കേന്ദ്ര സർക്കാറിനെ പ്രതിക്കൂട്ടിലാക്കി പെഗസസ് ചാരവൃത്തി ചുരുൾ നിവർന്നതെങ്ങനെ
text_fieldsചെന്നൈ: രാജ്യത്തെ രാഷ്ട്രീയ നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങി പലരുടെയും ഫോൺ സംഭാഷണങ്ങളും ആശയവിനിമയങ്ങളും ഇസ്രായേൽ കമ്പനി എൻ.എസ്.ഒയുടെ പെഗസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തിയത് പുറംലോകമറിയുന്നത് ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ. മാർച്ച് മധ്യത്തിൽ പ്രമുഖ മാധ്യമ പ്രവർത്തക സന്ധ്യ രവിശങ്കർ 'വയർ എഡിറ്റർ സിദ്ധാർഥ് വരദരാജനെ വിളിക്കുന്നതോടെയാണ് വലിയ ദൗത്യത്തിന് തുടക്കം. 'സ്വന്തമായി ഐഫോൺ ഉപയോഗിക്കുന്നുണ്ടോ?'- എന്നായിരുന്നു സന്ധ്യയുടെ ചോദ്യം. ഉണ്ടെന്നു പ്രതിവചിച്ചതും ഇനി നേരിട്ടു കാണാമെന്ന് പറഞ്ഞ് അവർ െചന്നൈയിൽനിന്ന് ഓൺലൈൻ മാധ്യമ ഓഫീസിലേക്ക് പറന്നു. സ്ഥാപക എഡിറ്റർ എം.കെ വേണു കൂടി വേണമെന്നും അവർ നിർബന്ധം പറഞ്ഞിരുന്നു.
ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒരു മുറിയിൽ വെച്ച് മൂവരും മറ്റൊരു മുറിയിൽ ഇരുന്നു. എന്നിട്ട്, വിഡിയോ ലിങ്ക് വഴി പാരിസിൽ സാൻഡ്റിൻ റിഗോഡ്, ഫിനീസ് റ്യൂകേർട്ട് എന്നിവരുമായി കണക്ട് ചെയ്തു. 'ഫോർബിഡൻ സ്റ്റോറീസ്' എന്ന മാധ്യമ സംഘടനയുടെ എഡിറ്റർമാരായിരുന്നു ഇരുവരും. അവരാണ് പറഞ്ഞത്, മൂവരുടെയും മൊബൈൽ ഫോണുകൾ പെഗസസ് എന്ന ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തപ്പെടുന്നുണ്ടെന്ന്.
സർക്കാർ നിലപാടുകൾക്കെതിരെ പലപ്പോഴും നിലയുറപ്പിക്കേണ്ടിവരുന്നതിനാൽ അത് സംഭവിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. മുൻകരുതലെന്ന നിലക്ക് സ്വകാര്യ ആശയവിനിമയം പലപ്പോഴും നടന്നത് വാട്സാപ്, ഫേസ്ബുക്ക്, സിഗ്നൽ പോലുള്ള സമൂഹ മാധ്യമങ്ങൾ വഴിയാക്കുകയും ചെയ്തിരുന്നു. എന്നിട്ടും സ്വന്തം മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നറിഞ്ഞേപ്പാൾ മൂവരും ഞെട്ടി. എന്നാലും ശരിയാകാൻ സാധ്യതയില്ലെന്ന് ആശ്വസിച്ചു.
ഇസ്രായേൽ ചാരക്കമ്പനി എൻ.എസ്.ഒ ഗ്രൂപ് നിർമിച്ച് വിൽപന നടത്തുന്നതാണ് പെഗസസ്. ഒരു മൊബൈൽ ഫോൺ പൂർണമായി സർക്കാർ ഏജൻസിയുടെ നിയന്ത്രണത്തിലാക്കി അതിന്‍റെ ഉള്ളടക്കവും പ്രവർത്തനവും നിയന്ത്രിക്കുന്നതാണ് ഈ ചാര സോഫ്റ്റ്വെയർ. ഇതിന്‍റെ മൈക്രോഫോൺ, കാമറ എന്നിവ വിദൂരത്തുനിന്ന് ആക്ടിവേറ്റ് ചെയ്ത് സംസാരം മാത്രമല്ല ആളെയും രേഖപ്പെടുത്തും. നിഗൂഢ കോഡുകളുള്ളതായാൽ പോലും അവ പിടിച്ചെടുക്കും.
ഫോണുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കാൻ തയാറുണ്ടോ എന്നായി ഫ്രഞ്ച് എഡിറ്റർമാർ. കാര്യമറിയാമെന്നതിനാൽ മൂവരും സമ്മതിച്ചു. പരിേശാധനയിൽ 2020 മാർച്ച് വരെ വരദരാജന്‍റെ ഫോണിൽ പെഗസസ് സാന്നിധ്യമുണ്ടായിരുന്നതായി തെളിഞ്ഞു. എം.കെ വേണുവിന്‍റെ ഫോണും ചോർത്തിയിരുന്നു. നിരവധി ഇന്ത്യക്കാരുടെ നമ്പറുകൾ ഇങ്ങനെ ചോർത്തപ്പെട്ടിട്ടുണ്ടെന്ന് സാൻഡ്റിൻ പറഞ്ഞു. വലിയ അന്വേഷണം ആവശ്യമായ ഈ ദൗത്യത്തിൽ പങ്കാളിയാകുന്നോ എന്നായി അടുത്ത ചോദ്യം. ഫ്രാൻസ്, ബ്രിട്ടൻ, യു.എസ് ഉൾപെടെ ലോകം മുഴുക്കെ 16 മാധ്യമ സ്ഥാപനങ്ങൾ പങ്കാളിയായ അന്വേഷണമായിരുന്നു അത്. ആംനെസ്റ്റി ഇന്‍റർനാഷനലും ഭാഗമായി.
ആദ്യ യോഗം ആദ്യം ഏപ്രിലിൽ തീരുമാനിെച്ചങ്കിലും നടന്നത് മേയിൽ. വയർ പ്രതിനിധിയായി അനുജ് ശ്രീവാസ് ആയിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്, പക്ഷേ, കോവിഡ് വില്ലനായപ്പോൾ പകരക്കാരനായത് കബീർ അഗർവാൾ. ലെ മോണ്ട്, ഗാർഡിയൻ, വാഷിങ്ടൺ േപാസ്റ്റ്, ഹാരെറ്റ്സ്, വയർ തുടങ്ങിയവയായിരുന്നു പ്രധാന പങ്കാളികൾ.
വലിയ വിവര ശേഖരം പതിയെ പരിശോധിച്ചുതുടങ്ങിയ സംഘം ഒടുവിൽ റിപ്പോർട്ട് ചെയ്യുന്നിടത്ത് കാര്യങ്ങളെത്തിയപ്പോൾ ഒരു നാൾ കൊണ്ട് തീരുന്നതല്ലെന്നും അതിനാൽ നിരവധി പേർ പങ്കാളികളാകണമെന്നും ഉറപ്പിച്ചു. ചോർത്തലിനിരയായ മറ്റൊരു മാധ്യമ പ്രവർത്തക ദേവീരൂപ മിത്ര, സുകന്യ ശാന്ത, സംഗീത ബറുവ, അജയ് ആശിർവാദ്, ജഹാംഗിർ അലി തുടങ്ങി വാഷിങ്ടൺ പോസ്റ്റ് ഇന്ത്യ മേധാവി ജൊവാന േസ്ലറ്റർ വരെ ഇതോടെ റിപ്പോർട്ടിങ്ങിന്‍റെ ഭാഗമായി.
ജൂലൈ 18ന് ആദ്യ റിപ്പോർട്ട് പുറത്തുവിടാനായിരുന്നു തീരുമാനം. അതിനിടെ, ഇന്ത്യയിൽ മാത്രം 300 ഓളം നമ്പറുകൾ ചോർത്തപ്പെട്ടെന്ന് മനസ്സിലായി. അതിൽ മൂന്നിലൊന്നേ അപ്പോഴും ഉറപ്പിച്ചുകഴിഞ്ഞുള്ളൂ. ഇപ്പോഴും ചില നമ്പറുകൾ ആളറിയാതെ കിടക്കുന്നു. സാങ്കേതിക സഹായവുമായി മുന്നിൽനിന്നത് ആംനെസ്റ്റി ഇൻറർനാഷനലായിരുന്നു. മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന അവർ നടത്തി. ആംനെസ്റ്റിക്ക് പുറമെ ടോറേന്റാ സർവകലാശാലക്കു കീഴിലെ സിറ്റിസൺ ലാബും ഫോറൻസിക് പരിശോധനയിൽ സഹകരിച്ചു.
ഒപ്പം, റിപ്പോർട്ടിങ്ങിന് തൊട്ടുമുമ്പ് വയർ പ്രതിനിധികൾ 40-50 പേരെ നേരിട്ടു കണ്ട് അവ ഫോറൻസിക് പരിശോധന നടത്താൻ അനുമതി ചോദിച്ചു. പരിേശാധിച്ച 21- 22ൽ ഏഴെണ്ണത്തിൽ പെഗസസ് സാന്നിധ്യം തിരിച്ചറിഞ്ഞു. അതിനിടെ, പെഗസസ് ഓപറേറ്റർ ഫയലുകൾ മായ്ച്ചുകളയാൻ ശ്രമിച്ചതും കണ്ടു. മാധ്യമ പ്രവർത്തകർ സുശാന്ത് സിങ്, പരഞ്ജോയ് ഗുഹ താകൂർത്ത, എസ്.എൻ.എം അബ്ദി എന്നിവർക്കു പുറമെ പ്രശാന്ത് കിഷോർ, കശ്മീരി രാഷ്ട്രീയ നേതാക്കളായ എസ്.എ.ആർ ഗീലാനി, ബിലാൽ ലോൺ തുടങ്ങിയവരും ചോർത്തപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞു. ഹിന്ദു മാധ്യമ പ്രവർത്തക വിജയ്ത സിങ്, സ്മിത ശർമ തുടങ്ങിയവരുടെ ഫോണും ചോർത്തപ്പെട്ടു. പ്രശാന്ത് കിഷോറിന്‍റെ ഫോൺ മുമ്പും ഇപ്പോഴും ചോർത്തപ്പെടുന്നതായി കണ്ടെത്തി. മമത ബാനർജിയുടെ ബന്ധു, അദ്ദേഹത്തിന്‍റെ സെക്രട്ടറി എന്നിവരും ചാരവൃത്തിക്കിരയായി.
