ഉത്തരാഖണ്ഡിൽ 19കാരിയുടെ കൊല; പ്രതിഷേധം തണുപ്പിക്കാൻ പ്രതിയുടെ പിതാവിനെയും സഹോദരനെയും പുറത്താക്കി ബി.ജെ.പി
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വൻ പ്രതിഷേധമുയർന്ന, 19കാരി റിസോർട്ട് റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തിൽ പ്രമുഖ ബി.ജെ.പി നേതാവിന്റെ മകൻ അറസ്റ്റിലായതിനു പിന്നാലെ പ്രതിയുടെ പിതാവിനെയും സഹോദരനെയും പാർട്ടിയിൽനിന്ന് പുറത്താക്കി. അറസ്റ്റിലായ ഋഷികേശിലെ റിസോർട്ട് ഉടമ പുൾകിത് ആര്യയുടെ പിതാവും പാർട്ടി നേതാവുമായ വിനോദ് ആര്യ, ഇയാളുടെ മറ്റൊരു മകനും സംസ്ഥാന ഒ.ബി.സി കമീഷൻ വൈസ് പ്രസിഡന്റുമായ അങ്കിത് ആര്യ എന്നിവരെയാണ് ബി.ജെ.പി പുറത്താക്കിയത്. ഇവരെ ഔദ്യോഗിക പദവികളിൽനിന്ന് നീക്കിയതായി സർക്കാറും വ്യക്തമാക്കി. വിനോദ് ആര്യ സംസ്ഥാന മന്ത്രിയുടെ റാങ്കിൽ ഉത്തരാഖണ്ഡിൽ ഒരു ബോർഡിന്റെ ചെയർമാൻ പദവി വഹിച്ചിരുന്നു. പുൾകിത് ആര്യയുടെ ഉടമസ്ഥതയിൽ ഋഷികേശിലുള്ള റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന യുവതിയെ കാണാതായതിനു പിന്നാലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് യുവതിയുടെ നാട്ടുകാർ കഴിഞ്ഞ ദിവസം പുൾകിതിന്റെ റിസോർട്ടിന് തീയിട്ടിരുന്നു.
പ്രമുഖ ബി.ജെ.പി കുടുംബാംഗത്തിനെതിരെ സംസ്ഥാനത്ത് വൻ പ്രതിഷേധമുയർന്നതോടെ മുഖം രക്ഷിക്കാൻ പ്രശ്നത്തിൽ ഇടപെട്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നിർദേശപ്രകാരം റവന്യൂ അധികൃതർ റിസോർട്ട് പൊളിക്കുന്നതിനിടെയാണ് ജനക്കൂട്ടം തീയിട്ടത്. ഇതിനു പുറമെ, സ്ഥലം എം.എൽ.എയും ബി.ജെ.പി നേതാവുമായ രേണു ബിഷ്ടിന്റെ കാർ ജനക്കൂട്ടം തകർത്തു.
പൗരി ജില്ലയിൽ ഋഷികേശിനടുത്തുള്ള പുൾകിതിന്റെ റിസോർട്ടിലെ ജീവനക്കാരിയെ ഇക്കഴിഞ്ഞ 18നാണ് കാണാതായത്. പിന്നീട് 22ന് ഇവരുടെ മൃതദേഹം കനാലിൽനിന്ന് കണ്ടെടുത്തു. പുൾകിതും മറ്റു രണ്ടു ജീവനക്കാരും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർ അറസ്റ്റിലായി.
ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉന്നത നേതാവിന്റെ മകനായതിനാൽ പൊലീസ് ആദ്യം കേസെടുക്കാൻ മടിച്ചിരുന്നുവെന്ന് ആരോപിച്ച കുടുംബം, വ്യഭിചാരത്തിന് വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് ആരോപണമുന്നയിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.