുന്നു, മറ്റു മൂന്നു പേർക്ക് പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ട് എന്നെല്ലാം സർക്കാറിന് പറയാനുണ്ടാവും. എന്നാൽ ഈ കേസിന്റെ വിചാരണ ഉടനെയെങ്ങും തീരാൻ സാധ്യതയില്ല. ജാമ്യം നിഷേധിക്കാനോ ദീർഘകാലം കസ്റ്റഡിയിൽവെക്കാനോ വ്യക്തമായ തെളിവില്ലാതെ പറ്റില്ല. കലാപപ്രേരണക്കുള്ള പോപുലർ ഫ്രണ്ട് ഗൂഢാലോചനയുടെ ഭാഗമായിരുന്നു കാപ്പനെന്നും ഹാഥറസിനെ ചുറ്റിപ്പറ്റി പ്രചാരവേല നടന്നിരുന്നുവെന്നും മഹേഷ് ജത്മലാനി വാദിച്ചു. ഹാഥറസിൽ അസമാധാനം സൃഷ്ടിക്കാനുള്ള യാത്രയായിരുന്നു കാറിലുള്ളവരുടേത്.
കേസന്വേഷണം തുടരുകയാണ്. കൂട്ടുപ്രതികളുടെ മൊഴി പൊലീസിന്റെ പക്കലുണ്ടെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. പക്ഷേ, കൂട്ടുപ്രതികളുടെ മൊഴി തെളിവായി ഉപയോഗിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ലഘുലേഖയിൽ പ്രകോപനപരമായി എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് കോടതി ആരാഞ്ഞു. കലാപത്തിനുള്ള വെടിമരുന്നാണ് അതെന്ന വാദമാണ് സർക്കാർ അഭിഭാഷകൻ ഉന്നയിച്ചത്. എന്നാൽ ഹാഥറസ് പെൺകുട്ടിക്ക് നീതി നൽകണമെന്ന ലഘുലേഖയായിരുന്നു അതെന്ന് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
ലഘുലേഖയിൽ കാണുന്ന അപകടകരമായ സംഗതി എന്താണെന്ന് കോടതി ആരാഞ്ഞു. ഹാഥറസിലെ ദലിതർക്കിടയിൽ വിതരണം ചെയ്യാനുള്ളതായിരുന്നു അതെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. ഹാഥറസ് പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തെ അറിയിക്കാതെ പൊലീസ് എങ്ങനെ സംസ്കരിച്ചുവെന്നും മറ്റും അതിൽ പറയുന്നുണ്ട്. വികാരം ഇളക്കിവിടുകയായിരുന്നു ലക്ഷ്യം. ഹാഥറസിലെ ദലിതർപോലും ഈ പ്രചാരണം നടത്തിയില്ല; പോപുലർ ഫ്രണ്ട് നടത്തി. ഇ-മെയിൽ എങ്ങനെ അയക്കണം, സമൂഹമാധ്യമങ്ങളിൽ എങ്ങനെ പ്രചരിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളും ഉണ്ടായിരുന്നു.
പൊലീസ് കാണിക്കുന്ന ചില രേഖകൾ ഇന്ത്യയുമായി പോലും ബന്ധപ്പെട്ടതല്ലെന്ന് കപിൽ സിബൽ പറഞ്ഞു.
കാറിൽനിന്ന് കിട്ടിയെന്ന് പറയുന്ന ടൂൾ കിറ്റ് വിദേശഭാഷയിലുള്ളതാണ്. യു.പി പൊലീസ് നടത്തുന്നത് കുറ്റവിചാരണയല്ല; വേട്ടയാടലാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.