മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ മോദി വോട്ടുപിടിക്കുന്നതിങ്ങനെ
text_fieldsഫലം പ്രവചനാതീതമായ ബിഹാറിൽ കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ കിഷൻഗഞ്ച് ലോക്സഭ മണ്ഡലത്തിലെ ഗ്രാമീണ ബൂത്തുകളിൽ കയറിയിറങ്ങുകയായിരുന്നു. കാശിബാഡിയിലെയും ബഹദൂർഗഞ്ചിലെയും ബൂത്തുകളിലേക്ക് വഴി കാണിക്കാനും ഗ്രാമീണരുടെ പ്രാദേശിക ഭാഷ ഗ്രഹിക്കാനും കൂടെ കൂട്ടിയത് സീതാമഢിക്കാരൻ മുഹമ്മദ് നദീം അശ്റഫിനെ.
ഉവൈസിയുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായി ‘മീമി’നോട് അനുഭാവം പുലർത്തുന്ന നദീമിന്റെ വോട്ട് സീതാമഢിയിലാണെങ്കിലും കിഷൻ ഗഞ്ചിൽ ‘മീം’ (മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ) ജയിക്കുമെന്ന ആവേശത്തിലായിരുന്നു. സംസ്ഥാന പ്രസിഡന്റും പാർട്ടിയുടെ ഏക എം.എൽ.എയുമായ അഖ്തറുൽ ഈമാന് അതുപോലെ പ്രസംഗിക്കാനാകുമെന്ന ആത്മവിശ്വാസവും നദീം പ്രകടിപ്പിച്ചിരുന്നു.
അതിനാൽതന്നെ അഞ്ച് കൊല്ലം ലോക്സഭയിൽ മിണ്ടാതിരുന്ന കോൺഗ്രസിന്റെ സിറ്റിങ് എം.പി ഡോ. ജാവേദിനെക്കാൾ ഭേദമാകും എന്ന അഭിപ്രായവും പ്രകടിപ്പിച്ചു. വോട്ടെടുപ്പിന്റെ തല്ലേന്നാൾവരെ ഈ ആവേശത്തിലും ആത്മവിശ്വാസത്തിലുമായിരുന്നു നദീം.
കാശിബാഡി സ്കൂളിലെ ബൂത്തിൽ നിന്നിറങ്ങിവന്ന മധ്യവയസ്കരായ ദമ്പതികളോട് സംസാരിച്ചപ്പോൾ താൻ കോൺഗ്രസിന്റെ കൈപ്പത്തിക്ക് കുത്തിയെന്ന് പറഞ്ഞ ഗൃഹനാഥൻ ഭാര്യയെ ചൂണ്ടി അവളുടെ വോട്ട് ഉവൈസിയുടെ പട്ടത്തിനാണെന്നും കൂട്ടിച്ചേർത്തു. വീട്ടിലുള്ള മറ്റുള്ള വോട്ടുകളോ എന്ന് ചോദിച്ചപ്പോൾ ചെറുപ്പക്കാരുടെ വോട്ട് പട്ടത്തിനും മുതിർന്നവരുടേത് കൈപ്പത്തിക്കുമാണെന്നും അദ്ദേഹം തുടർന്നു.
അപ്പോൾ പട്ടത്തിന്റെ ആളുകളാണോ ഈ ബൂത്തിൽ കൂടുതലെന്ന് തിരിച്ചുചോദിച്ചപ്പോൾ അല്ല കൈപ്പത്തിക്കായിരിക്കുമെന്ന് അദ്ദേഹം തിരുത്തി. പട്ടം കുറച്ചൊക്കെ വോട്ടുപിടിച്ചാലും ജയിക്കുന്നത് കൈപ്പത്തിയാകുമെന്ന് അദ്ദേഹം തറപ്പിച്ചു.
എൻ.ഡി.എ സ്ഥാനാർഥിക്കോ എന്ന ചോദ്യത്തിന് 50- 100 മുസ്ലിം വോട്ടുകളൊക്കെ ഓരോ ബൂത്തിലും ജനതാദൾ -യുവിന്റെ മാസ്റ്റർ മുജാഹിദിനും കിട്ടുന്നുണ്ടെന്ന് പറഞ്ഞതോടെ നദീമിന് ആധിയായി. അടുത്ത ബൂത്തിലേക്കുള്ള വഴിയിൽ വോട്ടുചെയ്ത് മടങ്ങുന്ന പ്രായം ചെന്ന മുസ്ലിം വോട്ടർ വളരെ നിഷ്കളങ്കമായി താനും കുടുംബവും അമർത്തിയത് തീറി(അമ്പ്)ന്റെ ബട്ടണിലാണെന്നുകൂടി പറഞ്ഞതോടെ അവന്റെ ആധിയേറി.
