'എത്രകാലം ശ്രീരാമനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് ബി.ജെ.പിയുടെ ഉദ്ദേശം'; വിമർശവുമായി കപിൽ സിബൽ
text_fieldsന്യൂഡൽഹി: രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി എത്രകാലം ശ്രീരാമനെ ഉപയോഗിക്കുമെന്ന് കപിൽ സിബൽ എം.പി. ശ്രീരാമനെ ആയുധമാക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ഗുണങ്ങളൊന്നും ഭരണകക്ഷിയുടെ ഭരണം പ്രതിപാദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അയോധ്യയിൽ രാമക്ഷേത്രം ഉയരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ശ്രീരാമന്‍റെ ആഗമനം ആസന്നമായിരിക്കുന്നുവെന്നും അടുത്ത വർഷം രാമനവമി ദിനത്തിൽ ക്ഷേത്രത്തിൽ നിന്നും ഉയരുന്ന പ്രാർഥനകൾ ലോകത്ത് സന്തോഷം വിതയ്ക്കുമെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കപിൽ സിബലിന്‍റെ വിമർശനം.
"നിങ്ങൾ എത്രകാലം ശ്രീരാമനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കും? ധീരത, സ്നേഹം, അനുസരണ, അനുകമ്പ, സമചിത്തത തുടങ്ങി ശ്രീരാമന്‍റെ സദ്ഗുണങ്ങൾ എന്തുകൊണ്ടാണ് നിങ്ങൾ സ്വീകരിക്കാത്തത്? നിങ്ങളുടെ ഭരണം ഈ ഗുണങ്ങളൊന്നും പ്രതിപാദിക്കുന്നതല്ല" സിബൽ എക്സിൽ കുറിച്ചു.
കഴിഞ്ഞ വർഷം മേയിൽ സിബൽ കോൺഗ്രസിൽ വിട്ട് സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് എം.പി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഇതര പ്ലാറ്റ്ഫോമായ ഇൻസാഫ് എന്ന പദ്ധതിയും അദ്ദേഹം ആരംഭിച്ചിരുന്നു.
അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയ അവസരം അനുഗ്രഹീതമായി തോന്നുന്നുവെന്നായിരുന്നു ക്ഷണം സ്വീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. "വൈകാരികമായ ഒരു ദിവസമാണ് ഇന്ന്. ശ്രീരാമ ജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ എന്റെ വീട്ടിൽ വന്ന് എന്നെ കണ്ടിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചു. ജീവിതകാലത്ത് ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് ഏറെ അനുഗ്രഹമായാണ് കാണുന്നത്" മോദി എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.