ഹുബ്ബള്ളിയിൽ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവർ ശിക്ഷിക്കപ്പെടണമെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: ഹുബ്ബള്ളിയിൽ പൊലീസ് സ്റ്റേഷന്‍ അക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട മുഴുവന്‍ പ്രതികളെയും ശിക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. എന്നാൽ കേസുമായി ബന്ധപ്പെട്ട് നിരപരാധികളെ അറസ്റ്റ് ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടകയിലെ ഹാസനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.
"ഹുബ്ബള്ളി അക്രമത്തെക്കുറിച്ച് എനിക്ക് കൃത്യമായ വിവരങ്ങളൊന്നും അറിയില്ല. പക്ഷേ കോൺഗ്രസ് ഏതെങ്കിലും മതത്തിനോ വിഭാഗത്തിനോ അനുകൂലമോ എതിരോ അല്ല. എല്ലാ സമുദായങ്ങളിലും മതങ്ങളിലുമുള്ള ജനങ്ങളെ ഞങ്ങൾ തുല്യതയോടെയാണ് കാണുന്നത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം." -സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞ ദിവസം വടക്കൻ കർണാടകയിലെ ഹുബ്ബള്ളിയിൽ പൊലീസ് സ്റ്റേഷനുനേരെ ഒരു വിഭാഗം നടത്തിയ ആക്രമണത്തിൽ സ്റ്റേഷൻ ഇൻസ്പെക്ടർ അടക്കം 12 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റിനെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിക്കുകയായിരുന്നു.
മക്കയിലെ മസ്ജിദിന്‍റെ ചിത്രത്തിൽ കാവിക്കൊടി ഉയർത്തിയ നിലയിൽ ഒരു യുവാവിന്‍റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതാണ് സംഘർഷത്തിനിടയാക്കിയത്. യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ ഹുബ്ബള്ളി ഓൾഡ് സിറ്റി പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടുകയായിരുന്നു.
തുടർന്ന് സ്റ്റേഷനു നേരെ കല്ലേറുണ്ടായി. സംഭവത്തിൽ ഇതുവരെ ആറു കേസുകൾ രജിസ്റ്റർ ചെയ്തതായും 40ലേറെ പേരെ അറസ്റ്റ് ചെയ്തതായും ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമീഷണർ ലബു റാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.