മറ്റൊരിടത്ത്, ഫ്രാൻസിൽ പ്രസിഡന്‍റ് മാക്രോണായിരുന്നു പ്രതിസ്ഥാനത്ത്. മാക്രോണും അദ്ദേഹത്തിന്‍റെ 14 മന്ത്രിമാരുമായിരുന്നു ഇത് ഉപയോഗപ്പെടുത്തിയത്. ഇന്ത്യക്കും ഫ്രാൻസിനും പുറമെ മൊറോേക്കാ, മെക്സിക്കോ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങളിലാണ് വൻ ചാരവൃത്തി ഇസ്രായേൽ കമ്പനിയുടെ സഹായത്തോടെ ഭരണകൂടങ്ങൾ നടത്തിയത്.
റിപ്പോർട്ടിങ് നാളുകളെത്തിയപ്പോൾ ഏറ്റവും അവസാനമായി ഇസ്രായേലി കമ്പനി എൻ.എസ്.ഒയെ വിളിച്ചു. പ്രതികരണമാരാഞ്ഞു. കേന്ദ്ര സർക്കാരിനോടും ചോദിച്ചു. ഇരുവരും എല്ലാം നിഷേധിച്ചു. ശരിയല്ലെന്നു പറഞ്ഞു.
അതിനിടെ, തെളിവുകൾക്ക് ബലം നൽകി 2019ലെ വാട്സാപ് വെളിപ്പെടുത്തലും ശ്രദ്ധയിൽപെട്ടു. ചില ഫോൺ നമ്പറുകൾ പെഗസസ് ചോർത്തുന്നുവെന്ന് അന്ന് വാട്സാപ് മുന്നറിയിപ്പ് നൽകിയിരുന്നു.
അവസാനം ജൂലൈ 18ന് 'വയർ' മറ്റു മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടുതുടങ്ങി. ദേശീയ സുരക്ഷ ഒട്ടും വിഷയമല്ലാത്ത വിഷയങ്ങളിൽ പോലും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചാരപ്പണി കൊഴുക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തി. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളും വ്യവസായികളും മുതൽ മനുഷ്യാവകാശ പ്രവർത്തകർ വരെ ചോർത്തെപ്പട്ടു. ഒപ്പം നിൽക്കില്ലെന്ന് തോന്നിയ തെരഞ്ഞെടുപ്പ് കമീഷണറെയും ചീഫ് ജസ്റ്റീസിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെയും പെഗസസ് പിന്തുടർന്നു. സുപ്രീം കോടതി ജീവനക്കാരിയുമായി ബന്ധപ്പെട്ട് 10 നമ്പറുകളാണ് ചോർത്തിയത്. കേന്ദ്ര മന്ത്രി പ്രഫുൽ സിങ് പേട്ടലിന്റെ 18 നമ്പറുകളും ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ രണ്ടും
സി.ബി.ഐ മുൻ മേധാവി അലോക് വർമയുടെ എട്ടും നമ്പറുകളിലെ വിവരങ്ങൾ പെഗസസ് വഴി ബന്ധപ്പെട്ടവർ സ്വന്തമാക്കി.
ചോർന്ന വിവര ശേഖരം 2016 വരെ നീളുന്നുണ്ടെങ്കിലും ഈ സർക്കാർ 2017ലാണ് വീണ്ടും ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇസ്രായേൽ സന്ദർശനം കഴിഞ്ഞ് മടങ്ങിയതിൽ പിന്നെയായിരുന്നു അത്. അന്നാകണം, പെഗസസുമായി ഔദ്യോഗിക കരാറിലെത്തിയത്.
ഇതിലെ പ്രധാന വിഷയങ്ങളിലൊന്ന്, ഇന്‍റലിജൻസ് ബ്യൂറോ മാത്രമല്ല, 'റോ'യും പെഗസസ് ഉപയോഗിക്കുന്നുണ്ട്. ഹാക്കിങ് നിയമവിരുദ്ധമായതിനാൽ പെഗസസ് ഉപയോഗപ്പെടുത്തിയത് മോദി സർക്കാർ അംഗീകരിക്കില്ലെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.