‘വിമാനത്താവളങ്ങൾ അദാനിക്ക് നൽകാൻ എത്ര ടെമ്പോ പണം ലഭിച്ചു?’ -മോദിയോട് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: രാജ്യത്തെ എയർപോർട്ടുകൾ ശതകോടീശ്വരനായ ബിസിനസുകാരൻ ഗൗതം അദാനിക്ക് തീറെഴുതിക്കൊടുക്കാൻ എത്ര ടെമ്പോ പണം ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനിയും അംബാനിയും കോൺഗ്രസിന് അർധരാത്രി ടെമ്പോകളിൽ കള്ളപ്പണം നൽകിയെന്ന് കുറച്ചുദിവസങ്ങൾക്കു മുമ്പ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ആരോപിച്ചിരുന്നു. എങ്കിൽ, ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എത്രയും വേഗം അന്വേഷണം നടത്തണമെന്ന് തിരിച്ചടിച്ച് രാഹുൽ രംഗത്തുവന്നു. ഇതിനുശേഷം ഇതേക്കുറിച്ച് മോദി ഒരിടത്തും മിണ്ടിയതേയില്ല.
അദാനിയുമായി മോദിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ വീണ്ടും രംഗത്തുവന്നത്. ലഖ്നോ വിമാനത്താളത്തിൽനിന്ന് മുംബൈക്കുള്ള യാത്രക്കിടെയാണ് സമൂഹ മാധ്യമമായ ‘എക്സി’ൽ രാഹുലിന്റെ പൊള്ളുന്ന ചോദ്യം.
‘ഇന്ന് ഞാൻ ലഖ്നോ വിമാനത്താവളത്തിലുണ്ടായിരുന്നു. ഇവിടുന്ന് മുംബൈ വരേക്കും ഗുവാഹത്തിയിൽനിന്ന് അഹ്മദാബാദ് വരേക്കും എല്ലാ വിമാനത്താവളങ്ങളും പ്രധാനമന്ത്രി തന്റെ ‘ടെമ്പോ സുഹൃത്തി’ന് നൽകിയിരിക്കുകയാണ്. എത്ര ടെമ്പോകൾക്കാണ് രാജ്യത്തിന്റെ ആസ്തികൾ വിറ്റത്? ഇക്കാര്യം നരേന്ദ്ര മോദി രാഷ്ട്രത്തോട് പറയുമോ?’ -രാഹുൽ ചോദിച്ചു. മുംബൈ, അഹ്മദാബാദ്, ലഖ്നോ, മംഗളൂരു, ഗുവാഹത്തി, തിരുവനന്തപുരം എയർപോർട്ടുകളെ വിഡിയോയിൽ രാഹുൽ പരാമർശിച്ചു.
‘2020നും 2021നുമിടക്ക് നികുതിദായകരുടെ പണം കൊണ്ട് നിർമിച്ച ഏഴു വിമാനത്താവളങ്ങളാണ് 50 വർഷത്തേക്ക് ഗൗതം ഭായിക്ക് നൽകിയത്. ഇതിനായി എത്ര ടെമ്പോകളെടുത്തു എന്നത് ജനങ്ങളോട് പറയണം. എപ്പോഴാണ് ഇതിന്റെ അന്വേഷണം തുടങ്ങുന്നത്? അദാനിയും അംബാനിയും ഞങ്ങൾക്ക് കള്ളപ്പണം നൽകിയെന്ന് അഞ്ചോ ആറോ ദിവസം മുമ്പാണ് നിങ്ങൾ പറഞ്ഞത്. ഇ.ഡിയെയും സി.ബി.ഐയെയും അന്വേഷണത്തിന് പറഞ്ഞയക്കൂ’ -രാഹുൽ പരിഹസിച്ചു. വിമാനത്താവളത്തിലെ അദാനി ഡിഫൻസ് ആൻഡ് ഏറോസ്പേസിന്റെ പരസ്യവും വിഡിയോയിൽ രാഹുൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.