വെറും സമയം കൊല്ലി; ജമ്മുകശ്മീർ, ഹരിയാന എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ച് നേതാക്കൾ
text_fieldsന്യൂഡൽഹി: ജമ്മുകശ്മീർ, ഹരിയാന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി നേതാക്കൾ. ഹരിയാനയിൽ കോൺഗ്രസ് തരംഗമെന്നും ജമ്മുകശ്മീരിൽ നാഷനൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഹരിയാനയിൽ കനത്ത ഭൂരിപക്ഷം ലഭിക്കുമെന്നും തന്റെ പാർട്ടി സർക്കാർ രൂപവത്കരിക്കുമെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ പ്രതികരിച്ചു.
അതേസമയം, എക്സിറ്റ് പോളുകൾ വെറും സമയം കളയുന്നതാണെന്നായിരുന്നു നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ലയുടെ പ്രതികരണം. തന്റെ പാർട്ടിക്ക് അനുകൂലമായിട്ടും എക്സിറ്റ് പോളുകൾ അദ്ദേഹം തള്ളുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തെ എക്സിറ്റ് പോൾ ഫലങ്ങൾ ജനം കണ്ടതാണെന്നും ചാനലുകളിലെയും സാമൂഹികമാധ്യമങ്ങളിലെയും ഇത്തരത്തിലുള്ള ബഹളങ്ങൾ അവഗണിക്കുകയാണെന്നും ഒക്ടോബർ എട്ടിന് യഥാർഥ ഫലം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിൽ സമാന മനസ്കരായ പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കവീന്ദർ ഗുപ്ത പ്രതികരിച്ചു. ജമ്മുകശ്മീരിൽ ബി.ജെ.പിക്ക് 35ലേറെ സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. എക്സിറ്റ് പോളുകളെ തള്ളി രംഗത്തുവന്നിരിക്കുകയാണ് ബി.ജെ.പി ജനറൽ സെക്രട്ടറി തരുൺ ചുങ്. ഹരിയാനയിലും ജമ്മുകശ്മീരിലും ബി.ജെ.പി കേവല ഭൂരിപക്ഷം നേടി സർക്കാർ രൂപവത്കരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ്-എൻ.സി സഖ്യത്തിന് എക്സിറ്റ് പോളിൽ പ്രവചിച്ചതിനെക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് ജമ്മുകശ്മീരിലെ മുതിർന്ന കോൺഗ്രസ് നേതാവ് താരീഖ് അൻവറും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.