ഏത് മാസ്ക്കാണ് നല്ലത്...? എങ്ങനെ ധരിക്കാം...? വിഡിയോയിലൂടെ വിശദീകരിച്ച് ഡോ. ശ്രീറാം നെനെ
text_fieldsരാജ്യത്ത് കോവിഡിെൻറ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയും ഒാക്സിജൻ ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യമാണ്. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നത് തുടരുന്നുണ്ടെങ്കിലും, ആളുകൾ കോവിഡിനെ പിടിച്ചുകെട്ടാൻ സ്വയം ചില മുൻ കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. കൈകൾ ഹാൻഡ്വാഷ് ഉപയോഗിച്ച് കഴുകലും സാനിറ്റൈസർ ഉപയോഗിക്കലും നമ്മുടെ വീടും പരിസരവും ജോലി ചെയ്യുന്ന ഇടവും വൃത്തിയായി സൂക്ഷിക്കലും അതിെൻറ ഭാഗമാണ്. എന്നാൽ, അതിനൊപ്പമോ, അതിനേക്കാൾ ഏറെയോ പ്രധാന്യം നൽകേണ്ടുന്ന ഒരു കാര്യം മാസ്ക് ധരിക്കലാണ്.
മാസ്ക് ചുമ്മാ ധരിച്ചത് കൊണ്ട് കാര്യമില്ല. അത് ഏറ്റവും ശരിയായ രീതിയിൽ തന്നെ ധരിക്കേണ്ടതുണ്ട്. മാസ്ക് എങ്ങനെ ഫലപ്രദമായ രീതിയിൽ ധരിക്കാം എന്ന് വ്യക്തമായി വിശദീകരിക്കുകയാണ് ഡോക്ടറും ബോളിവുഡ് താരം മാധുരി ദീക്ഷിതിെൻറ ഭർത്താവുമായ ശ്രീറാം നെനെ. ഇൻസ്റ്റഗ്രാം റീൽ വിഡിയോയിലാണ് കാർഡിയോത്തോറാസിക് സർജനും ഹെൽത്ത് കെയർ ഇന്നൊവേറ്ററുമായ ഡോ. ശ്രീറാം മാസ്ക് ധരിക്കൽ പരിശീലിപ്പിക്കുന്നത്.
തുണികൊണ്ടുള്ള മാസ്ക് ആണെങ്കിൽ ഒരേ സമയം രണ്ടെണ്ണം ഒന്നിന് മീതെ ഒന്നായി ധരിക്കാനും അല്ലെങ്കിൽ, ഒരു എൻ95 മാസ്ക് ധരിക്കാനുമാണ് അദ്ദേഹം നിർദേശിക്കുന്നത്. മാസ്ക് യാതൊരു കാരണവശാലും മൂക്കിന് താഴെയോ, വായ മാത്രം മറയുന്ന രീതിയിലോ ധരിക്കരുതെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്.
ഇപ്പോൾ ഇന്ത്യയിൽ വ്യാപിക്കുന്ന കോവിഡിെൻറ പുതിയ വകഭേദത്തിെൻറ അണുബാധയുടെ വേഗത ഏറെ ഉയർന്നതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ മുൻകരുതൽ നടപടികളുടെ കാര്യത്തിൽ ആളുകൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അണുബാധയിൽ നിന്ന് താരതമ്യേന മികച്ച സംരക്ഷണം ഉറപ്പാക്കുന്നതിനാൽ, ഇരട്ട ലെയറുകളുള്ള മാസ്ക്കുകൾ തന്നെ ഇപ്പോൾ ധരിക്കേണ്ടതുണ്ട്. യു.കെയിൽ കോവിഡിെൻറ പുതിയ വകഭേദം വ്യാപിച്ചപ്പോൾ അവിടെയുള്ള ആരോഗ്യ വിഭാഗവും നിർദേശിച്ചത് ഇരട്ട ലെയർ സംരക്ഷണമുള്ള മാസ്ക്കുകൾ ആയിരുന്നു. അല്ലെങ്കിൽ, ശരിയായ രീതിയിൽ വായും മൂക്കും മറയുന്നതും മികച്ച ഫിറ്റിങ്ങുമുള്ള ഒരു എൻ95 മാസ്ക് ആയാലും മതി. എങ്കിലും ഇരട്ട ലെയറുകളുള്ള മാസ്ക് തന്നെയാണ് ഏറ്റവും നല്ല സംരക്ഷണം നൽകുന്നതെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.