മനുഷ്യക്കടത്ത്: രാജ്യവ്യാപക റെയ്ഡിൽ 44 പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: മനുഷ്യക്കടത്ത് നടത്തുന്നവരെ പിടികൂടാൻ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 44 പേരെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട്, തെലങ്കാന, ഹരിയാന, രാജസ്ഥാൻ, ജമ്മു-കശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ 55 ഇടങ്ങളിലായിരുന്നു റെയ്ഡ്. ബി.എസ്.എഫിന്റെയും സംസ്ഥാന പൊലീസിന്റെയും സഹകരണത്തോടെയായിരുന്നു തിരച്ചിൽ.
21 പേരെ ത്രിപുരയിൽനിന്നും പത്തുപേരെ കർണാടകയിൽനിന്നും പിടികൂടി. അഞ്ചു പേരെ അസമിൽ നിന്നും മൂന്നു പേരെ ബംഗാളിൽനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ജമ്മുവിൽ മ്യാൻമർ കുടിയേറ്റക്കാർ താമസിക്കുന്ന ചേരികളിലാണ് റെയ്ഡുകൾ നടത്തിയത്. ഇവിടെ മ്യാൻമർ സ്വദേശിയായ സഫർ ആലം പിടിയിലായി.
ബുധനാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങളും ആധാർ, പാൻ കാർഡുകൾ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളും 20 ലക്ഷത്തിലധികം രൂപയും കണ്ടെടുത്തു. 4,550 ഡോളർ കറൻസിയും പിടിച്ചു. തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്നാണ് സംശയം.
ഗുവാഹതി, ചെന്നൈ, ബംഗളൂരു, ജയ്പുർ എന്നിവിടങ്ങളിൽ നാല് മനുഷ്യക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ഒരേസമയം റെയ്ഡ് നടത്തിയത്. സെപ്റ്റംബർ ഒമ്പതിന് അസം പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് റോഹിങ്ക്യൻ വംശജർ ഉൾപ്പെടെ ബംഗ്ലാദേശ് അതിർത്തിയിലെ അനധികൃത കുടിയേറ്റക്കാരുടെ മനുഷ്യക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു. ശൃംഖലയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി എൻ.ഐ.എ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.