Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിങ്ങൾക്ക് എത്ര...

നിങ്ങൾക്ക് എത്ര മനുഷ്യരുടെ രക്തം വേണം? -യു.പി പൊലീസ് വെടിവെപ്പിനെതിരെ അസദുദ്ദീൻ ഉവൈസി

text_fields
bookmark_border
Asaduddin Owaisi
cancel

ഹൈദരാബാദ്: ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്തുന്നതിനെതിരെ ഉത്തർപ്രദേശിലെ സംഭാൽ ജില്ലയി​ൽ പ്രതിഷേധിച്ചവരെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയിൽ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. പൊലീസ് വെടിവെപ്പിനെ ശക്തമായി അപലപിച്ച ഉവൈസി, നിങ്ങൾക്ക് എത്ര മനുഷ്യരുടെ രക്തം വേണമെന്ന് എക്സിൽ എഴുതിയ കുറിപ്പിൽ ചോദിച്ചു. സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും മൂന്ന് പേരെ കൊലപ്പെടുത്തിയതിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നയീം, ബിലാൽ, നുഅ്മാൻ എന്നീ യുവാക്കളാണ് സംഭാലിൽ പൊലീസ് വെടിവെപ്പിൽ ​കൊല്ലപ്പെട്ടത്. സമരക്കാർ സർക്കാർ വാഹനങ്ങൾ കത്തിക്കാനും കല്ലെറിയാനും ശ്രമിച്ചതായി പൊലീസ് ആരോപിച്ചു. രണ്ട് വനിതകളടക്കം പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചരിത്ര പ്രസിദ്ധമായ ഉത്തർപ്രദേശിലെ സംഭൽ ശാഹി ജമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് പണ്ട് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോയെന്ന് പരിശോധിക്കാൻ നടത്തിയ സർവേയാണ് പ്രതിഷേധത്തിനിടയാക്കിയത്. കല്ലേറിൽ 30ഓളം പൊലീസുകാർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. സംഘർഷത്തിനിടയിൽ പൂർത്തിയാക്കിയ സർവേ റിപ്പോർട്ട് 29ന് കോടതിയിൽ സമർപ്പിക്കും.

മഥുര ശാഹി ഈദ്ഗാഹും വാരാണസി ഗ്യാൻവാപി മസ്ജിദും ക്ഷേത്രം നിർമിക്കാൻ വിട്ടുതരണമെന്ന് ഹിന്ദുത്വ തീവ്രവാദികൾ ആവശ്യമുന്നയിക്കുന്നതിനിടയിലാണ് സംഭലിൽ മുഗൾ കാലത്ത് പണിത ശാഹി ജമാ മസ്ജിദിന് മേലും അവകാശവാദമുന്നയിച്ചിരിക്കുന്നത്. കോടതി ഉത്തരവിനെതുടർന്നായിരുന്നു സർവേ. തുടർന്ന് ചൊവ്വാഴ്ച രാത്രി ആദ്യ സർവേ നടത്തിയതോടെ സംഭലിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു.

സർവേ നടത്താൻ യു.പി കോടതി ഉത്തരവിട്ടതിന് പിന്നാലെ 19ന് രാത്രിതന്നെ കോടതി നിയോഗിച്ച അഡ്വക്കറ്റ് കമീഷണറുടെ നേതൃത്വത്തിൽ സർവേ തുടങ്ങിയിരുന്നു. എന്നാൽ, അന്ന് രാത്രി നടത്തിയ സർവേ വെളിച്ചമില്ലാത്തതിനാൽ പൂർത്തിയായില്ലെന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് കനത്ത പൊലീസ് സന്നാഹത്തിൽ ജമാ മസ്ജിദിലേക്ക് വീണ്ടും സർവേ നടത്താൻ എത്തിയത്.

പ്രതിഷേധിച്ച് പള്ളിക്ക് ചുറ്റും ആയിരത്തോളം പേർ തടിച്ചുകൂടി. ഇവരെ വിരട്ടിയോടിച്ച് പൊലീസ് വഴിയൊരുക്കുന്നതിനിടയിൽ പ്രതിഷേധക്കാരിൽ ചിലർ പൊലീസിന് നേരെ കല്ലെറിയുകയും പത്തോളം വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിനിടയിലാണ് മൂന്ന് പ്രതിഷേധക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയത്. പൊലീസ് സൂപ്രണ്ടിന്റെ ഗൺമാൻ അടക്കം 30 പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റയതായി മുറാദാബാദ് ഡിവിഷനൽ കമീഷണർ അഞ്ജനേയ കുമാർ സിങ് പറഞ്ഞു.

സംഘർഷത്തിനിടയിൽ കോടതി നിർദേശിച്ചപോലെ ചിത്രങ്ങളെടുത്തും വിഡിയോ റെക്കോഡ് ചെയ്തും അഡ്വക്കറ്റ് കമീഷണറും സംഘവും സർവേ പൂർത്തിയാക്കുകയായിരുന്നു. അതേസമയം, ഉപതെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുയർന്ന പരാതിയിൽനിന്ന് ശ്രദ്ധതെറ്റിക്കാൻ യോഗി സർക്കാർ ബോധപൂർവം അശാന്തി സൃഷ്ടിക്കുകയാണെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. അത് കൊണ്ടാണ് ഉപതെരഞ്ഞെടുപ്പ് ഫലമറിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ സർവേ സംഘത്തെ പള്ളിയിലേക്ക് അയച്ചതെന്നും അഖിലേഷ് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asaduddin Owaisiup police firingsambhal police shooting
News Summary - How many people’s blood do you need: Asaduddin Owaisi reacts to Sambhal violence
Next Story