ബി.ജെ.പി സർക്കാറുകളുടെ ‘വീടുപൊളിക്കൽ’ നയത്തിനെതിരെ മനുഷ്യാവകാശ സംഘടന റിപ്പോർട്ട്
text_fieldsന്യൂഡൽഹി: മുസ്ലിം ജനവിഭാഗത്തിന്റെയും പാവപ്പെട്ടവരുടെയും വീടുകൾ തകർക്കുന്ന സംസ്ഥാന സർക്കാറുകളുടെ നീക്കം ഇന്ത്യയിൽ നിത്യസംഭവമായി മാറിയതായി ന്യൂയോർക് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ മനുഷ്യാവകാശ സംഘടന ‘ഹ്യൂമൻ റൈറ്റ്സ് വാച്ച്’.
നിയമവ്യവസ്ഥകൾക്കപ്പുറത്ത് പ്രതികാര നടപടിയുടെ ഭാഗമായ ശിക്ഷയെന്ന നിലയിലാണ് ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാറുകൾ നടത്തുന്നത്. 2022ൽ ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ വർധിച്ചതായും സംഘടനയുടെ 2022ലെ വാർഷിക റിപ്പോർട്ട് വിലയിരുത്തുന്നു. ഇത്തരം പ്രതികാര നടപടികൾക്കെതിരെ മനുഷ്യാവകാശ സംഘടനകൾ നിരന്തരം വിമർശനം ഉയർത്തിയെങ്കിലും ക്രമസമാധാന പ്രശ്നമായി സർക്കാർ കരുതുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്നവരെ ഫലപ്രദമായി തടയാനുള്ള നീക്കമെന്നനിലയിൽ ന്യായീകരിക്കപ്പെടുകയാണ്. വീടുകൾ പൊളിക്കുന്ന നടപടി സമാധാനത്തിന്റെ അടയാളമാണെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ വിശേഷിപ്പിച്ചതെന്നും റിപ്പോർട്ട് പറയുന്നു. ബി.ജെ.പി സർക്കാറിന്റെ നേതൃത്വത്തിലാണ് മുസ്ലിംകൾക്കെതിരെ കടുത്ത മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് 712 പേജുള്ള റിപ്പോർട്ടിൽ ആരോപിച്ചു.
കഴിഞ്ഞ ഏപ്രിലിൽ മധ്യപ്രദേശ്, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ മുസ്ലിംകളുടെ നിരവധി വീടുകളാണ് തകർക്കപ്പെട്ടത്. പ്രതിഷേധത്തിനിടെ കല്ലെറിഞ്ഞവരിൽ ഉൾപ്പെട്ടവർ ആരായാലും അവരെ മുച്ചൂടും നശിപ്പിക്കുമെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പരസ്യമായി ഭീഷണിപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.