ആ വോട്ട് മോദിക്ക് പോയില്ലേ എന്ന് ചോദിച്ച നദീമിനോട് മാസ്റ്റർ മുജാഹിദിന്റെ അമ്പ് ചിഹ്നത്തിലാണല്ലോ താൻ ചെയ്തതെന്നും അതെങ്ങനെ മോദിക്കാകുമെന്നും വളരെ നിഷ്കളങ്കമായി ആ മനുഷ്യൻ തിരിച്ചുചോദിച്ചു.
അമ്പിന് ചെയ്ത വോട്ട് മോദിക്ക് പോകുമോ എന്ന സന്ദേഹത്തോടെ ഇപ്പറയുന്നത് ശരിയാണോയെന്ന് എന്നോടും അയാൾ ചോദിച്ചു. ഗ്രാമത്തിലെ മുസ്ലിം പ്രമാണിയുടെ വീട് ചൂണ്ടിക്കാട്ടി അവർ പറഞ്ഞതിനാൽ ഈ ഭാഗത്തെ ഒട്ടുമിക്ക മുസ്ലിം വീട്ടുകാരും അമ്പിന് കുത്തിയെന്ന വിവരവും അയാൾ പങ്കുവെച്ചു.
പിന്നീട് കണ്ട ബൂത്തിന് മുന്നിൽ നിൽക്കുന്ന ദീപകിനോട് കാറ്റ് എങ്ങോട്ടെന്ന് ചോദിച്ചപ്പോൾ ഒന്നും പറയാനാവാത്ത സ്ഥിതിയെന്ന് മറുപടി. പട്ടത്തിനും കൈപ്പത്തിക്കുമാണ് ഈ ബൂത്തിൽ കൂടുതൽ വോട്ടുകളെന്നും അതേസമയം 100-150 വോട്ടെങ്കിലും എൻ.ഡി.എ സ്ഥാനാർഥിക്കും വീണിട്ടുണ്ടെന്നും ആ ബൂത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ദീപക് പറഞ്ഞു.
മുസ്ലിം വോട്ടുകൾക്കായി കോൺഗ്രസും ഉവൈസിയും പരസ്യപ്രചാരണം പൊടിക്കുമ്പോൾ മുസ്ലിം വോട്ടുകളിൽ പത്ത് ശതമാനമെങ്കിലും കിട്ടാനുള്ള നിശ്ശബ്ദ പ്രവർത്തനത്തിലായിരുന്നു എൻ.ഡി.എ. മുസ്ലിം വോട്ടുകളിൽനിന്ന് ഒരു വിഹിതം പിടിക്കാൻ ഓരോ ഗ്രാമങ്ങളിലെയും തലയെടുപ്പുള്ള ഒന്നോ രണ്ടോ മുസ്ലിം പ്രമാണിമാരെ ‘കാര്യങ്ങൾ’ ഏൽപിക്കുകയാണ് ഇക്കുറി എൻ.ഡി.എ ചെയ്തത്.
മാസ്റ്റർ മുജാഹിദിനുള്ള വോട്ടാണെന്ന് പറഞ്ഞതിനാൽ മോദിക്കുള്ളതാണെന്ന വിഷയമുദിക്കുന്നുമില്ല. വൈകുന്നേരം വരെ വോട്ട് ബൂത്തിൽ എത്തിക്കുന്നതിൽ സജീവമായി നിന്ന മാസ്റ്റർ മുജാഹിദിന്റെ പ്രവർത്തകരെയും ദീപക് കാണിച്ചുതന്നു. അതേസമയം ഹിന്ദു സമുദായത്തിൽനിന്ന് ഇൻഡ്യ സഖ്യത്തിന്റെ ഡോ. ജാവേദിന് വോട്ടുകിട്ടുമെന്നും ആ വോട്ടുകൾകൂടി ആശ്രയിച്ചാകും കിഷൻഗഞ്ച് വിധി നിർണയിക്കുകയെന്നും ദീപക് പറഞ്ഞു.
ജാവേദിനും അഖ്തറിനുമിടയിലൂടെ എൻ.ഡി.എ എങ്ങാനും കയറിവരുമോ എന്ന വേവലാതിയോടെയാണ് നദീം അടുത്ത ബൂത്തിലേക്ക് കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.