മോദിപ്രഭാവം മങ്ങി; യു.പിയിൽ എൻ.ഡി.എക്ക് വൻ തിരിച്ചടി, നേട്ടമുണ്ടാക്കി ഇൻഡ്യ മുന്നണി
text_fieldsലഖ്നോ: 2019ൽ ഉത്തർപ്രദേശിലെ 80ൽ 64 സീറ്റുകളും സ്വന്തമാക്കിയ എൻ.ഡി.എക്ക് ഇത്തവണ സംസ്ഥാനത്ത് വൻ തിരിച്ചടി. ബി.ജെ.പി ഉയർത്തിക്കാണിച്ച, രാമക്ഷേത്രം ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളും മോദി ഗാരന്റിയും ഇത്തവണ യു.പിയിൽ പരാജയപ്പെട്ടു. മോദിപ്രഭാവം മങ്ങിയ സംസ്ഥാനത്ത്, രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രയും പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു ചേർന്ന ഇൻഡ്യ മുന്നണിയും നേട്ടമുണ്ടാക്കുന്ന കാഴ്ചക്കാണ് ഇത്തവണ ഉത്തർപ്രദേശ് സാക്ഷ്യം വഹിക്കുന്നത്.
റായ്ബറേലിയിൽ സോണിയ ഗാന്ധിക്ക് പകരം മത്സരിക്കുന്ന രാഹുൽ ഗാന്ധി ഏതാണ്ട് വിജയം ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ പരാജയപ്പെട്ട അമേത്തിയിൽ ബി.ജെ.പിയുടെ സ്മൃതി ഇറാനി പിന്നിലാണ്. കോൺഗ്രസിന്‍റെ കിഷോരി ലാൽ ശർമയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി മോദി ഒരുഘട്ടത്തിൽ 6000 വോട്ടുകൾക്ക് പിന്നിലായി. കോൺഗ്രസിന്‍റെ അജയ് റായിയാണ് മോദിക്കെതിരെ മത്സരിക്കുന്നത്.
അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാർഥി പിന്നിലാണ്. തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനത്ത് യുവാക്കളുടെ വോട്ട് ബി.ജെ.പിക്ക് ഗണ്യമായി കുറഞ്ഞതായാണ് സൂചന. സർക്കാരിന്‍റെ കർഷകവിരുദ്ധ നയങ്ങളും ഭരണവിരുദ്ധ വികാരം സൃഷ്ടിച്ചു. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി ഒരുമിച്ചു മത്സരിക്കാനുള്ള സമാജ്‌വാദി, കോൺഗ്രസ് പാർട്ടികളുടെ തീരുമാനവും ഉത്തർപ്രദേശിലെ വിധിയെഴുത്തിൽ നിർണായകമായി.
ഏറ്റവും ഒടുവിലെ വിവരങ്ങൾ പ്രകാരം 37 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 62 സീറ്റുകൾ നേടിയ സ്ഥാനത്താണിത്. സമാജ്‌വാദി പാർട്ടി 33 സീറ്റിലും കോൺഗ്രസ് ഏഴ് സീറ്റിലും മുന്നിലാണ്. രാഷ്ട്രീയ ലോക് ദൾ രണ്ടിടത്തും ആസാദ് സമാജ് പാർട്ടി ഒരിടത്തും ലീഡ് ചെയ്യുന്നു. 2019ൽ ബി.എസ്.പിക്ക് പത്തും സമാജ്‌വാദി പാർട്ടിക്ക് അഞ്ചും അപ്‌നാ ദളിന് ഒരു സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസ് അത്തവണ ഒരു സീറ്റിലേക്ക് ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.