‘ഇന്ത്യ’ ബി.ജെ.പിക്ക് എങ്ങനെയൊക്കെ ഭീഷണിയാകും?
text_fieldsന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ 2024ൽ ബി.ജെ.പിക്ക് എങ്ങനെയൊക്കെ ഭീഷണിയാകും? ബംഗളൂരുവിൽ 26 പ്രതിപക്ഷ പാർട്ടികളുടെ നേതൃയോഗവും, ബദലായി 39 പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ച് ബി.ജെ.പി നടത്തിയ എൻ.ഡി.എ യോഗവും കഴിഞ്ഞതോടെ ദേശീയ രാഷ്ട്രീയത്തിൽ സജീവ ചർച്ച; കണക്കു കൂട്ടലുകൾ.
26 കക്ഷികൾ ഐക്യദാഹത്തോടെ ഇനിയുള്ള ഒരു വർഷം ഉറച്ചനിലപാടുമായി മുന്നോട്ടുപോയാൽ ബി.ജെ.പി വിയർക്കും. ബി.ജെ.പിക്കെതിരെ പൊതുസ്ഥാനാർഥി മണ്ഡലം തോറും ഉണ്ടായില്ലെങ്കിൽക്കൂടി ബി.ജെ.പിക്ക് മൂക്കുകയറിടാൻ ‘ഇന്ത്യ’ മുന്നണിക്ക് കെൽപുണ്ടെന്നാണ് വിലയിരുത്തലുകൾ. ‘ഇന്ത്യ’യിലെ പാർട്ടികൾക്കെല്ലാമായി 35.3 ശതമാനം വോട്ടും 144 സീറ്റുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയത്. എൻ.ഡി.എക്ക് 331 സീറ്റ് കിട്ടിയെങ്കിലും വോട്ടു ശതമാനം 39.8 ശതമാനം മാത്രം.
സീറ്റു ധാരണയിൽ ഒത്തുപോകാൻ പ്രയാസമുള്ള അഞ്ചു പാർട്ടികളെങ്കിലും ‘ഇന്ത്യ’യിലുണ്ട്. കോൺഗ്രസ്-ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്-സി.പി.എം, സമാജ്വാദി പാർട്ടി-കോൺഗ്രസ് ബന്ധങ്ങൾ പ്രായോഗികതലത്തിൽ വിഷമകരമാണ്. എന്നാൽ, ദേശീയതലത്തിൽ രൂപപ്പെട്ട സൗഹൃദം പ്രയോജനപ്പെടുത്തി, ഇവരെ പരസ്പരം അനുനയിപ്പിക്കാൻ മറ്റു പാർട്ടികളുടെ നേതാക്കൾക്ക് സാധിക്കും.
മമത ബാനർജിയുടെ നിലപാടുകൾ മയപ്പെടുത്താൻ ശരദ്പവാർ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർക്ക് ഇടപെടാനാവും. സി.പി.എമ്മിനെ സ്വാധീനിക്കാൻ ഡി.എം.കെക്കും എൻ.സി.പിക്കും മറ്റും കഴിയും. മഹാരാഷ്ട്രയിൽ ശിവസേന, എൻ.സി.പി, കോൺഗ്രസ് ബന്ധം തുടർന്നു പോകേണ്ടത് മൂന്നു കൂട്ടർക്കും ആവശ്യമാണ്. കോൺഗ്രസിനോട് താൽപര്യമില്ലാത്ത സമാജ്വാദി പാർട്ടിയെ മയപ്പെടുത്താൻ ബിഹാറിലെ ആർ.ജെ.ഡിക്ക് സാധിക്കും.
പഞ്ചാബ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ആപ്പും കോൺഗ്രസും ഒത്തുപോവില്ല. അതേസമയം, പഞ്ചാബിൽ ബി.ജെ.പിക്ക് സ്വാധീനമില്ല. ഡൽഹിയിൽ മുതിർന്ന നേതാക്കളുടെ ഇടപെടൽ വഴി കോൺഗ്രസ്-ആപ് അനുനയം സാധ്യമായെന്നുവരാം. ഇത്തരത്തിൽ വേറെയും അനുനയ സാധ്യതകൾ തെളിഞ്ഞുവരാം. ഹിന്ദി ഹൃദയഭൂമിയായി അറിയപ്പെടുന്ന മേഖലയിൽ ബി.ജെ.പി നേരിടാൻ പോകുന്ന ഭീഷണി വ്യക്തമാണ്. യു.പിയിലെ 80ൽ 73 സീറ്റും കൈവശമുള്ള ബി.ജെ.പിക്ക് ഇനിയങ്ങോട്ട് സീറ്റ് വർധിപ്പിക്കാനാവില്ല. ബി.എസ്.പിയുടെ സ്ഥാനാർഥികൾ ബി.ജെ.പിക്ക് ഗുണകരമാവുന്ന സാഹചര്യം ആവർത്തിക്കപ്പെട്ടാൽക്കൂടി, സമാജ്വാദി പാർട്ടിയുടെ പ്രകടനം ഇത്തവണ മെച്ചപ്പെടാനാണ് സാധ്യത.
പ്രതിപക്ഷം കരുത്തുകാട്ടുമെന്ന് ഉറപ്പിക്കാവുന്ന ബിഹാറിലും ഹരിയാനയിലും മറ്റും ബി.ജെ.പിയെ കാത്തിരിക്കുന്നത് സീറ്റു ചോർച്ചയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസിലുണ്ടായ ഒത്തുതീർപ്പുകളും ബി.ജെ.പിക്ക് തലവേദനയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 150ഓളം സീറ്റുകളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
രണ്ടാം സ്ഥാനത്തെത്തിയ വിവിധ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് കഴിയുന്നത്ര മണ്ഡലങ്ങളിൽ ‘ഇന്ത്യ’ പൊതുപിന്തുണ നൽകിയാൽ തെരഞ്ഞെടുപ്പു ചിത്രം മാറും. അത്രത്തോളം വിശാലത ഉണ്ടാകാൻ തക്ക പൊരുത്തം ഇനിയുമായിട്ടില്ല. കരുത്തരായ പ്രാദേശിക പാർട്ടികൾ സ്വന്തം സീറ്റെണ്ണം വർധിപ്പിക്കുന്നതിൽ കേന്ദ്രീകരിച്ചെന്നും വരാം. എങ്കിൽ കൂടി, ബി.ജെ.പിയിലേക്ക് കൂടുതൽ പാർട്ടികൾ ചെന്നെത്താനുള്ള പ്രേരണ തടസ്സപ്പെടുത്തുന്നതാണ് ഇതിനകം രൂപപ്പെട്ട സഖ്യം.
അതേസമയം, ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളയുന്നതായി വന്നാൽ മോദിയുടെ രക്ഷക്ക് ഹിന്ദുത്വ വോട്ടുകളുടെ കേന്ദ്രീകരണം ശക്തമാവും. എന്നാൽ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഭരണവിരുദ്ധ വികാരവും പ്രതിപക്ഷ ഐക്യവും മോദി-ബി.ജെ.പി വിരുദ്ധവോട്ടുകളെ സ്വാധീനിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.