ഹുബ്ബള്ളി അക്രമം: 40ലേറെ പേർ അറസ്റ്റിൽ, നഗരത്തിൽ നിരോധനാജ്ഞ
text_fieldsബംഗളൂരു: വടക്കൻ കർണാടകയിലെ ഹുബ്ബള്ളിയിൽ പൊലീസ് സ്റ്റേഷനുനേരെ ഒരു വിഭാഗം നടത്തിയ ആക്രമണത്തിൽ സ്റ്റേഷൻ ഇൻസ്പെക്ടർ അടക്കം 12 പൊലീസുകാർക്ക് പരിക്കേറ്റു. സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റിനെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. ആക്രമണത്തിൽ പൊലീസ് സ്റ്റേഷനിലെ ഏതാനും വാഹനങ്ങളും വസ്തുവകകളും നശിപ്പിക്കപ്പെട്ടു. സംഭവത്തിൽ ഇതുവരെ ആറു കേസുകൾ രജിസ്റ്റർ ചെയ്തതായും 40ലേറെ പേരെ അറസ്റ്റ് ചെയ്തതായും ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമീഷണർ ലബു റാം അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മക്കയിലെ മസ്ജിദിന്‍റെ ചിത്രത്തിൽ കാവിക്കൊടി ഉയർത്തിയ നിലയിൽ ഒരു യുവാവ് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതാണ് സംഘർഷത്തിനിടയാക്കിയത്. യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ ഹുബ്ബള്ളി ഓൾഡ് സിറ്റി പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടുകയായിരുന്നു. തുടർന്ന് സ്റ്റേഷനു നേരെ കല്ലേറുണ്ടായി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഫലമില്ലാതായപ്പോൾ കണ്ണീർവാതകപ്രയോഗം നടത്തുകയും ചെയ്തു. ഹുബ്ബള്ളി നഗരത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഏപ്രിൽ 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ട അഭിഷേക് ഹിരേമത് എന്ന യുവാവ് അറസ്റ്റിലായതായി കമീഷണർ അറിയിച്ചു.
ഹുബ്ബള്ളിയിൽ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. സംഭവത്തിനു പിന്നിലെ സംഘടനകൾ ഏതായാലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.ജി ഹള്ളി-ഡി.ജെ ഹള്ളി മേഖലയിൽ നടന്ന ആക്രമണവും ഹുബ്ബള്ളി സംഭവവും തമ്മിൽ സമാനതകളുണ്ടെന്നും ഇത് ആസൂത്രിതമാണെന്ന് സംശയിക്കുന്നതായും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. 2021 ആഗസ്റ്റിൽ നവീൻ എന്ന യുവാവ് പ്രവാചകൻ മുഹമ്മദിനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരെ ബംഗളൂരുവിലെ കെ.ജി ഹള്ളി, ഡി.ജെ ഹള്ളി പൊലീസ് സ്റ്റേഷനുകൾക്കു മുന്നിൽ ഒരു സംഘം ആളുകൾ നടത്തിയ പ്രതിഷേധം കല്ലേറിലും തീവെപ്പിലും കലാശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.