‘ഡൽഹിയിൽ ഹഗ്ഗിങ്, കേരളത്തിൽ ബെഗ്ഗിങ്, കർണാടകയിൽ തഗ്ഗിങ്’; കോൺഗ്രസിനും രാഹുലിനുമെതിരെ പരിഹാസവുമായി സ്മൃതി ഇറാനി
text_fieldsബംഗളൂരു: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ പരിഹാസവുമായി ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. ‘ഇൻഡ്യ’ സഖ്യകക്ഷിയായ സി.പി.ഐയോട് കേരളത്തിലും ഡൽഹിയിലും കോൺഗ്രസ് പുലർത്തുന്ന വ്യത്യസ്ത സമീപനത്തെയാണ് സ്മൃതി പരിഹസിച്ചത്. വയനാട് ലോക്സഭ മണ്ഡലത്തിൽ സി.പി.ഐ നേതാവ് ആനി രാജക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ സൂചിപ്പിച്ചായിരുന്നു പരാമർശം.
‘വയനാട്ടിൽ പോരടിക്കുന്ന അവസ്ഥയാണ് പ്രതിപക്ഷത്ത്. എന്തുകൊണ്ട് രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ പോയി മത്സരിക്കുന്നില്ലെന്നാണ് ഇടതു പാർട്ടികൾ ചോദിക്കുന്നത്. എന്നാൽ, അതേ ഇടതുപക്ഷം ഇൻഡ്യ സഖ്യകക്ഷി യോഗത്തിനായി ഡൽഹിയിൽ പോകുമ്പോൾ രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കുന്നു. ഡൽഹിയിൽ ഹഗ്ഗിങ് (കെട്ടിപ്പിടിത്തം), കേരളത്തിൽ ബെഗ്ഗിങ് (യാചന) എന്നാണ് കഴിഞ്ഞ ദിവസം ഞാൻ കേരളത്തിൽ ഇതിനെ കുറിച്ച് പറഞ്ഞത്. കർണാടകയിൽ ഇത് തഗ്ഗിങ് (കൊള്ള) ആണ്’ -സ്മൃതി ഇറാനി ബംഗളൂരുവിൽ ബിസിനസുകാരുമായുള്ള സംഭാഷണത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി സ്ഥിരമായി ജയിച്ചുവന്ന ഉത്തർപ്രദേശിലെ അമേത്തി മണ്ഡലത്തിൽ കഴിഞ്ഞ തവണ അദ്ദേഹത്തെ തോൽപിച്ചാണ് സ്മൃതി ഇറാനി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ അമേത്തിയിലെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ ഇവിടെ കൂടി മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.