ജീവിതം മാറ്റിമറിച്ച ആ സന്ദേശം; നന്ദിപൂർവം രത്തൻ ടാറ്റയെ അനുസ്മരിച്ച് ചെസ് താരം നിഹാൽ സരിൻ
text_fieldsെമലയാളി ചെസ് താരം നിഹാൽ സരിൻ ഒരിക്കലും രത്തൻ ടാറ്റയെ നേരിൽ കണ്ടിട്ടില്ല. രത്തൻ ടാറ്റയുടെ മരണവിവരമറിഞ്ഞപ്പോൾ ലണ്ടനിലുള്ള നിഹാൽ സാമൂഹിക മാധ്യമത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചു. ഗ്ലോബൽ ചെസ് ലീഗിന്റെ ഭാഗമായാണ് നിഹാൽ ലണ്ടനിലെത്തിയത്.
''രത്തൻ സാറിന് നിത്യശാന്തി നേരുന്നു. ടാറ്റ ട്രസ്റ്റിലെ എല്ലാവർക്കും നന്ദി. 2015ൽ എന്റെ പിതാവിന് ലഭിച്ച നിങ്ങളുടെ സന്ദേശമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. വളരെ ദുഃഖം നിറഞ്ഞ ദിനം.''-എന്നാണ് നിഹാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ചെസ് രംഗത്ത് ടാറ്റയുടെ കൈയൊപ്പിനെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ലോകത്തിലെ രണ്ട് പ്രധാന ചെസ് ടൂർണമെന്റുകൾ ടാറ്റ സ്റ്റീൽ ഇന്ത്യ ഇവന്റിന്റെയും സംഘത്തിന്റെയും പിന്തുണയോടെയാണ് നടക്കുന്നത്.
എന്നാൽ നിഹാലിന്റെ വളർച്ചയിൽ ടാറ്റക്കുള്ള പങ്കിനെ കുറിച്ച് അധികമാർക്കുമറിയില്ല. 2015ൽ ടാറ്റ ഗ്രൂപ്പിൽ നിന്നും നിഹാലിന്റെ പിതാവ് ഡോ. സരിൻ അബ്ദുൽ സലാമിനെ തേടി വിളി വന്നു. അന്ന് സരിന് 10 വയസേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയുടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാമെന്ന് പറഞ്ഞായിരുന്നു അത്. പകരമായി ഒന്നും അവർ ആവശ്യപ്പെട്ടില്ല. എന്നാൽ നിഹാലിന്റെ ചെസ് കരിയറിലെ വഴിത്തിരിവായിരുന്നു അത്. താരതമ്യേന പണച്ചെലവേറിയ കായിക ഇനമാണ് ചെസ്. കാരണം മത്സരങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരും.
2013ലും 2014ലും ദേശീയ, ഏഷ്യൻ മീറ്റുകളിലെ മെഡലുകൾക്ക് പുറമെ അണ്ടർ 10 ലോക ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിലും അണ്ടർ 10 ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലും മെഡലുകൾ വാരിക്കൂട്ടിയിരുന്നു നിഹാൽ. അപ്പോഴാണ് വളരെ ചെലവു പിടിച്ച ഇനമാണിതെന്ന് നിഹാലിന്റെ പിതാവ് തിരിച്ചറിഞ്ഞത്. വിദേശരാജ്യങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ നിഹാലിന് മാത്രമാണ് സംഘാടകർ ടിക്കറ്റ് അയക്കുക. 10 വയസ് മാത്രം പ്രായമുള്ള കുട്ടിയെ മറ്റൊരു രാജ്യത്തേക്ക് ഒറ്റക്ക് വിടാൻ ആരും തയാറാവില്ല. ആ സാഹചര്യത്തിൽ മാതാപിതാക്കളിൽ ആരെങ്കിലും ഒപ്പം പോകൽ നിർബന്ധമായിരിക്കും. യാത്ര ചെലവിനു പുറമെ, പരിശീലനത്തിനും പണം കൊടുക്കേണ്ടിവരും. സ്പോൺസർമാരെ ലഭിക്കാനും പ്രയാസമാണ്. സ്പോൺസർമാരെ തെരഞ്ഞുകൊണ്ടിരിക്കുന്ന അവസരത്തിലാണ് നിഹാലിന്റെ പിതാവിനെ തേടി ടാറ്റയുടെ ഫോൺ വരുന്നത്.
പണമില്ലാത്തതിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിഹാൽ കുറക്കുകയും ചെയ്തിരുന്നു.ഒരു അഭിമുഖത്തിനിടെ ഇക്കാര്യങ്ങൾ പിതാവ് സരിൻ പങ്കുവെക്കുകയും ചെയ്തിരുന്നു. ലേഖനം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കകം സഹായിക്കാമെന്ന് പറഞ്ഞ് ബോളിവുഡ് താരം നസീറുദ്ധീൻ ഷാ നിഹാലിന്റെ പിതാവിന് ഇ-മെയിൽ അയച്ചു. എന്നാൽ ഏതാനും സ്പോൺസർമാരെ പരിചയപ്പെടുത്തി തരണം എന്നഭ്യർഥിച്ച് അദ്ദേഹത്തിന് നിഹാൽ മറുപടി നൽകി. സമീപ മാസങ്ങളിൽ നിഹാൽ പങ്കെടുക്കാനുദ്ദേശിക്കുന്ന ചെസ് ടൂർണമെന്റുകളെ കുറിച്ചുളള വിവരങ്ങൾ നൽകാനും അതിനായി സ്പോൺസർമാരെ കണ്ടെത്താൻ സഹായിക്കുമെന്നും നസീറുദ്ധീൻ ഷാ ഉറപ്പു നൽകി.
ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സരിൻ പകുതി ഉറക്കത്തിലേക്ക് വീണപ്പോൾ ഫോൺ റിങ് ചെയ്തത്. അജ്ഞാത നമ്പറിൽ നിന്നായിരുന്നു വിളി. അതിനാൽ അറ്റന്റ് ചെയ്യാൻ ശ്രമിച്ചില്ല. പിറ്റേന്ന് രാവിലെ അതേ നമ്പറിൽ നിന്ന് വീണ്ടും വിളി വന്നു. എടുത്തപ്പോൾ രത്തൻ ടാറ്റക്കു വേണ്ടി വിളിക്കുകയാണ് എന്നാണ് മറുവശത്ത് നിന്ന് അറിയിച്ചത്. നിഹാൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ടൂർണമെന്റുകളിലേക്കും അതിന്റെ ചെലവിനെ കുറിച്ചും സംസാരം നീണ്ടു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നിഹാലിന്റെ പിതാവിന്റെ അക്കൗണ്ടിലേക്ക് പണം എത്തി. സ്പോൺസർമാരെ കണ്ടെത്താനായി നിഹാലിന്റെ പിതാവ് ഒരു പാട് ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ടാറ്റയുടെ സ്പോൺസർഷിപ്പ് ഒരുപാധികളും ഇല്ലാതെയായിരുന്നു. മൂന്നുവർഷം അതു തുടർന്നു. നിഹാൽ ഒരു അന്താരാഷ്ട്ര താരമായി പോലും വളരാത്ത കാലത്താണ് ലക്ഷങ്ങൾ ടാറ്റ മുടക്കിയത്. വളരെ വേഗമാണ് നിഹാൽ അന്താരാഷ്ട്ര താരമായി വളർന്നത്. ആ വളർച്ചയിൽ രത്തൻ ടാറ്റയുടെ പങ്ക് വിലമതിക്കാൻ കഴിയാത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.