കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഭാരത് ജോഡോ യാത്ര തുടരുന്ന രാഹുൽ ഗാന്ധി എവിടെ വോട്ട് ചെയ്യും?
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ തിരക്കിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ തിരക്കിനിടെ നാളെ നടക്കുന്ന കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അദ്ദേഹം എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തുക എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. യാത്ര തുടരുന്ന സാഹചര്യത്തിൽ നാളത്തെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കർണാടകയിൽ നിന്നാണ് വോട്ട് ചെയ്യുക. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ഇക്കാര്യം അറിയിച്ചത്.
ബെല്ലാരിയിലെ ഭാരത് ജോഡോ യാത്ര ക്യാമ്പിൽ വെച്ചാകും രാഹുൽ വോട്ട് രേഖപ്പെടുത്തുക. രാഹുൽ ഗാന്ധിക്കൊപ്പം 40 പി.സി.സി അംഗങ്ങളും വോട്ട് ചെയ്യുമെന്ന് ജയ്റാം രമേശ് അറിയിച്ചു. 22 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് മത്സരിക്കുന്നത്. ഒക്ടോബർ 19നാണ് വോട്ടെണ്ണൽ.
പാർട്ടിയുടെ പുതിയ അധ്യക്ഷന്റെ സ്വയംഭരണ അവകാശങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തുടരുകയാണ്. നേരത്തെ രാഹുൽ ഗാന്ധിയുടെ 'റിമോട്ട് കൺട്രോളി'ൽ ആയിരിക്കും പുതിയ അധ്യക്ഷൻ എന്ന ആരോപണം വിവിധ തലങ്ങളിൽ നിന്നുയർന്നിരുന്നു.
എന്നാൽ ആര് തെരഞ്ഞെടുക്കപ്പെട്ടാലും പാർട്ടി നടത്തിപ്പിലും തീരുമാനങ്ങൾ എടുക്കുന്നതിലും അയാൾക്ക് സ്വതന്ത്രമായ അധികാരം ഉണ്ടാകുമെന്നും റിമോട്ട് കൺട്രോൾ എന്ന് പറയുന്നത് രണ്ട് സ്ഥാനാർഥികൾക്കും അപമാനമുണ്ടാക്കുന്ന പരാമർശമാണെന്നും രാഹുൽ ഗാന്ധി ജോഡോ യാത്രക്കിടെ മറുപടി നൽകിയിരുന്നു. തെരഞ്ഞെടുപ്പിലേക്ക് സ്വാഗതം ചെയ്യുന്നെന്നും പാർട്ടിക്ക് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്നും സോണിയ ഗാന്ധി പറഞ്ഞതായി ശശി തരൂരും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.