യോഗ ചെയ്തും നടന്നും ബന്ധുക്കളോട് സംസാരിച്ചും തുരങ്കത്തിൽ ഒരാഴ്ച കഴിച്ചു കൂട്ടി തൊഴിലാളികൾ
text_fieldsഡെറാഡ്യൂൺ: ഒരാഴ്ചയായി ഉത്തരകാശിയിലെ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ് 41 തൊഴിലാളികൾ. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമാണെങ്കിലും അതിന് ദിവസങ്ങൾ എടുക്കുമെന്നാണ് കരുതുന്നത്. ഇത്രയും ദിവസം പ്രിയപ്പെട്ടവരോട് സംസാരിച്ചും തുരങ്കത്തിൽ സാധ്യമായ ഇടങ്ങളിലൂടെ ഇടക്കിടെ നടന്നുമാണ് 41 പേരും പിടിച്ചു നിന്നത്. ശാരീരികമായും മാനസികമായും സജ്ജമാകാൻ യോഗയെയും ആശ്രയിച്ചു. തുരങ്കത്തിന്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെയാണ് അവർ നടക്കുന്നത്. വാക്കിടോക്കിയിലൂടെയാണ് രക്ഷാപ്രവർത്തകരും കുടുംബാംഗങ്ങളും തൊഴിലാളികളുമായി സംസാരിക്കുന്നത്.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മാനസികാരോഗ്യത്തിന് മേൽനോട്ടം വഹിക്കാൻ സർക്കാർ ഒരു സൈക്യാട്രിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. അവരുമായി നിരന്തരം സമ്പർക്കം പുലർത്തുകയാണെന്ന് ഡോ. അഭിഷേക് ശർമ പറഞ്ഞു. യോഗ, നടത്തം തുടങ്ങിയ പ്രവർത്തനങ്ങൾ നിർദേശിക്കുകയും മനോവീര്യം നിലനിർത്താൻ അവർക്കിടയിൽ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഫ്ഡ് റൈസ്, ചേന, ഡ്രൈ ഫ്രൂട്ട്സ് എന്നിവയാണ് തൊളിലാളികളുടെ ജീവൻ നിലനിർത്തിയിരുന്നത്.
എന്നാൽ തിങ്കളാഴ്ച തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഭക്ഷണ സാധനങ്ങളുമായി ആറ് ഇഞ്ച് വിതരണ പൈപ്പ് അവർക്കിടയിലേക്ക് എത്തി. വാഴപ്പഴം, ആപ്പിൾ കഷ്ണങ്ങൾ, ഡാലിയ, ഖിച്ഡി എന്നിവയായിരുന്നു അവർക്ക് എത്തിച്ച് നൽകിയത്. അധികം താമസിയാതെ തൊഴിലാളികൾക്ക് മൊബൈൽ ഫോണുകളും ചാർജറുകളും ലഭ്യമാക്കാനും സർക്കാർ തയാറെടുക്കുകയാണ്. പൈപ്പിലൂടെ വിഷ്വൽ കണക്ഷൻ സ്ഥാപിക്കാൻ എൻഡോസ്കോപ്പിയിൽ ഉപയോഗിക്കുന്ന ക്യാമറകളും കൊണ്ടുവരാനാണ് നീക്കം.
തൊഴിലാളികൾക്ക് കൂടുതൽ ഭക്ഷണം എത്തിക്കാനായാണ് ആറ് ഇഞ്ച് വ്യാസമുള്ള കുഴൽ കടത്തിയത്. മണ്ണിടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ 53 മീറ്റർ നീളത്തിലുള്ള കുഴലാണ് തൊഴിലാളികളുള്ള മറുവശത്തേക്കു കയറ്റിയത്. ഇത് നിർണായകമാണെന്നും ഇതിലൂടെ റൊട്ടിയും കറിയും ഉൾപ്പെടെയുള്ള ഭക്ഷണവും മൊബൈൽ ഫോണുകളും ചാർജറുകളും എത്തിക്കാനാകുമെന്നും അധികൃതർ വിശദീകരിച്ചു.
അതിനിടെ ചില ഭക്ഷണ സാധനങ്ങൾ ദഹനപ്രശ്നങ്ങളും തലകറക്കവും ഉണ്ടാക്കുന്നതായി ചിലർ പരാതിപ്പെട്ടിട്ടുണ്ട്. അതിനുള്ള പ്രതിവിധികളും നൽകി. ശുചീകരണ പ്രവർത്തനങ്ങൾക്കായി ടണലിനുള്ളിൽ തന്നെ പ്രത്യേക സ്ഥലം ഇവർ തയാറാക്കിയിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും ടണലിനുള്ളിൽ സ്വാഭാവിക ജലസ്രോതസ്സുള്ളത് തൊഴിലാളികൾക്ക് അനുഗ്രഹമാണെന്നും ഡോ ശർമ പറഞ്ഞു. ഈ വെള്ളം കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി അവർ ഉപയോഗിക്കുകയാണ്. വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ക്ലോറിൻ ഗുളികകളും നൽകി.
ഓരോ അരമണിക്കൂർ ഇടവിട്ട് ഇവർക്ക് ഭക്ഷണം നൽകിക്കൊണ്ടിരിക്കുകയാണ് അധികൃതർ. രണ്ട്-മൂന്ന് മണിക്കൂറുകൾക്കിടയിൽ ആശയവിനിമയവും നടത്തുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ബന്ധുക്കൾ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരും പതിവായി അവരുമായി ഇടപഴകുന്നു. അടഞ്ഞ ഇടമായതിനാൽ തണുപ്പോ കൊതുകിന്റെ ശല്യമോ സംബന്ധിച്ച പ്രശ്‌നങ്ങളൊന്നുമില്ല. 41 തൊഴിലാളികളാണ് നവംബർ 12നുണ്ടായ അപകടത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.